സമൂഹമാധ്യമങ്ങളിൽ ഷാർജ പുസ്തകമേളയുടെ തുടികൊട്ട് നേർത്ത താളമിട്ടു തുടങ്ങിയപ്പോഴേ മനസിലേക്കു കയറിയ പേരാണ് പ്രിയസുഹൃത്ത് നിഷ രത്നമ്മ എഡിറ്റ് ചെയ്ത “ഹാപ്പിലി ഡിവോഴ്‌സ്ഡ്- വിവാഹമോചിതരുടെ ആമോദഭേരികൾ”. ഈ പുസ്തകം ഉള്ളിലുണ്ടാക്കിയ സന്തോഷം ചെറുതല്ല. അത് ഒരു വിവാഹമോചനം ഉണ്ടാവുന്നതിലുള്ള സന്തോഷമോ, വിവാഹമോചനത്തെ കണ്ണടച്ചു പ്രോത്സാഹിപ്പിക്കുന്ന മാനസികാവസ്ഥയോ അല്ല. വലിയൊരു തമോഗർത്തത്തിനു നടുവിൽ തെളിച്ചു വച്ചൊരു വിളക്കാണിത്. കുടുംബത്തിന്റെ നീതിരാഹിത്യങ്ങളെ ഒരു സ്ത്രീയ്ക്ക് മുറിച്ചു കടക്കുന്നതിലേക്ക് കരുത്തു പകരുന്ന പുതിയൊരു ചുവടുവയ്പാണ്. പരസ്പരമുള്ള സഹനത്തിൽ നിന്നും സ്വാതന്ത്ര്യത്തിലേക്ക് ചിറകു വിരുത്തിയുള്ള ഏകാന്തസഞ്ചാരം. ഈ പുതിയ കാലഘട്ടത്തിലും വിവാഹമോചിതർ സമൂഹത്തിൽ രണ്ടാംതരക്കാരാവുന്ന കാഴ്ചകളാണ് നമുക്കു ചുറ്റും. അത് സ്ത്രീകളാവുമ്പോൾ പറയാനുമില്ല. സഹനത്തിന്റെ നെല്ലിപ്പലകയും കണ്ട് അവൾ വിവാഹം/കുടുംബം എന്ന സ്ഥാപനത്തിൽ നിന്ന് ഇറങ്ങിപ്പോരാൻ തയ്യാറാകുന്ന നിമിഷം അവൾ തന്റേടിയും അഹങ്കാരിയും ആകുന്നു. സമൂഹത്തിലെ വിശിഷ്ടവേദികളിലൊക്കെ ഭ്രഷ്ടു കല്പിക്കപ്പെടുന്നവളാകുന്നു. തുടർന്ന് “വിവാഹമോചിത” ഒറ്റപ്പെടലിന്റെ പകപ്പിൽ, ഇനിയെന്ത് എന്ന ചോദ്യക്കൊളുത്തിൽ കുരുങ്ങി നിന്നു പോവുകയാണ്. ഈയവസ്ഥകളെയൊക്കെ ഭയന്നാണ് ജീവിതത്തിന്റെ മുൾക്കുരുക്കുകളിൽ പെട്ടു മുറിഞ്ഞു നീറുമ്പോഴും ജഡതുല്യയാകുമ്പോഴും അവൾ അങ്ങേയറ്റം സഹിച്ചു പോരുന്നത്. അവളെ ഏറ്റവും കൂടുതൽ ആശങ്കയിലാക്കുന്ന മറ്റൊരു ഘടകമായി അവളിലെ മാതൃത്വവും മുൻപിൽ നിൽക്കുന്നു.
