മനസ്സിന്നാഴങ്ങളിലെ
മൃദുലസ്പന്ദനമോ
മോഹം…
അറിയാതെയൊരു ഗന്ധംപോലെ
അന്തർധ്വനിയിൽ പടരുന്ന
അലസമാം ആഗ്രഹത്തിൻ അണിയറച്ചിരിയൊ മോഹം..
പകലിന്റെ തിരക്കുകൾക്കിടയിൽ
അവ്യക്തമായൊരു വിളി,
രാവിന്റെ നിശ്ശബ്ദതയിൽ
നക്ഷത്രങ്ങളെ എണ്ണിപ്പോരുന്ന
കണ്ണുകളുടെ അപ്രകാശിത
പ്രാർത്ഥന.
മോഹം—
തളിർമുത്തായി മുളച്ചുയരുന്ന
സ്വപ്നങ്ങളുടെ വിത്ത്;
വെയിലേറ്റ മണ്ണിലും
വേരൂന്നാൻ വിസമ്മതിക്കാത്ത
ജീവനുറ്റ ധൈര്യം.
ഒരിക്കൽ അത്
മഴയായി വീഴും—
മുറിവേറ്റ ഓർമ്മകളിൽ
മൃദുലത പകരാൻ;
ഒരിക്കൽ തീയായി കത്തും—
അന്ധകാരമടർന്ന മനസ്സിന്റെ
മറവിത്താളുകൾ തുറക്കാൻ.
മോഹം,
കാലത്തിന്റെ കരങ്ങളിലാഴ്ന്നു
കാതോർത്തു നിൽക്കുന്ന
അവസാനിക്കാത്ത കാത്തിരിപ്പ്;
അവസാനം,
അവസാനമില്ലാത്തൊരു യാത്ര—
സ്വയം കണ്ടെത്താൻ
സ്വയം നഷ്ടപ്പെടാൻ
സ്വയം അതിജീവിക്കാൻ
മനസ്സിന്റെ മൗനസങ്കീർത്തനം.
-ജെമിനി കെ രാജ് –
