തൊടിയിൽ വിരിഞ്ഞാൽ മിഴിയഴക്
നിന്നെ മുടിയിൽ ചൂടിയാൽ ഏഴഴക്
മനസ്സ് മയക്കും നിറയഴക്
എൻ്റെ കണ്ണൻ്റെ ഇഷ്ടം നീ കനകാംബരം
ചൂടാൻ കൊതിപ്പൂ ഞാൻ വീണ്ടും ഒരിക്കൽ
പ്രിയ സഖിയായി കണ്ണൻ്റെ മാറിൽ ചേരാൻ
അരിമുല്ല ചേർത്തു ഞാൻ മെനഞ്ഞതോർക്കുമ്പോൾ
നനവാർന്നൊരോർമ്മകൾ ഓടിയെത്തും
അച്ഛൻ്റെ പ്രിയങ്കരിയായിരുന്നില്ലേ നീ
അത്രമേൽ എന്നിലും നിറഞ്ഞിരുന്നു
മുറ്റത്ത് നിരയായി പൂവിട്ടുനിൽപ്പത്
വീടിൻ്റെ പുണ്യമായി കണ്ടിരുന്നു
അച്ഛനുമില്ലിന്ന് വീടിൻ്റെ മുന്നിൽ
നിൻ മുഗ്ദസൗന്ദര്യവും മാഞ്ഞുപോയി
എങ്കിലും എന്നുള്ളിൽ ഉണ്ട് നീ ഇപ്പോഴും
അത്രമേൽ നിയെൻ്റെ ഇഷ്ടമല്ലേ
ഇനിയും നിൻ അഴകിനെ കണ്ണന് ചാർത്തണം
പിന്നെ അതെൻ്റെയീ കൂന്തലിലും
ഇനിയും എൻ തൊടികളിൽ നീ വിരിഞ്ഞീടുമോ
അരികിൽ നിൻ സഖിയായി
ഞാനിരിക്കാം
