പറക്കുന്ന ഷഡ്പദക്കൂട്ടരാണു ഞങ്ങൾ
ഏറ്റവും കൂടുതലാവാസ വ്യവസ്ഥയുള്ളവർ.
അനുവാദമില്ലാതെ, ഭയമില്ലാതെ കുടിൽ തൊട്ട്
കൊട്ടാരം വരെ കടന്നുചെല്ലാം ഞങ്ങൾക്ക്.
വേലക്കു രാപകൽ ഭേദമില്ലാത്തവർ
ഞങ്ങൾ
കയ്പ്പോ , മധുരമോ എന്തും
രുചിച്ചിടാം ഞങ്ങൾക്ക്.
സ്വാർത്ഥത തെല്ലും ഇല്ലാത്തവർ ഞങ്ങൾ
കിട്ടുന്നതെന്തുമാകട്ടെ
മറ്റുള്ളോർക്കും
പങ്കു വയ്ക്കുന്നവർ ഞങ്ങൾ.
ദരിദ്ര സമ്പന്ന വിദ്യാ പദവി നോക്കാതെ
ആരുടെ ദേഹവും
ഇരുപ്പിടമാക്കും ഞങ്ങൾ
ജാതി നിറ വ്യത്യാസവും
നോക്കില്ല ഞങ്ങൾ
ആരെയും കുത്തിനോവിക്കാത്തവർ ഞങ്ങൾ
മാലിന്യമെവിടുണ്ടോ അവിടെ പറന്നെത്തും ഞങ്ങൾ
മാലിന്യ മുക്തമാക്കേണ്ടവർ
നിങ്ങൾ
നാൽക്കാലികളിരുകാലികളെന്ന ഭേദമില്ലാത്തവർ ഞങ്ങൾ
ഭൂമിയിലെ സകല ജീവജാലങ്ങളെയും
ഒരുപോലെ കാണുന്നവർ ഞങ്ങൾ.
നിങ്ങളുടെ അടുക്കളയിൽ,
നിങ്ങളുടെ തീന്മേശയിൽ
ഞങ്ങൾ വരാതിരിക്കാൻ
നിങ്ങൾ കരുതിയിരിക്കുക.
ഞങ്ങളെ നികൃഷ്ടരെന്നോ,
രോഗം പരത്തുന്നവരെന്നോ
മുദ്ര കുത്തണ്ട..
ഞങ്ങൾ ഇവിടെ ജനിച്ചവർ,
ഇവിടെ വളരേണ്ടവർ
ഞങ്ങളും ഈ
ഭൂമിയുടെ അവകാശികൾ.
———–
ജമിനി. കെ. രാജ്
