വെളിച്ചം പെയ്യുന്നിടത്തൊക്കെയും നീയെന്റെ കൂടെയുണ്ടായിരുന്നു; മിണ്ടാതെ, പിണങ്ങാതെ— എൻ്റെ ചുവടുകൾക്ക് കാവലായ്, എൻ്റെ സ്വകാര്യമാം ഹൃദയത്തുടിപ്പായ്… പെരുമഴ തിമിർത്താർത്തൊരാ വസന്തത്തിൽ, പഴയൊരു കാലൻകുടക്കീഴിൽ നാം ഒതുങ്ങിയപ്പോൾ, നിൻ്റെ നിഴൽ എന്നിലേക്ക് പടർന്നു കയറുകയായിരുന്നു. അന്ന്, ആ കറുത്ത കുടയുടെ തണലിൽ നാം രണ്ടുപേരും ഒരൊറ്റ നിഴലായ് ഉരുകിത്തീർന്നു! ഇരുളിൻ്റെ കാർമേഘം പ്രണയത്തെ മറച്ചപ്പോൾ നീയെങ്ങോ വഴുതിമാറി മറഞ്ഞുപോയെങ്കിലും, എൻ്റെ ഓർമ്മകളിലെ നെയ്ത്തിരിവെട്ടത്തിൽ നിൻ്റെ രൂപം വീണ്ടും നിഴലായ് ഉണരാറുണ്ട്. ഒടുവിൽ, ഈ ആയുസ്സിൻ്റെ വെളിച്ചമണയുമ്പോൾ, ആ അഗാധമാം കറുപ്പിലേക്ക് ഞാനും ലയിക്കും; അവിടെ, വിട്ടുപിരിയാനാവാത്ത വണ്ണം ഞാൻ നിൻ്റെ നിഴലായും നീ എൻ്റെ ശ്വാസമായും എന്നെന്നേക്കുമായി ഒന്നായിത്തീരും! ജമിനി കെ രാജ്
Author: Geminikraj
ഇരുളാണ് ചുറ്റും, ആർത്തിരമ്പുന്ന കരക്കാറ്റുകൾ വിടരാൻ കൊതിച്ച പൂമൊട്ടുകൾ പ്രാണനെ പൊതിയുന്ന വരൾച്ചകൾ… ഋതുക്കൾ വന്നു പോകും വരേക്കും… മുറിവേറ്റ ആകാശത്തിനു കീഴെ ഞാൻ നിഴലുകളെ എണ്ണിയിരിക്കും. ഉതിരാതെ നിൽക്കുന്ന കണ്ണീരിന്റെ ഭാരം രാത്രികളെ കൂടുതൽ ദൈർഘ്യമുള്ളതാക്കും. കൊഴിഞ്ഞുപോയ ഇലകളുടെ ഓർമ്മയിൽ മരങ്ങൾ പോലും നെടുവീർപ്പിടും. എന്നിട്ടും, കൊഴിഞ്ഞ സ്വപ്നങ്ങളുടെ ചാരത്തിനടിയിൽ ഭൂമി ഒരു തളിരിനെ രഹസ്യമായി വളർത്തുന്നു. ഇരുട്ടിന്റെ ആഴങ്ങൾക്കപ്പുറം, ഒരു പുലരി തന്റെ ചിറകുകൾ വിടർത്താൻ കാത്തിരിക്കുന്നു ജെമിനി കെ രാജ്
ശ്വാസത്തിനുള്ളിലെ നിശ്ശബ്ദ സംഗീതം, ജീവിതത്തിനുള്ളിലെ അദൃശ്യ വെളിച്ചം… ചിരിയുള്ള നിമിഷങ്ങളും, ശാന്തമായ ഉറക്കവും— ഇവയ്ക്കിടയിൽ ആരോഗ്യം ഒളിഞ്ഞിരിക്കുന്നു… ചെറിയ ശീലങ്ങളിൽ വളരുന്നൊരു സമ്പത്ത്, കാത്തുസൂക്ഷിച്ചാൽ കാലം നിന്റെതാകും, മറന്നുപോയാൽ— നിമിഷങ്ങൾ പോലും മങ്ങിപ്പോകും ജെമിനി കെ രാജ്
നിന്റെ ചിരിയിൽ ദുഃഖമായിരുന്നോ— മഞ്ഞുപാളികളിൽ തട്ടി ചിതറിയ നീർത്തുള്ളികളോ, വീർപ്പടക്കിയ ഇടനെഞ്ചിൻ നൊമ്പരമോ… പറയാതെ വിങ്ങിയ വാക്കുകൾ മിഴിനീരിലൊഴുകിയിറങ്ങി തിരയുന്നു ദൂരെ— ഒടുവിൽ, ആ ചിരിയുടെ തിരശീലയ്ക്കപ്പുറം നീ ബാക്കി വെച്ചത് ഒരു ശൂന്യത മാത്രം; എന്റെ വാക്കുകൾക്ക് എത്തിപ്പിടിക്കാനാവാത്ത നിന്റെ ഹൃദയത്തിന്റെ ആഴങ്ങളിലെ അതിശൈത്യം മാത്രം… ജെമിനി കെ രാജ്.