ഇങ്ങനെ ഒളിഞ്ഞും തെളിഞ്ഞും ഒരു സ്ത്രീവിരുദ്ധസമൂഹം നിലനിൽക്കുന്ന വ്യവസ്ഥിതിയിലാണ് ഈ പുസ്തകത്തിന്റെ പ്രസക്തി ഏറുന്നത്. 13 സ്ത്രീകൾ (സിന്ധു വാഗബോണ്ട്, സബിത സാവരിയ, ലാലി പി എം, രേഖ ആർ നായർ, സിൻസി അനിൽ, നിഷ രത്നമ്മ, സുനിത കല്യാണി, ദിവ്യ രാമകൃഷ്ണൻ, Dr അപർണ്ണ സൗപർണിക, സുഹറ പാലേങ്ങര, രഹന ഫാത്തിമ, സംഗീത ഭാസ്ക്കർ, ലീന തോമസ് കാപ്പൻ) അവരുടെ വൈവാഹികജീവിതം എന്ന പരീക്ഷണഘട്ടത്തെക്കുറിച്ച് തുറന്നു പറയുകയാണിവിടെ. ഓരോ സ്ത്രീകളും അവരനുഭവിച്ച വേദനകളെ, ഉള്ളുരുക്കങ്ങളെ ഉയിർത്തെഴുന്നേൽപ്പിന്റെ ആശ്വാസതീരങ്ങളിലിരുന്ന് ധൈര്യപൂർവ്വം പങ്കിടുമ്പോൾ ഏതൊരു മനുഷ്യന്റെയും ഉള്ളു പൊള്ളും. ചിലർ ഊർജ്ജമുൾക്കൊള്ളും. ഈ പുസ്തകത്തിലെ ഓരോ എഴുത്തും ഓർമ്മിപ്പിക്കുന്നതിത്രമാത്രം-മനുഷ്യൻ ഒരു വിവാഹത്തിന്റെ ചുറ്റുപാടുകളിൽ മാത്രം ഒതുങ്ങിക്കൂടേണ്ടവരല്ല. അവരുടെ ഉയിർപ്പിടങ്ങളെ സ്വയം തിരിച്ചറിഞ്ഞ്, അതിനെ പോഷിപ്പിച്ച് ജീവിതം അർഥപൂർണമാക്കേണ്ടവരാണ്. വിവാഹമെന്ന ഉടമ്പടി അതിന് വളമാകുമെങ്കിൽ കൂടുതൽ ഹൃദ്യം എന്നുമാത്രം. അത് സംഭവിക്കാത്ത ജീവിതങ്ങളുടെ ബാഹുല്യമാണ് ഈ കഥകളുടെ അടിസ്ഥാനം. അറിഞ്ഞ കഥകളൊക്കെ തന്നെ എത്രയോ ചുരുക്കം. ഈ പുസ്തകത്തിന്റെ അവതാരികയിൽ ആർ രാജശ്രീ എഴുതിയിട്ടുണ്ട്. “കടുത്ത വെയിലാണ്, ഏറെ നേരമായി വെയിലിലാണ്. ശരീരവും മനസും പൊള്ളുന്നു എന്നു തിരിച്ചറിഞ്ഞ് തണലിലേക്ക് മാറിനിൽക്കാൻ തീരുമാനിക്കുന്ന നിമിഷം ഏറ്റവും നിർണ്ണായകമാണ്.” ഒരു സ്ത്രീയ്ക്ക് ആ തണൽതേടൽ അത്ര എളുപ്പമല്ല എന്നിരിക്കിലും അതിലേക്കുള്ള ആദ്യചുവടുവയ്പ് ഏറെ പ്രധാനമാണ്. അങ്ങനെ ശൂന്യതയിൽ നിന്നും തനിക്കുള്ള നക്ഷത്രപ്പൊട്ടുകൾ പരതിയെടുത്ത് ജീവിതത്തിലേക്ക് സൂര്യവെളിച്ചം തെളിച്ച അദ്ധ്വാനമാണ് ഇതിലെ ഓരോ നേരെഴുത്തും കാട്ടിത്തരുന്നത്.
ഇന്നും ദുരിതപർവ്വങ്ങൾക്കു നടുവിലിരുന്നു വിങ്ങുമ്പോഴും അതിജീവനത്തിന്റെ ചെറുവേരുകൾ എത്തിപ്പിടിക്കാൻ മടിച്ചു നിൽക്കുന്ന പെൺകുട്ടികളുണ്ട്. അവർക്കുള്ള തിരിവെട്ടം കൂടിയാണീ പുസ്തകം. ജീവിതം ഒന്നേയുള്ളൂ. അത് യാതൊരുവിധത്തിലുമുള്ള നീതികേടിലും ടോക്‌സിസിറ്റിയിലും ചതഞ്ഞുതീരേണ്ടതല്ലെന്നും ഓർമ്മിപ്പിക്കുന്നതിനൊപ്പം, ഒരു പെണ്ണിന്റെ ദുർഘടം പിടിച്ച അതിജീവനവഴിയെയും കൂടി കാട്ടിത്തരുന്നു. ഒപ്പം അവളുടെ ലക്ഷ്യബോധവും അക്ഷീണപ്രയത്നങ്ങളും സുനിശ്ചിത വിജയം കണ്ടെത്തുക തന്നെ ചെയ്യും എന്ന സത്യത്തെയും ഇതിലെ അനുഭവങ്ങൾ അടിവരയിടുന്നു. സ്വന്തം കഴിവുകളിൽ വിശ്വസിച്ച്, സ്വാശ്രയബോധത്തോടെ, സ്വാഭിമാനത്തോടെ ഉയർന്നു ജീവിക്കുക എന്ന പാഠം മുന്നോട്ടു വയ്ക്കുന്ന ഈ പുസ്തകത്തിന്, ഒരുപക്ഷേ സമൂഹം നെറ്റി ചുളിച്ചേക്കാവുന്ന, കുടുംബമെന്ന വ്യവസ്ഥിതിയ്ക്കുള്ളിലെ അലിഖിതചട്ടങ്ങൾക്ക് വിരുദ്ധമായ ഈ ചുവടുവയ്‌പിന്, പെണ്ണിന് ഒറ്റയ്ക്കും അന്തസായി ജീവിക്കാനാവും എന്ന ബോദ്ധ്യമുൾക്കൊണ്ടും പ്രവൃത്തികളാൽ അതിനെ സാധൂകരിച്ചും ഉദാഹരണമാകുന്ന നിഷ രത്നമ്മ എന്ന സ്ത്രീനക്ഷത്രത്തിന്, അതുപോലെ, കലങ്ങിമറിഞ്ഞ ജീവിതത്തെ വഴിതിരിച്ചു തെളിച്ചെടുത്ത പതിമൂന്നു പെൺകരുത്തുകൾക്കും ആത്‌മഹർഷത്തിന്റെ ഒരായിരം ഹൃദയാഭിവാദ്യങ്ങൾ.
