കൊഴിഞ്ഞുപോവുമോ അതോ പൊഴിഞ്ഞുപോവുമോ ഈ മാമ്പഴക്കാലവും സ്മൃതിമധുരമേകി…
ഋതുഭേദങ്ങളുടെ കാലഗണനകൾ കാലഹരണപ്പെടുമ്പോൾ,
കാലം കടുത്തമഷിയിൽ തിരുത്തലുകൾ രേഖപ്പെടുത്തുമ്പോൾ,
മറിയുന്നോരോ താളുകളും മാറ്റങ്ങളുടെ മാറ്റൊലിയുമായി…
ഇനിയൊരിക്കലും കൈവരാത്തയോർമ്മത്താളുകളിലോർമ്മകളായി കൊഴിയുന്നിതു ചിലർ,
ഇന്നീ നിമിഷമെന്നോർക്കിലും മാത്രയതൊന്നിലതുമൊരോർമ്മയാകും…
നാളെയെന്ന കരുതലിൽ നാളിതുവരെയറിഞ്ഞില്ലിന്നിനെ, ഇന്നലെകളുടെ ഭാരം പേറി തളരുന്നു, പിഴയ്ക്കുന്ന ചുവടുകളുടെ ശിഷ്ടവും ഭാണ്ഡത്തിൻ ഭാരമേറ്റുന്നു…
ഓർമ്മകൾ വേണമതെന്നാകിലും മാറാപ്പുകൾ പേറണോ അനുനിമിഷം,
മറക്കുക, പൊറുക്കുകയീ മാനവജീവനിൽ,
അനുദിനമുണരുക, നവസൗകുമാര്യമോടെ,
വിടർന്നുല്ലസിക്കുകയീ ജീവിതവാടിയിൽ…
★★★നിഷിബ എം നിഷി★★★
