സുമതിയുടെ മുൻപിലൂടെ കോടതിയിലേക്ക് പോകുമ്പോൾ ദേവിയ്ക്ക് ചിരി വന്നു.എന്നും ഉർജ്ജസ്വലയായി ദേവിയെ പറഞ്ഞയക്കാറുള്ള സുമതിയുടെ ഇപ്പോഴത്തെ അവസ്ഥയിൽ സഹതാപം ഉണ്ട്.പക്ഷെ അവരുടെ ചില സമയത്തെ അഹങ്കാരം സഹിക്കാൻ കഴിയില്ല.അമ്മയുടെ മുന്നിൽ തന്നെക്കാൾ സ്ഥാനം അവർക്കാണെന്ന മട്ടിലാണ് അവരുടെ പ്രകടനം.
“ചേച്ചി അമ്മ വിളിക്കുമ്പോൾ പറഞ്ഞേക്കൂ ഞാനിത്തിരി വൈകുമെന്ന്.ഒരു പുതിയ കേസിന്റെ പുറകെയാണ്.”
ഡ്രൈവ് ചെയ്യുമ്പോൾ അവളുടെ മനസിലേയ്ക്ക് നിധിന്റെ മുഖം കടന്നു വന്നു.എത്ര സുന്ദരനാണവൻ,പാവം ഇപ്പോൾ എന്ത് ചെയ്യുകയായിരിക്കും. എത്ര നേരമാണ് ഒറ്റയ്ക്ക് ഇരിക്കുക.
ട്രാഫിക്കിൽ കാർ നിർത്തിയിട്ടപ്പോൾ അവൾ മൊബൈൽ എടുത്തു.
” ദേവലോകം ” എന്ന തന്റെ വീട്ടിലെ ക്യാമറ ആപ്പ് അവൾ ഓണാക്കി.ഇപ്പോൾ ഫ്രണ്ട് ക്യാമറ മാത്രമല്ല,ഹാളിലെ ക്യാമറയും വർക്ക് ചെയ്യുന്നു.ഇത് അവന്റെ പണി ആകും,അവനാകും ആ ക്യാമറ കണക്ട് ചെയ്തത്.
അവൾ തന്റെ കണ്ണുകൾ ഹാളിലെ ക്യാമറയിലെ ദൃശ്യങ്ങളിലേയ്ക്ക് പതിപ്പിച്ചതും , ട്രാഫിക്കിൽ ഗ്രീൻ സിഗ്നൽ തെളിഞ്ഞു.അവൾ ഫോൺ മടിയിൽ വച്ച് വണ്ടി മുന്നോട്ടെടുത്തു.ഓഫീസിലെത്തിയിട്ടും അവൾ കാറിൽ നിന്നിറങ്ങിയില്ല.അവൾ വീണ്ടും ഹാളിലെ ക്യാമറയെടുത്തു.സൂം ചെയ്തു നോക്കി,ഹാളിലെ ഒരു മൂലയ്ക്ക് നിധിൻ കയ്യില്ലാത്ത ബനിയനും ഷോർട്ട്സും ധരിച്ചു നിന്ന് പുഷ് അപ്പ് എടുക്കുകയാണ്.അവൾ കുറച്ചു നേരം ആ ദൃശ്യത്തിലേയ്ക്ക് നോക്കിയിരുന്നു.അവനിൽ നിന്നും അവൾക്കു കണ്ണെടുക്കാൻ തോന്നിയില്ല.
വീതിയേറിയ തോളെല്ലുകൾ ,ഇടുങ്ങിയ ഇടുപ്പ് ,നല്ല വഴക്കമുള്ള ശരീരം,ഒതുങ്ങിയ വയർ,ആരോഗ്യമുള്ള പുരുഷ ശരീരമാണവൻ്റേത്.
അവൾ ഫോണിൽ നിന്നും കണ്ണുയർത്തി.ഓഫീസിന്റെ എൻട്രൻസിൽ അവളെയും പ്രതീക്ഷിച്ചു നിൽക്കുന്ന ആതിരയും രാഹുലും.അവൾ ഫോൺ ബാഗിലിട്ട് അവരുടെ അടുത്തേയ്ക്കു നടന്നു.
