അധ്യായം 1 മുതൽ ഇവിടെ വായിക്കാം
അദ്ധ്യായം 6
കടൽത്തീരത്ത് തണുത്ത കാറ്റിൻ്റെ ശക്തി വർദ്ധിച്ചു വന്നു. തിരകൾ ഒന്നിനു പുറകെ ഒന്നായി തീരത്തേക്ക് ആഞ്ഞടിക്കുന്നു. പൊട്ടിത്തകരുന്ന വേദനയുടെ നേർത്ത മന്ദഹാസം പോലെ, ഒരു നേർത്ത നിലാവ് സമുദ്രജലത്തിൽ അലിഞ്ഞുചേർന്നു. തിരകളുടെ ആരവം മാത്രം അന്തരീക്ഷത്തിൽ നിറഞ്ഞുനിന്നു. ആളൊഴിഞ്ഞ്, വിജനമായ കടൽത്തീരം ശൂന്യതയുടെ കരിമ്പടം പുതച്ചു. റസ്റ്റോറന്റിലേക്ക് പോകാനായി പുറപ്പെട്ട പൗർണ്ണമിയും ആകാശും ഇരുട്ടിൽ ഒരു നിഴൽ രൂപം കണ്ടു. “ആരായിരിക്കും ഈ രാത്രിയിൽ അവിടെ?” പൗർണ്ണമി ആരോടെന്നില്ലാതെ മന്ത്രിച്ചു.
ആകാശിനേയും കൂട്ടി അവൾ ആ രൂപത്തെ ലക്ഷ്യമാക്കി നടന്നു. അരികിലെത്തിയപ്പോൾ, അവൾ അവനെ സസൂക്ഷ്മം നിരീക്ഷിച്ചു. അവൻ്റെ മുടിയിലാകെ മണൽ പറ്റിപ്പിടിച്ചിരുന്നു. നിലാവെളിച്ചം ആ മുഖത്തേക്ക് നേർത്ത ഒരു പ്രഭ ചൊരിഞ്ഞു. കൗമാരത്തിൻ്റെ ചാഞ്ചല്യം സ്ഫുരിക്കുന്ന, മങ്ങിയ സ്വപ്നങ്ങൾ കാണുന്ന കണ്ണുകൾ. നിറുകയിലേക്ക് പാറിവീഴുന്ന ചുരുണ്ട മുടി. കട്ടിയുള്ള മീശ. സിഗരറ്റ് കറ പുരണ്ട ചുണ്ടുകൾ. അവൻ തലയാട്ടി, കൈവിരലുകൾ നിവർത്തുകയും മടക്കുകയും ചെയ്ത് എന്തെല്ലാമോ പിറുപിറുത്തു. ഒരു ഭ്രാന്തൻ്റെ തനി ഭാവം.
ആകാശ് ഗൗരവത്തിൽ ചോദിച്ചു: “നിങ്ങൾ ആരാണ്? എവിടെ നിന്ന് വരുന്നു? ഈ രാത്രിയിൽ ഈ കടപ്പുറത്ത് എന്തിന് വന്നുനിൽക്കുന്നു?”
അതിനു മറുപടി എന്നോണം അവൻ പൊട്ടിപ്പൊട്ടിച്ചിരിച്ചു. മുഖം കൊണ്ടും കൈകൊണ്ടും ഓരോ ചേഷ്ടകൾ കാണിച്ച് അവൻ പ്രതികരിച്ചു.
“വരൂ, നമുക്ക് പോകാം,” ആകാശ് പൗർണ്ണമിയോടു പറഞ്ഞു, “ഇതൊരു ഭ്രാന്തനാണെന്ന് തോന്നുന്നു.”
എങ്കിലും പൗർണ്ണമിയുടെ മനസ്സിൽ ഒരു സംശയം ബാക്കി നിന്നു. ‘ഇതെല്ലാം അവൻ്റെ ഒരു അഭിനയം ആയിക്കൂടെ?’ അവൾ കുറെ സമയം കൂടി ആ കടൽപ്പുറത്ത് ചിലവഴിച്ചു. രാത്രിയേറെ വൈകുന്നു, വാ നമ്മൾക്ക് പോകാം. ആകാശിൻ്റെ നിർബന്ധത്തിന് വഴങ്ങി അവൾ മനസ്സില്ലാമനസ്സോടെ തൊട്ടടുത്തുള്ള റസ്റ്റോറന്റിലേക്ക് നടന്നു. അവിടെ നിന്നും രുചികരമായ ഭക്ഷണം കഴിച്ച് അവർ നേരെ ബാൽക്കണിയിൽ പോയിരുന്നു. കടലിൻ്റെ മനോഹാരിതയും, ഇളംകാറ്റും നുകർന്ന് അവർ അവിടെ പലതും സംസാരിച്ചു. ശബ്ദരഹിതമായ ആ രാത്രിയിൽ, കരിമ്പടം പുതച്ച കടലിൻ്റെ സൗന്ദര്യവും നുകർന്ന് അവർ അവിടെയിരുന്നു.