ഈ വനിതാ ദിനത്തിൽ ‘പെണ്ണൊരുത്തി’ എന്ന വാക്കിനെക്കുറിച്ച് ചിന്തിച്ചപ്പോൾ എന്റെ മനസ്സ് ഓടിപ്പോയത് വർഷങ്ങൾ പിന്നിലേക്കാണ്. എന്റെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കകാലം. ജോലിയിൽ പ്രവേശിച്ച് പ്രൊബേഷൻ കാലയളവ് പോലും പൂർത്തിയാകാത്ത ആ ദിനങ്ങളിലാണ് കേരളത്തെ നടുക്കിയ ‘മുത്തങ്ങ സമരം’ അരങ്ങേറുന്നത്. അന്ന് വാർത്താമാധ്യമങ്ങളിലൂടെയാണ് ആദ്യമായി സി.കെ. ജാനുവിനെ കാണുന്നത്. സ്വന്തം കരിയറിനെക്കുറിച്ചും സുരക്ഷിതത്വത്തെക്കുറിച്ചും വ്യാകുലപ്പെട്ടിരുന്ന എനിക്ക്, തന്റെ ജനതയുടെ മണ്ണിനും നിലനിൽപ്പിനും വേണ്ടി സർവ്വതും ത്യജിച്ച് പോരാടുന്ന ജാനുവിന്റെ നിശ്ചയദാർഢ്യം ഒരു വലിയ പാഠമായിരുന്നു. പോലീസിന്റെ ലാത്തിക്കും തോക്കിനും മുന്നിൽ പതറാതെ, മുറിവേറ്റ ശരീരവുമായി നിൽക്കുമ്പോഴും അവളുടെ കണ്ണുകളിലെ തീക്ഷ്ണത കുറഞ്ഞിരുന്നില്ല. അധികാരത്തിന്റെ വലിയ ഗോപുരങ്ങളെ വെല്ലുവിളിക്കാൻ ഒരു സാധാരണ ഗോത്രവർഗ സ്ത്രീക്ക് കഴിയുമെന്ന് അവൾ അന്ന് ലോകത്തിന് കാണിച്ചുകൊടുത്തു. വർഷങ്ങൾക്കിപ്പുറം, ഈ വനിതാ ദിനത്തിൽ വീണ്ടും വാർത്താ ചാനലിൽ അവളുടെ മുഖം തെളിയുന്നു. പക്ഷേ ഇത്തവണ ആ കാഴ്ചയ്ക്ക് മറ്റൊരു ചന്തമുണ്ട്. വലിയൊരു വാഹനം ആത്മവിശ്വാസത്തോടെ ഡ്രൈവ് ചെയ്യുന്ന ജാനു!…
നിഴലുകൾ മായുന്ന നേരത്തും ചാരെ നിന്റെ ഗന്ധം തങ്ങിനിൽക്കുന്നു, വാക്കുകൾ കൊണ്ട് വരയ്ക്കാത്ത ചിത്രമായ് വായുവിൽ നീയെന്നെ പുൽകുന്നു. ഇതളുകൾ വീണൊരീ പാതയിൽ ബാക്കിയായ് ഇത്തിരി പൂമണം ചിതറുന്നു, നീയെന്നു ചൊല്ലുവാൻ ആരുമില്ലാത്തൊരീ നേരത്തും നീയെന്നെ പൊതിയുന്നു. മോഹങ്ങളെരിയുന്ന കനൽച്ചൂടിലും നിൻ വിരൽ സ്പർശത്തിൻ മണം, കണ്ണുനീർ തുള്ളിയിൽ കാലത്തിൻ കയ്പ്പേറും മണം. മണ്ണിൽ മറഞ്ഞാലും മായുകില്ലൊരിക്കലും മനസ്സിൽ പടർന്നൊരു ഗന്ധം, മൗനത്തിൻ കടലിൽ തുഴയാതെ നീങ്ങുന്ന മരണമില്ലാത്തൊരു ഗന്ധം. -ജമിനി കെ രാജ് –