“ചേച്ചിയെന്താ ഇന്ന് ലേറ്റ് ആയത് . ആ ഡോക്ടറുടെ കേസിന്റെ വാദമുണ്ട്.ആതിര ആ കേസിനു വേണ്ടി ഹാജരാകും.ചേച്ചിയോട് അനുവാദം ചോദിച്ചിട്ടു പോകാമെന്ന് കരുതി നിന്നതാണ്.”
“ആതിര അങ്ങോട്ട് പൊയ്ക്കോളൂ,ഞാനും രാഹുലും കൂടിയിരുന്നു തയാറാക്കിയ കുറച്ചു പോയിൻ്റുകളുണ്ട് ,രാഹുൽ,നീ അവളെ എല്ലാം പഠിപ്പിച്ചോ.”
രാഹുലും ആതിരയും ഒരേ പോലെ തലയാട്ടി.ആതിരയെ നോക്കി ദേവി പൊയ്ക്കോളാൻ ആംഗ്യം കാട്ടി.ആതിര രാഹുലിന്റെ സമ്മതത്തിനായി അവനെ നോക്കി നിന്നു.അവർ രണ്ടു പേരും പരസ്പരം ഇഷ്ടത്തിൽ ആണെന്ന് ദേവി കണ്ടു പിടിച്ചിരുന്നു.
“ചേച്ചി.,നമുക്ക് പോലിസ് സ്റ്റേഷനിൽ പോകണം. ആര്യയെന്ന പെൺകുട്ടിയുടെ കൊലപാതകത്തിനുള്ള തെളിവുകൾ ശേഖരിക്കണം.ദിവസങ്ങൾ പോകുന്തോറും…”
“പോകാം രാഹുൽ,ആ അച്ഛൻ എന്നെ ഇന്നലെ വിളിച്ചിരുന്നു.നമുക്ക് ഇന്ന് തന്നെ വേണ്ടത് ചെയ്യാം.ഒരു പത്തു മിനിറ്റ് രാഹുലിന്റെ ബൈക്കിൽ നമുക്ക് പോകാം.കാറെടുത്താൽ ട്രാഫിക്കിൽ കിടന്നു വലയും .”
രാഹുലിനൊപ്പം ടൗൺ സ്റ്റേഷനിൽ ചെന്ന് ആ പെൺകുട്ടിയുടെ കേസിന്റെ രേഖകളും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൻ്റെ പകർപ്പുകളും വാങ്ങി.പരിചയമുള്ള പോലീസുകാരനായത് കൊണ്ട് അയാൾ രഹസ്യമായി ചില കാര്യങ്ങൾ സൂചിപ്പിച്ചിരുന്നു.അതിൽ കേസിന് ഗുണകരമായ ചില കാര്യങ്ങൾ ഉണ്ടായിരുന്നു.അതിൽ കേസിന്റെ വിജയത്തിനായി ചിലതൊക്കെ ദേവി കണ്ടു പിടിച്ചിരുന്നു .അതിനാൽ സന്തോഷം കൊണ്ട് ദേവി രാഹുലിന് ചില സൂചനകൾ നൽകി.അവൻ ആരും കാണാതെ ഒരു ചെറിയ കവർ അയാളുടെ പോക്കറ്റിലേയ്ക്ക് വെച്ച് കൊടുത്തു.അയാൾ സന്തോഷത്തോടെ അവരെ നോക്കി കൈ വീശി കാണിച്ചു .
“പോയത് വെറുതെ ആയില്ലല്ലോ ചേച്ചി.”
“എനിക്കറിയാമായിരുന്നു എന്തെങ്കിലും മാർഗ്ഗം നമുക്ക് കിട്ടുമെന്ന് .ആ അശോകദാസ് എന്ന അച്ഛന്റെ സങ്കടം എനിക്ക് താങ്ങാനായില്ല.ഒരു പക്ഷെ എന്റെ അച്ഛനിപ്പോൾ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഞാനും അച്ഛൻ്റെ കരങ്ങളിൽ സുരക്ഷിത ആയിരുന്നേനെ .”
“അതിനിപ്പോൾ ചേച്ചിക്ക്എന്താ കുഴപ്പം.”