അതിനിടയിൽ പൗർണ്ണമിയുടെ ഫോൺ മുഴങ്ങി. അവൾ ഫോണെടുത്തു. മറുതലയ്ക്കൽ നിന്ന് കേട്ട ആ ഞെട്ടിക്കുന്ന വിവരം അവളുടെ കാതുകളിലേക്ക് തുളച്ചുകയറി. “പ്രസിദ്ധ മയക്കുമരുന്ന് സംഘത്തിലെ പ്രതിയായ അഭിനവ് ജയിൽ ചാടി”. അവനെ രക്ഷിക്കാൻ ഏതാനും മണിക്കൂറിനുള്ളിൽ ഒരു ബോട്ട് തീരത്തടുക്കുമെന്നുള്ള മുന്നറിയിപ്പ്.
ഏതാനും മണിക്കൂറുകൾക്ക് മുൻപ് കയ്യിൽ നിന്നും വഴുതിപോയ ഭ്രാന്തൻ അഭിനവ് തന്നെയാണെന്ന് അവൾ മനസ്സിൽ ഉറപ്പിച്ചു. നിരാശബോധം അവളുടെ മനസ്സിനെ മഥിച്ചു.അവൾ പരിസരം പോലും മറന്നു അവിടെ നിന്നും ഓടി. ഒരൊറ്റ ലക്ഷ്യം മാത്രം അവളുടെ മുന്നിൽ തെളിഞ്ഞുനിന്നു, അവനെ എത്രയും വേഗം പിടികൂടണം.
“ആകാശ്! വേഗം! വേഗം!”
ആകാശും അവൾക്കൊപ്പം ഓടി. അയാൾക്കൊന്നും മനസ്സിലായില്ല, അത് പറയാനുള്ള സാവകാശവും അവൾക്ക് കിട്ടിയില്ല. അവളുടെ ലക്ഷ്യം തെറ്റിയില്ല. ആ മണൽത്തിട്ടയിൽ കിടന്ന് ആരോടോ ഫോണിൽ സംസാരിക്കുന്ന അഭിനവ് ! അവൾ മെല്ലെ അവൻ്റെ പിന്നിലൂടെ ചെന്ന് അതിവിദഗ്ദ്ധമായി ഫോൺ തട്ടിയെടുത്തു.
തല തിരിച്ച് നോക്കിയ അവൻ കണ്ടത് പൗർണ്ണമിയെയും ആകാശിനെയുമാണ്. അവൻ്റെ മുഖത്ത് സംശയത്തിൻ്റെ നിഴലുകൾ വിതറി.
അപകടം മണത്ത അവൻ പെട്ടെന്ന് ചാടി എഴുന്നേറ്റു. മിന്നൽ വേഗത്തിൽ പൗർണ്ണമിയുടെ മേൽ ചാടി വീണ് ഫോൺ കൈക്കലാക്കാൻ ശ്രമിച്ചു.
പൗർണ്ണമി ഫോൺ ആകാശിനു നേരെ നീട്ടി. പിന്നെ അവിടെ നടന്നത് പൊരിഞ്ഞൊരു പോരാട്ടമാണ്. അടി കൊണ്ടവൻ നിലത്ത് വീണു. ഈ സമയം ഡിഐജി ആകാശ് എല്ലായിടത്തേക്കും അടിയന്തിര സന്ദേശം അയച്ചു.
പൗർണ്ണമിയുടെ നേരെ കുതിച്ചു വരുന്ന അവനെ ആകാശ് നേരിട്ടു. അപ്പോഴേക്കും പോലീസ് സംഘം കടപ്പുറത്തെത്തി. രക്ഷപ്പെടാനായി കുതറി ഓടിയ അവനെ പിസ്റ്റൾ കൊണ്ട് നേരിട്ടു. ആ പൂഴിമണലിൽ അവൻ മൂക്കുകുത്തി വീണു. ആകാശ് അവൻ്റെ കൈകൾ പിന്നിലേക്ക് കെട്ടി ബന്ധിച്ചു.
ഡിഐജി ആകാശ് അവനെ വിലങ്ങണിയിച്ച് പോലീസ് ജീപ്പിൽ കയറ്റി സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി ലോക്കപ്പിലിട്ടു.
