ചില നേരങ്ങളിൽ എന്റെ ഹൃദയം മുറിയാറുണ്ട്
ചിലപ്പോളത് സ്നേഹത്തിന്റെ കാഴ്ചയിലാവും
ചിലപ്പോളത് സ്നേഹമില്ലായ്മയുടെ കേൾവികളിലാവും..
കൂർത്ത ചില്ലുകക്ഷണങ്ങൾ കൊണ്ട് ആഴത്തിൽ പരിക്കേൽപ്പിച്ച പോലെ
തട കെട്ടിയ സ്നേഹമെല്ലാം ഒലിച്ചു പോകും..
അപ്പോൾ ഞാനെന്റെ കുഞ്ഞുങ്ങളെ ഓർക്കും
കരുതലിന്റെ കോട്ട തീർക്കുന്ന മാതാപിതാക്കളെ ഓർക്കും
നിഷ്കളങ്കരായ
അമ്മയില്ലായ്മയിൽ
മകളായില്ലായ്മയിൽ
തനിച്ചാകേണ്ടി വരുന്ന
അവരെയോർത്ത് ഞാൻ എന്റെ ഹൃദയം തുന്നിക്കൂട്ടും..
വീണ്ടുമൊരു ഫിനിക്സ് പക്ഷിയാവും
എന്റെ ചാരങ്ങൾ ഊതി പറപ്പിച്ചു ഞാൻ കനൽ കെടാതെ പിന്നെയും കത്തി തുടങ്ങും..
ഞാൻ എന്റെ ഹൃദയത്തിന് ചുറ്റും ഒരു കാവൽ മതിൽ തീർക്കും ..
ലോകം ഹൃദയുമുള്ളവരുടേത് കൂടിയാണ്
സ്നേഹത്തിന്റേത് കൂടിയാണ്
വർണ്ണങ്ങൾ ചേർന്നതാണെന്നു ഞാൻ ഉറക്കെ ചൊല്ലും..
ഞാൻ എന്നെത്തന്നെ ജീവിപ്പിക്കും സ്നേഹിക്കും അലിവോടെ തലോടും
ലോകത്തിന്റെ മിടിപ്പിൽ അലിഞ്ഞു ചേരും

1 Comment
👍👌❤️💯🙏