പെണ്ണ് ആരുടേയും ഔദാര്യങ്ങളെ കാത്ത് വെറും എച്ചിൽജീവിതത്തിനു മുൻപിൽ ഓച്ഛാനിച്ചു നിൽക്കേണ്ടവളല്ല. അവൾ അവളുടെ ആത്മസത്തയെ വീണ്ടെടുത്ത് തെളിഞ്ഞു ജീവിക്കട്ടെ. അതിനു കൂട്ടാവുന്ന പുരുഷന്മാരും സമൂഹവും ഉണ്ടാകട്ടെ. തീർച്ചയായും അതിനുള്ള പ്രചോദനമാണ് “ഹാപ്പിലി ഡിവോഴ്‌സ്ഡ് – വിവാഹമോചിതരുടെ ആമോദഭേരികൾ.” എല്ലാ മനുഷ്യരും വായിച്ചിരിക്കേണ്ടത്.
പ്രിയപ്പെട്ട നിഷ, ഒരു പാട്രിയാർക്കിക്കൽ പൊതുധാരണകൾ നിലനിൽക്കുന്ന ഈ സമൂഹത്തിന്റെ ഇരുണ്ടവഴികളിൽ ചെറുവെട്ടമായിത്തീരുന്ന ഇത്തരം ഇടപെടലുകളാൽ ജീവിതം ഇനിയും കൂടുതൽ ധന്യമാക്കുക. പ്രചോദനകരമാക്കുക.
ആശംസകൾ.
പുസ്തകം : ഹാപ്പിലി ഡിവോഴ്‌സ്ഡ്
ഏകോപനം : നിഷ രത്നമ്മ
പ്രസാധകർ : ഗൂസ്‌ബെറി പബ്ലിക്കേഷൻസ്
pages : 128 #sharjahinternationalbookfair2024 #Booklover #happyreading
#പുസ്തകാസ്വാദനം #Happilydivorced


2 Comments
കാലം തീർച്ചയായും മാറ്റങ്ങൾ വരുത്തും. അടിസ്ഥാനപരമായി കായികബലം കുറഞ്ഞവൾ എന്ന ഇകഴ്ത്തൽ കൊണ്ട് എപ്പോഴും പെണ്ണ് ഒരുപടി താഴെ നിൽക്കേണ്ടവളെന്ന ബോദ്ധ്യം വളരെ സ്വാഭാവികമായി ഉണ്ടാക്കിയെടുത്തതാണ് അവൾ മനുഷ്യൻ എന്ന ഒരുമയിൽ നിന്നകന്നു പോയത്. എന്നാൽ കാലാന്തരേ ഈ സകലമാന കെട്ടിമുറുക്കലുകളിൽ നിന്ന് കുതറുക എന്ന പാഠം പെണ്ണ് പഠിക്കുകയും ആണധികാരങ്ങളെ ചോദ്യം ചെയ്യാനും അതിൽ നിന്ന് അകന്നു നിൽക്കാനും പൂർണ്ണമായും അവൾ പ്രാപ്തയാവുകയും ചെയ്യും. ഉറപ്പ് 💪
താൻ വെറുമൊരു പെണ്ണാണെന്ന ചിന്ത ഉപബോധ മസ്സിൽ വേരൂന്നിയതാവണം ഏതൊരു പെണ്ണിന്റെയും പതനത്തിന് ഇന്നും നിദാനം. ആണും പെണ്ണും എന്ന ദ്വിമാന ചിന്തയിൽ നിന്നും മനുഷ്യൻ എന്ന ഏകമാനത്തിലേക്കുള്ള ദൂരം ഇനിയും ഏറെയാണ്. പഴയ മാമൂൽ ചിന്താഗതികൾ പലതും കാലം കടപുഴക്കി എറിഞ്ഞിട്ടുണ്ട് എന്നത് നേര് തന്നെ.
ഏതൊരു പെണ്ണിന്റെയും ബോധമനസ്സും ഉപബോധ മനസ്സും ഒന്നുപോൽ അംഗീകരിക്കണം താൻ ഒരു പെണ്ണ് മാത്രമല്ല ഒരു മനുഷ്യൻ കൂടിയാണെന്ന്. അല്ലാത്തിടത്തോളം മാറ്റം അടയാളപ്പെടുത്താൻ ആവാതെ പോകും
ഇത് എന്റെ ഒരു തോന്നലാണ്….