*🔷കവിത*
————–
*🟥കണക്ക് പുസ്തകം*
=====================
*🔶ബിന്ദു എസ് നായർ*
മുഷിഞ്ഞ പുറം ചട്ടയും
നിറം മങ്ങിയ താളുമായ്
പഴകിയ ഗന്ധം ചുരത്തുന്ന
എന്റെ കണക്ക് പുസ്തകം
തുരുമ്പിച്ചൊരലമാരയിലിരിക്കുന്നു
താളുകൾ മറിച്ചു ഞാൻ നോക്കി
അതിലൊരുപാടു കണ്ണീർ കണക്കുണ്ട്
വീട്ടുവാനാകാത്ത കണക്ക്.
കടംവാങ്ങിയതും ദാനമായ് തന്നതും
എല്ലാം കണക്കിൽ തെളിഞ്ഞു വന്നു
തിരികെക്കൊടുക്കുവാനാകാത്ത കടങ്ങളും
കടമയും കടപ്പാടുകളും
ചേർന്നഗ്നിയായെരിഞ്ഞതെൻ മനം
ഭാരം ചുമക്കുവാനാകാതെ
ശരീരം തളർന്നു പോയ്
ഹൃദയഭാരം താങ്ങാതെൻ മനസും തളർന്നു
മിഴികൾ മാത്രമിന്നുറവവറ്റാതെ
ഒഴുകുന്നു
കണക്കു പുസ്തകത്തിൻ
താളുകൾ മറിച്ചുമടുത്ത്
മലർന്നു ഞാൻ കിടക്കവേ
കാലന്റെ കണക്കു പുസ്തകത്തിൽ
ഇന്നെന്റെ പേരായിരുന്നു.
