കുഞ്ഞോമനമുഖം
അച്ഛന്റെ തോളിൽചായ്ച്ചമ്മയെ കള്ളക്കണ്ണിട്ടു നോക്കി കള്ളച്ചിരിതൂകി പൂർണേന്ദു പോലെൻ കുഞ്ഞിപ്പെണ്ണ്
അച്ഛന്റെ താരാട്ടിന്നീണത്തിൽ
ഉം.. ഉം..രാഗം മൂളി ആർദ്രമാം മിഴികൾ പൂട്ടിയുറങ്ങുന്നൊരാരൂപമെന്നുടെ
ഓർമ്മകളിലോടി കളിക്കുന്നു.
കുഞ്ഞിക്കാലുകൾ
മണ്ണിൽ മെല്ലെ പതിച്ചു
കുഞ്ഞോളങ്ങളിൽ ഇരവും പകലും പടികടന്നങ്ങകലവെ
വളർന്നു നീ മെല്ലെ
അരുതുകൾ പലതും കാതിൽ നിറച്ചു വിലക്കിന്റെ നാലുകെട്ടിൽ
വളർന്നവളിന്നു വലുതായി
സ്വതന്ത്രയായി
ഇന്നുമെന്നുടെ മടിയിൽ ഒരു കുഞ്ഞിപ്പെണ്ണായി
ചാച്ചുമ്പോൾ
നാണം വിരിഞ്ഞ നിൻ
നുണക്കുഴിക്കവിളിലൊരായിരം സ്നേഹത്തിൻ ചുംബനപ്പൂക്കൾ
മിഴിവാർന്നു നിന്നു.
-ജെമിനി കെ രാജ് –