“മുഴുവൻ കുഴപ്പമാണ് .അമ്മയും വലിയ കുഴപ്പത്തിലാണ് .അമ്മയെ ഓർത്താണ് ഞാൻ എല്ലാം …”
രാഹുൽ തിരക്കുള്ള ഒരു ജ്യൂസ് കടയുടെ മുന്നിൽ ബൈക്ക് നിർത്തി രണ്ടാൾക്കും ജ്യൂസ് വാങ്ങി.
“ചേച്ചിക്ക് ഈ തിരക്കൊക്കെ ആദ്യമല്ലേ .ഇവിടെ നല്ല ജ്യൂസ് കിട്ടും.ഞാനും ആതിരയും സ്ഥിരമായി വരുന്ന സ്ഥലമാണ് .”
“ആദ്യമായിട്ടാണ് ഞാനിവിടെയൊക്കെ ,നിനക്കെന്നെ മുൻപ് ഒരിക്കൽ പോലും വിളിക്കാൻ തോന്നിയില്ലല്ലോ.”
“ഇന്നല്ലേ എന്റെ ബൈക്കിൽ ആദ്യമായി ചേച്ചി കയറിയത് , എനിക്ക് അതിശയം തോന്നി.ചേച്ചിയ്ക്ക് എന്ത് പറ്റിയെന്ന്.ആ മാത്യുവിനെ എനിക്കത്ര ഇഷ്ടമല്ല ചേച്ചി .അയാളെന്തിനാ ചേച്ചിയുടെ എല്ലാ കാര്യങ്ങളിലും ഇടപെടുന്നത്.ചേച്ചിയുടെ അമ്മയ്ക്ക് വേറെ ആരെയും കിട്ടിയില്ലേ .”
“നല്ല രസമായിരുന്നു ഇന്നത്തെ എൻ്റെ ദിവസം .ഈയിടെയായി എന്റെ ജീവിതത്തിൽ എല്ലാം മാറി കൊണ്ടിരിക്കുകയാണ് .”
അവർ ഓഫീസിൽ മടങ്ങിയെത്തിയപ്പോൾ അവരെ കാത്ത് അശോകദാസ് ഇരിപ്പുണ്ടായിരുന്നു .അയാളോട് അകത്തേയ്ക്കു കയറി വരാൻ പറഞ്ഞിട്ട് രാഹുൽ ദേവിയുടെ എതിർവശത്തെ സീറ്റിലിരുന്നു.
“അച്ഛൻ ഒന്ന് കൊണ്ടും വിഷമിക്കണ്ട.ഞാൻ കേസിന്റെ വിശദാംശങ്ങൾ പഠിച്ചു ,ഈ കേസ് നമ്മൾ വിജയിക്കും .ഒന്നാമതായി ആര്യ തൂങ്ങി നിന്ന മുറിയുടെ ഉയരം വെറും ഏഴടിയാണ് ,അഞ്ചരയടി പൊക്കമുള്ള ആര്യ തൂങ്ങാൻ ഉപയോഗിച്ച സ്റ്റൂളിനു രണ്ടടി പൊക്കമുണ്ട് ,മേൽക്കൂരയിൽ നിന്നും തൂക്കിയിട്ട കയറിന്റെ നീളവും കൂടി കണക്കിലെടുക്കുമ്പോൾ ആര്യയ്ക്ക് തൂങ്ങാൻ ആ സ്റ്റൂളിന്റെ ആവശ്യമേയില്ല .സാധാരണ ഗതിയിൽ ആ ചരിഞ്ഞ റൂഫുള്ള മുറിയിലെ സാഹചര്യത്തിൽ അവൾക്കൊരിക്കലും സ്റ്റൂൾ ഉപയോഗിക്കേണ്ടി വരില്ല.അല്ലാതെ തന്നെ അവളുടെ ദേഹം നിലത്തു മുട്ടിയാണ് നിന്നത് .അപ്പോൾ ആരാണ് അവിടെ സ്റ്റൂൾ മറിച്ചിട്ടു ഈ ഒരു ഭയാനകമായ അന്തരീക്ഷം സൃഷ്ടിച്ചത് .”
“ആ കാര്യം ഞാൻ ആ പോലീസുകാരോട് ചോദിച്ചിരുന്നു .അവർ പറഞ്ഞത് കഴുത്തു കുടുങ്ങിയപ്പോൾ കയർ മുറുകിയത് കൊണ്ടാണ് പെട്ടെന്ന് മരണം സംഭവിച്ചെന്നാണ് .”
