എനിയ്ക്ക് നിന്റെ
ചാര നിറമാണിഷ്ടം,
ഞാനുടുത്തു തുരുമ്പിച്ച
എന്നോ കടും മഞ്ഞയായിരുന്നെന്ന്
തോന്നിച്ച, നരച്ച ചേലയിലാണ് എന്നെയേറെ
ചേലെന്നു നീയുമെന്നെ
കൊഞ്ചിച്ചിരുന്നല്ലോ…
എങ്കിലും നമ്മൾ
ചേർന്നിരിയ്ക്കുമ്പോൾ
മയില് പീലി നീർത്തിയിരിയ്ക്കും
പോലെയാണെന്ന്
അന്ന് കളിയായ്
കണ്ണിറുക്കിയതും
നീ തന്നെയല്ലേ..
എനിക്ക് പക്ഷേ നിന്നെ
കാൺകേ പരമശിവനെ
ഓർമ്മ വരും, ശേലിൽ
ജട വാരിച്ചുറ്റി ഒരു
ശ്രദ്ധയുമില്ലാതെ
വളർന്നു നീണ്ട താടിയും, ചില നേരങ്ങളിലെ
ശോകവും, മറ്റുചിലപ്പോൾ സംഹാരവും വിരിഞ്ഞു
നിൽക്കുന്ന മിഴികളും
വെണ്ണീരിന്റെ നിറവും
കാൺകേ അല്ലെങ്കിലും
വേറെ ആരോടാണ്
നിന്നെ ഉപമിക്ക്യ..?
