കവിത:അച്ഛൻ
രചന : ബിന്ദു എസ് നായർ
അച്ഛന്റെ കൈപിടിച്ചാദ്യംചുവടുകൾ
വച്ചതെന്നമ്മപറഞ്ഞതോർക്കുന്നു ഞാൻ.
അച്ഛന്റെ തോളത്തിരുന്നാദ്യയാത്ര
ചോറൂണിനമ്പല നടയിലേക്ക്..
മൂന്നാം വയസിൽ മുറുമുറുപ്പോടെ ഞാനലറിക്കരഞ്ഞു കൊണ്ട –
ച്ഛന്റെ കൈപിടിച്ചാശാൻകളരിയിൽ
അക്ഷരം ചൊല്ലിപ്പഠിക്കുവാൻ പോയ്
അച്ഛൻഅടിച്ചത് നന്നാകാനാണെന്ന്
അമ്മപറഞ്ഞതുമോർക്കുന്നു ഞാൻ
അച്ഛനരികത്തിരിക്കുന്ന നേരത്ത്
ആകാശത്തോളമുയർന്നിടും ഞാൻ
പിറവിമുതൽക്കച്ഛൻരാപ്പകലില്ലാതെ
കുടുംബത്തിനായി വിയർപ്പുചിന്തി
തോഴനായ്,വാദ്ധ്യാരായ്,രക്ഷകനായ്
അച്ഛൻപലപലവേഷങ്ങൾ കെട്ടിയാടി.
മാംഗല്യവേളയിൽകൈപിടിച്ചന്യന്റെ
കയ്യിലേല്പിച്ച്പിടയുന്നനെഞ്ചും
നിറകണ്ണുമായ് തിരിഞ്ഞൊന്നു
നോക്കാതെമടങ്ങിയോരച്ഛൻ…
മരണംവരെയെന്റെയച്ഛന്റെഹൃദയം
ഈ മകളുടെ നൊമ്പരമോർത്തുതേങ്ങി
ഇനിയില്ലനിക്കില്ലെന്റെയച്ഛനുമച്ഛന്റെ
ഹൃദയം തുളുമ്പുന്നവാത്സല്യവും..