മനസ്സിന്നാഴങ്ങളിലെ മൃദുലസ്പന്ദനമോ മോഹം… അറിയാതെയൊരു ഗന്ധംപോലെ അന്തർധ്വനിയിൽ പടരുന്ന അലസമാം ആഗ്രഹത്തിൻ അണിയറച്ചിരിയൊ മോഹം.. പകലിന്റെ തിരക്കുകൾക്കിടയിൽ അവ്യക്തമായൊരു വിളി, രാവിന്റെ നിശ്ശബ്ദതയിൽ നക്ഷത്രങ്ങളെ എണ്ണിപ്പോരുന്ന കണ്ണുകളുടെ അപ്രകാശിത പ്രാർത്ഥന. മോഹം— തളിർമുത്തായി മുളച്ചുയരുന്ന സ്വപ്നങ്ങളുടെ വിത്ത്; വെയിലേറ്റ മണ്ണിലും വേരൂന്നാൻ വിസമ്മതിക്കാത്ത ജീവനുറ്റ ധൈര്യം. ഒരിക്കൽ അത് മഴയായി വീഴും— മുറിവേറ്റ ഓർമ്മകളിൽ മൃദുലത പകരാൻ; ഒരിക്കൽ തീയായി കത്തും— അന്ധകാരമടർന്ന മനസ്സിന്റെ മറവിത്താളുകൾ തുറക്കാൻ. മോഹം, കാലത്തിന്റെ കരങ്ങളിലാഴ്ന്നു കാതോർത്തു നിൽക്കുന്ന അവസാനിക്കാത്ത കാത്തിരിപ്പ്; അവസാനം, അവസാനമില്ലാത്തൊരു യാത്ര— സ്വയം കണ്ടെത്താൻ സ്വയം നഷ്ടപ്പെടാൻ സ്വയം അതിജീവിക്കാൻ മനസ്സിന്റെ മൗനസങ്കീർത്തനം. -ജെമിനി കെ രാജ് –
മൗനം കരിമഷി പടർത്തിയ മനസിന്നേകാന്തതയിൽ, പെയ്യാതെ പോയ മേഘമേ… വരണ്ടിടുന്നൊരീ പാതയിൽ ബാക്കിയാകുന്നു നിൻ വിഷാദരേണുക്കൾ. തേനുറും സ്വപ്‌നനുരകളിൽ ഹൃദയം താനേ പാടുന്നു… ഈറൻ മിഴികളിൽ തങ്ങുന്ന നിൻ നിഴൽച്ചിത്രം ഒരു കനൽത്തുള്ളിയായ് എരിഞ്ഞുനിൽക്കെ, ദാഹിച്ചു തളരുന്നൊരെൻ ചടുലഭാവങ്ങൾ നിൻ സ്മൃതിതീരത്ത് ചിറകടിക്കുന്നു. കാലമേ, നിൻ തൂലികത്തുമ്പിലായ് എൻ വിരഹാർദ്രഗീതങ്ങൾ ചാലിച്ചുവെച്ചു, എപ്പോഴോ നാം കണ്ട കിനാവുകൾ ഇന്നുമീ മണൽത്തരിയിൽ പൂവായ് പടരുന്നു.. അകലുന്ന മുകിലിൻ കരിനീല വർണ്ണത്തിൽ നിന്നെ തിരഞ്ഞു ഞാൻ, ഇന്നീയനന്തമാം ശൂന്യതയിൽ ഒരു തുള്ളി അമൃതിനായ് കാത്തിരിപ്പൂ… പെയ്യുക നീ… എൻ പ്രാണന്റെ നിദാഘം ശമിക്കുവാൻ, നിൻ പ്രണയമാരിയിൽ ഞാനൊന്നു നനയുവാൻ! ജെമിനി കെ രാജ്