“പിന്നെ അവളുടെ ശരീരത്തിൽ കണ്ട പാടുകൾ സ്വാഭാവികമായി തോന്നിയില്ല.അതിൽ നഖം കൊണ്ട് ശരീരമാകെ ഉണ്ടായ പാടുകൾ ,ഒരിക്കലും ഒരാൾക്ക് അതേ പോലെയുള്ള പാടുകൾ സ്വന്തം ശരീരത്തിൽ ഉണ്ടാക്കാൻ കഴിയില്ല.
മറ്റൊന്ന് ആര്യയുടെ ഭർത്താവ് ആ ദിവസം കാസർഗോഡ് പോയിരിക്കുകയായിരുന്നു എന്ന കാര്യം .അയാൾ അന്ന് കാസർഗോഡേയ്ക്ക് യാത്ര തിരിച്ചിരുന്നു പക്ഷേ അത് രാത്രി 12.30 ക്കു ശേഷമാണ് ,ആര്യയുടെ മരണം നടന്നത് 11.50 നു ആണ് .ആ സമയത്ത് അയാളുടെ മൊബൈൽ ലൊക്കേഷൻ സ്വന്തം വീട് തന്നെയായിരുന്നു കാണിച്ചത് ,ഇത്രയും തെളിവുകൾ മതി നമുക്ക് അയാളെ കുറ്റവാളിയാക്കി ജയിലിലാക്കാൻ.”
“ഇതൊക്കെ കോടതി വിശ്വസിക്കുമോ മോളേ”
“വിശ്വസിക്കും ,മറ്റൊന്ന് കൂടിയുണ്ട് ഒരു ദിവസം അവൻ വീട്ടിലേക്കു മറ്റൊരു സ്ത്രീയെ കൂടി കൂട്ടികൊണ്ടു വന്നിരുന്നു.അവരെ അവൻ വീട്ടിനകത്തേയ്ക്കു കൊണ്ട് പോയി .പിറ്റേ ദിവസം രാവിലെയാണവർ മടങ്ങിയത് .ആര്യയും ഭർത്താവും തമ്മിൽ ഒരാഴ്ചയായി നടക്കുന്ന വഴക്കിന് ദൃക്‌സാക്ഷികളായവരുടെ മൊഴികൾ.വീട്ടിൽ വന്ന സ്ത്രീയുടെ വിശദ വിവരങ്ങളും മൊഴിയും എടുത്തിട്ടുണ്ട്.അയാൾ പൈസ വാരിക്കോരി എറിഞ്ഞിട്ടുണ്ട് ,അവനു രാഷ്ട്രീയ സ്വാധീനവുമുണ്ട് .പക്ഷെ ഈ കേസ് നമ്മൾ ജയിക്കും.”
“നന്ദിയുണ്ട് മോളെ ,പകരം തരാൻ എന്റെ കയ്യിലൊന്നുമില്ല .”
അശോകദാസ് മടങ്ങി പോയപ്പോൾ രാഹുൽ കഴിക്കാൻ പുറത്ത് പോയി .തനിക്കിന്ന് ആഹാരമൊന്നുമില്ലെന്നു ദേവി അപ്പോഴാണ് ഓർത്തത് .സുമതിയെ വിളിച്ചു ,അവർക്കിപ്പോൾ കുഴപ്പമൊന്നുമില്ലെന്നു അറിയാൻ സാധിച്ചു.വീണ്ടും ഫോണെടുത്തു ക്യാമറ ആപ്പ് ഓണാക്കി .
ഒരു കസേരയിലിരുന്നു എന്തോ വരയ്ക്കുകയാണ് നിധിൻ .പത്തിരുപത് മിനിറ്റ് അവൻ ഗഹനമായ ആലോചനയിലും സ്കെച്ചിങ്ങിലുമായിരുന്നു ,അതിനു ശേഷം അവനെ കണ്ടില്ല.കുറച്ച് കഴിഞ്ഞ് അവൻ വീണ്ടും ക്യാമറയുടെ മുന്നിലെത്തി.പിന്നെ വീണ്ടും അവൻ മറഞ്ഞു.
