ഞാനൊരു സമുദ്രം…
നീയെന്നിൽ
ചുറ്റി സഞ്ചരിക്കും
നാവികൻ…!
പ്രണയം പേറും യാനത്തിൻ
അണിയത്തും അമരത്തുമായ്
സ്വപ്നസഞ്ചാരി
നീയൊരൊറ്റ നാവികൻ…
തിരമുറിച്ച്, കപ്പൽപ്പാത താണ്ടി
കാലഭേദങ്ങൾ കടന്ന്
നിന്റെ നങ്കൂരങ്ങളാൽ
കണ്ടെടുക്കുക..
ഭൂമിയും ആകാശവും
കാണാതെ ഞാൻ
നിധിയൊളിപ്പിച്ച
ചുഴികൾ, കയങ്ങൾ,
പവിഴപ്പുറ്റുകൾ…
നിന്റെ വേലിയേറ്റങ്ങളാൽ
സമുദ്രാതിർത്തികൾ
മാറ്റിയെഴുതുക…
നിരന്തരമെന്നെ പുതുക്കി
അങ്കനമായ്പ്രണയക്കല്ലിടുക…
ഹവിസ്സാവുക നീ
പ്രണയം ജ്വലിക്കും
അഗ്നിപർവതങ്ങളിൽ…
ഹിമാനിയാവുക നീ
പ്രണയശേഷം തിളച്ചു പൊന്തും
ആഴിയിൽ…
നിന്റെ പ്രേമം പച്ച കുത്തിയ
വെൺകൊടിയൊന്ന്
പാറിക്കുകയെൻ
സമുദ്രഹൃദയത്തിൽ…!

1 Comment
നല്ലെഴുത്ത്-