ക്ഷിതിതൻ വിരിമാറിൽ വെള്ളിനൂൽ നെയ്ത സ്വപ്നമേ കണ്ണാടിച്ചില്ലിലെ ശ്വാസനിശ്വാസം പോൽ കാണാത്ത ലോകത്തിൻ ലിപിയാണു നീ പുലരിയുടെ ഇമകളിൽ നിന്നടർന്ന ജലകണമാം നിർവൃതി നീ.. സൂര്യാംഗുലി സ്പർശമേൽക്കാതെ ശൈത്യത്തിൻ പുതപ്പിലൊളിച്ചു നിന്ന നീ ധവളമാം കുപ്പായമണിഞ്ഞു, പിന്നെ നിൻ മൗനത്തിൻ വേരുകളാഴത്തിൽ ആഴ്ന്നതും മനസിൻ മന്ത്രണം മഞ്ഞായി പൊഴിച്ചതും നീയല്ലോ എത്രയോ ഓർമ്മകളീ- വെണ്ണിലാവിലൊളിപ്പിച്ച ശിശിരമേ നീ നീറുന്ന വേനലിൻ നൊമ്പരമകറ്റുവാൻ. കാലങ്ങൾ നെയ്യുന്ന നൂലിഴകളിൽ കാറ്ററിയാതെ നീ പെയ്തിറങ്ങവെ പാതി വഴിയിൽ തളർന്നു വറ്റിയ ചാലുകൾ പുനർജനിക്കുന്നു നാളെക്കായി. തേടുവതാരെ നീയീ ചില്ലതൻ ആലസ്യമാർന്നൊരേകാന്തതയിൽ പറയാതെ പോയൊരു പ്രണയത്തിൻ ശൈത്യമോ മറവിയിലാഴ്ന്ന നിനവോ..? ഇന്നീ മഞ്ഞുപാതയിൽ നിൻ കാലടിപ്പാടുകൾ മാഞ്ഞുപോകിലും ആത്മാവിൽ വീഴുന്നോരീയീർപ്പമേകുന്നു അക്ഷരക്കൂട്ടില്ലാത്ത കവിതതൻ താ ളമായി മാഞ്ഞുപോകും മുൻപേ നെഞ്ചിലൊന്നാവാഹിക്കാൻ മഞ്ഞേ, നീയെനിക്കൊരിത്തിരി നേരം തരൂ… നിൻ തണുവിന്നാഴങ്ങളിൽ മുങ്ങിപ്പൊങ്ങുമ്പോഴെന്റെ മൗനവും പെയ്തു തീരട്ടെ നിന്നിലെ തുള്ളിയായ്. -ജെമിനി കെ രാജ്-
ഇന്നലകൾ പെയ്തുതീർത്ത മഴയിൽ ഈറൻ പകർന്ന രാവുകൾ ഇനിയും കാത്തിരിപ്പൂ.. കൊഴിഞ്ഞ സ്വപ്നത്തിൻ ഏകാന്തതയിൽ ഇനിയുമെത്രെ ദൂരം .. ഓർമ്മകൾ തിരികെയെത്തും വഴികളിൽ ഒരു നിഴലായി മൗനത്തിൻ കൂട്ടായി ഞാനും നിറം മങ്ങിയ ചിത്രം പോലെ മായാതെ, മാഞ്ഞു പോകാതെ ഇനിയും നിനക്കായി.. -ജമിനി കെ രാജ് –