ദേവി വീണ്ടും തൻ്റെ ജോലിയിൽ വ്യാപൃതയായി , ഓഫീസിൽ നിന്നും കാറിൽ കയറിയപ്പോൾ അവൾ കണ്ട ക്യാമറ കാഴ്ചകൾ, അവൻ കുളി കഴിഞ്ഞ് തോർത്തുമുടുത്ത് ക്യാമറയ്ക്ക് മുന്നിലെത്തി നനഞ്ഞ മുടി കുടയുന്നു,കൈ കൊണ്ട് മുടി കോതുന്നു.ഇടയ്ക്ക് ക്യാമറ നോക്കി അവനൊരു ഫ്ലൈയിംഗ് കിസ്സ് എറിഞ്ഞു.ദേവി ഞെട്ടി പോയി.അവൾക്ക് പെട്ടെന്ന് അവനെ കാണണമെന്ന് തോന്നി.
അവൾ നേരെ സുഹൃത്ത് അനുപമയുടെ വീട്ടിലേക്ക് പോയി.എല്ലാ കാര്യങ്ങളും അവളോടാണ് ആദ്യം തുറന്ന് പറയുന്നത്.ജീവിതത്തിലെ വിഷമ ഘട്ടങ്ങളിൽ പരസ്പരം തുണയാകാറുള്ള ആത്മാർത്ഥ മിത്രങ്ങളാണവർ.
“ഒരു പെണ്ണിന് ആണിനോട് അടുപ്പം തോന്നുന്നത് വലിയ തെറ്റൊന്നുമല്ല ദേവി.നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താകും പ്രണയം നമ്മളിൽ കടന്ന് വരുന്നത്.നിൻ്റെ മുഖം കണ്ടപ്പോൾ തോന്നിയത്, നിനക്ക് അവനോട് കടുത്ത പ്രേമമാണെന്നാണ്.”
“ഒന്നും ഞാൻ നിഷേധിക്കുന്നില്ല, എനിക്ക് അവനോട് എന്തോ ഉണ്ട്.പക്ഷേ ഞാൻ തെരെഞ്ഞെടുത്ത സമയം,എൻ്റെ പ്രായം,അവന് ഇരുപത്തി മൂന്ന് വയസ്സ് മാത്രമേ ആയിട്ടുള്ളൂ.എന്നേക്കാൾ ഇളയവനായ അവനോട്,അതും വിധവയായ ഞാൻ…”
“നിർത്തൂ ദേവി,പ്രണയം അങ്ങനെയാണ്, അവൻ ആരാണ് ? നീയെങ്ങനെ അവനെ കണ്ട് മുട്ടി എന്നൊന്നും എനിക്കറിയില്ല.നീ പെട്ടെന്നൊന്നും അവന് പിടി കൊടുക്കരുത്, അവൻ്റെ പ്രണയത്തെ പരമാവധി ചുട്ട് പഴുപ്പിച്ച് എടുക്കണം.ഞാൻ പ്രണവിനെ ചെയ്ത പോലെ.പക്ഷേ അവനെ നോവിക്കരുത്.”
തൻ്റെ കാർ അവിടെയിട്ട് അനുപമയുടെ കാറിലാണവൾ ദേവലോകത്ത് എത്തിയത്.കാർ ദൂരെ നിർത്തി നടന്നാണവൾ വീട്ടിലേക്ക് കയറിയത്.അതും ഫ്രണ്ട് ഡോർ താക്കോൽ കൊണ്ട് തുറന്ന് കയറി.
ആരുടേയും ശ്രദ്ധയിൽ പെട്ടില്ല.അഥവാ ആരെങ്കിലും ചോദിച്ചാൽ ഒരു ഫയലെടുക്കാൻ വന്നെന്ന് പറയണം എന്ന് മനസ്സിൽ കരുതി.വാതിൽ തുറന്ന് അകത്ത് കയറുമ്പോൾ അവൾക്ക് എന്തോ ഒരു ഭീതി തോന്നി.അവനവിടെ കാണുമോ,എന്ത് ചെയ്യുകയാകും എന്ന ചോദ്യങ്ങൾ മനസ്സിൽ തോന്നി.
