ക്ഷിതിതൻ വിരിമാറിൽ
വെള്ളിനൂൽ നെയ്ത സ്വപ്നമേ
കണ്ണാടിച്ചില്ലിലെ ശ്വാസനിശ്വാസം പോൽ
കാണാത്ത ലോകത്തിൻ ലിപിയാണു നീ
പുലരിയുടെ ഇമകളിൽ നിന്നടർന്ന ജലകണമാം നിർവൃതി നീ..
സൂര്യാംഗുലി സ്പർശമേൽക്കാതെ
ശൈത്യത്തിൻ പുതപ്പിലൊളിച്ചു നിന്ന നീ
ധവളമാം കുപ്പായമണിഞ്ഞു,
പിന്നെ നിൻ മൗനത്തിൻ വേരുകളാഴത്തിൽ ആഴ്ന്നതും
മനസിൻ മന്ത്രണം മഞ്ഞായി പൊഴിച്ചതും നീയല്ലോ
എത്രയോ ഓർമ്മകളീ- വെണ്ണിലാവിലൊളിപ്പിച്ച ശിശിരമേ
നീ നീറുന്ന വേനലിൻ നൊമ്പരമകറ്റുവാൻ.
കാലങ്ങൾ നെയ്യുന്ന നൂലിഴകളിൽ
കാറ്ററിയാതെ നീ പെയ്തിറങ്ങവെ
പാതി വഴിയിൽ തളർന്നു വറ്റിയ ചാലുകൾ
പുനർജനിക്കുന്നു നാളെക്കായി.
തേടുവതാരെ നീയീ ചില്ലതൻ ആലസ്യമാർന്നൊരേകാന്തതയിൽ
പറയാതെ പോയൊരു പ്രണയത്തിൻ ശൈത്യമോ
മറവിയിലാഴ്ന്ന നിനവോ..?
ഇന്നീ മഞ്ഞുപാതയിൽ നിൻ
കാലടിപ്പാടുകൾ മാഞ്ഞുപോകിലും
ആത്മാവിൽ വീഴുന്നോരീയീർപ്പമേകുന്നു
അക്ഷരക്കൂട്ടില്ലാത്ത കവിതതൻ താ ളമായി
മാഞ്ഞുപോകും മുൻപേ നെഞ്ചിലൊന്നാവാഹിക്കാൻ
മഞ്ഞേ, നീയെനിക്കൊരിത്തിരി
നേരം തരൂ…
നിൻ തണുവിന്നാഴങ്ങളിൽ മുങ്ങിപ്പൊങ്ങുമ്പോഴെന്റെ
മൗനവും പെയ്തു തീരട്ടെ
നിന്നിലെ തുള്ളിയായ്.
-ജെമിനി കെ രാജ്-