കിടപ്പ് മുറിയിൽ ഉറങ്ങി കിടന്ന നിധിൻ,മുൻ വാതിൽ തുറന്നതൊന്നും അറിഞ്ഞിട്ടില്ല.ശാന്തനായി ഉറങ്ങുന്ന അവനെ അവൾ ഒരു നിമിഷം നോക്കി നിന്നു.അവൾ തൻ്റെ അലമാരയിൽ ഫയലുകൾ തപ്പിയെടുത്ത് മടങ്ങി വന്നപ്പോഴും അവൻ നല്ല ഉറക്കമാണ്.
പറയാതെ മടങ്ങാമെന്ന് കരുതിയാണ് അവൾ ഒരിക്കൽ കൂടി അവൻ്റടുത്തേയ്ക്ക് ചെന്നത്.കട്ടിലിൽ ഇരുന്ന അവളെ പെട്ടെന്ന് അവൻ തന്നിലേക്ക് പിടിച്ച് വലിച്ചടുപ്പിച്ചു.അവൻ്റെ പുറത്തേക്കു മറിഞ്ഞ് വീണ അവൾ അവൻ്റെ കണ്ണുകളിലേക്ക് നോക്കി.
“ഉറക്കം നടിക്കുകയായിരുന്നല്ലേ.”
“എന്നെ ഉമ്മ വച്ച് ഉണർത്തുന്നത് ഞാൻ സ്വപ്നം കണ്ടിരുന്നു.കാത്തിരിക്കുകയായിരുന്നു, അവസാനം എൻ്റെ ക്ഷമ നശിച്ചു.”
അവനവളെ ചുറ്റി പിടിച്ചു കൊണ്ട് കട്ടിലിൽ ഉരുണ്ടു.അവളുടെ ശരീരം അവൻ്റെ ശരീരഭാരത്താൽ അമർന്നു.അവനവളുടെ കഴുത്തിലും കവിളിലും ചുംബിച്ചു.
“ദേവിയെ ഉമ്മ വച്ച് എനിക്ക് കൊതി തീരുന്നില്ല.ഇവിടെ അധികം നിൽക്കണ്ട.താൻ വരുമെന്ന് എനിക്കറിയാമായിരുന്നു.ഭക്ഷണം പോലും കഴിക്കാതെ കാത്തിരിക്കുകയായിരുന്നു.”
അവനവളെ പിടിച്ചു എഴുന്നേൽപ്പിച്ച് ഡൈനിങ് റൂമിൽ കൊണ്ട് പോയി.അവിടെ ഒരു പ്ലേറ്റിൽ വിളമ്പി അടച്ചു വച്ചിരുന്ന ചോറും കറികളും അവർ ഒന്നിച്ച് കഴിച്ചു,സ്നേഹം കൊണ്ടവൻ്റെ കണ്ണുകൾ നിറഞ്ഞു.
പോകാൻ നേരം പരസ്പരം അവർ ആലിംഗനം ചെയ്തു.
“എൻ്റെ തലയ്ക്ക് അവർ വിലയിട്ട് കഴിഞ്ഞു.ജീവിതത്തിൽ ഒരേയൊരു ലക്ഷ്യം മാത്രമേയിനി ബാക്കിയുള്ളൂ.തൻ്റെ സ്നേഹം എനിക്കെന്നും വേണം ,എനിക്കിപ്പോൾ മരിയ്ക്കാൻ മടി തോന്നുന്നു.നീയെന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നു.”
“ഞാൻ ക്യാമറയിലൂടെ നിന്നെ കാണുന്നുണ്ടായിരുന്നു.”
“ദേവീ….’
അവൾ പ്രണയപരവശയായി അവനിലേക്ക് വീണു.അവൻ കൂടുതൽ സംസാരിക്കാതിരിക്കാൻ അവളവനെ ഗാഡമായി ചുംബിച്ചു.
ഒടുവിൽ അവനെ തന്നിൽ നിന്നും വേദനയോടെ അവൾ പറിച്ചു മാറ്റി.ഒന്നും സംഭവിക്കാത്തത് പോലെ അവൾ മുൻ വാതിൽ പൂട്ടി, ഫയലുകളുമായി നടന്ന് കാറിൽ കയറി.
തുടരും….)
✍️✍️നിഷ പിള്ള


1 Comment
Pingback: ന്യൂസ് പേപ്പർ ബോയ് -11 - By Nisha Pillai - കൂട്ടക്ഷരങ്ങൾ