പോലീസ് അവനെ പലവിധത്തിലും ചോദ്യം ചെയ്തു. എന്നാൽ, അവൻ തന്ത്രപരമായി ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറി ഭ്രാന്തനായി അഭിനയിക്കുന്നത് തുടർന്നു.
“തടവ് പുള്ളി നിസ്സാരക്കാരനല്ല,” എന്ന് മനസ്സിലാക്കിയ പോലീസുകാർ അവന് നേരെ മൂന്നാം മുറ പ്രയോഗിച്ചു. തളർന്ന് അവശനായ അവൻ നിസാം എന്നൊരു വാക്ക് ഉച്ചരിച്ചു.
ഈ സമയം കൊണ്ട്, പൗർണ്ണമി അവൻ ഫോണിൽ ബന്ധപ്പെട്ടിരുന്ന ആളുടെ നമ്പറും പേരും സൈബർ സെല്ലിൻ്റെ സഹായത്തോടെ കണ്ടുപിടിച്ചു. നിസാമിൻ്റെ വീട് പയ്യന്നൂരിലാണ്.
ജോലിയിൽ ചേർന്ന ശേഷമുള്ള പൗർണ്ണമിയുടെ ആദ്യത്തെ കേസന്വേഷണം. അവൾ നിസാമിനെക്കുറിച്ച് രഹസ്യമായി അന്വേഷിച്ചു. കേസിൻ്റെ അന്വേഷണത്തിനായി നിസാമിൻ്റെ വീടിനടുത്ത് ഒരു വാടക വീട് അവർ അന്വേഷിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ അവർക്കവിടെ വീട് ശരിപ്പെട്ടു. മനോഹരമായ കൊത്തുപണികളോടു കൂടിയ ഒരു പഴയ ബംഗ്ലാവ് . ചായക്കടക്കാരൻ പപ്പുവിനെയാണ് ആ വീടിൻ്റെ താക്കോൽ ഏൽപ്പിച്ചിരുന്നത്. പപ്പു ആ വീടിൻ്റെ കാര്യസ്ഥനാണ്.
ആൾത്താമസമില്ലാത്ത ആ വീട് ഒരു സുബൈദാറുടേതാണ്. അദ്ദേഹവും ഭാര്യയും മരിച്ച ശേഷം ഏക മകൻ പ്രണവ് അങ്ങോട്ടൊന്നും വരാറില്ല. ആൾത്താമസമില്ലാത്തതുകൊണ്ട് അന്ധകാരം മുറ്റിനിന്ന ആ പ്രദേശം ഒരു കാടിൻ്റെ പ്രതീതി ജനിപ്പിച്ചു.
പപ്പു ആ വീടും പരിസരവും വൃത്തിയാക്കിക്കൊടുത്തു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ, പൗർണ്ണമിയും സഹപ്രവർത്തക രേണുവും അവിടെ താമസത്തിന് വന്നു. പ്രകൃതിരമണീയമായ ആ സ്ഥലം പൗർണ്ണമിക്ക് ഏറെ ഇഷ്ടപ്പെട്ടു.
ബംഗ്ലാവിൽ നിന്ന് നോക്കിയാൽ നിസാമിൻ്റെ വീട് കാണാം. അതുകൊണ്ടാണ് അവർ ഈ വീട് തന്നെ തിരഞ്ഞെടുത്തത്. കേസന്വേഷണത്തിന് അതൊരു സുഗമമായ മാർഗ്ഗമാണ്. പകൽ സമയങ്ങളിൽ പൗർണ്ണമിയും രേണുവും കൂടി ആ പ്രദേശമാകെ ചുറ്റിനടന്ന് വീക്ഷിച്ചു. ആ പ്രദേശത്തെ ആളുകൾ ആശ്രയിച്ചിരുന്ന ചായക്കട പപ്പുവിൻ്റെതാണ്. ഇടയ്ക്കിടെ പപ്പുവിൻ്റെ ചായക്കടയിൽ കയറി അവർ ഓരോ ചായയും കുടിച്ച്, നിസാമിൻ്റെ വിവരങ്ങൾ തിരക്കും.
ഒരു സന്ധ്യയ്ക്ക് പൗർണ്ണമി മട്ടുപ്പാവിൽ പ്രകൃതിഭംഗി ആസ്വദിച്ച് നിൽക്കുകയായിരുന്നു. പടിഞ്ഞാറ് നിന്ന് വരുന്ന ഇളം കാറ്റിൻ്റെ ചലനങ്ങൾ അവളുടെ നെറ്റിയിലേക്ക് ഉതിർന്നുകിടക്കുന്ന അളകങ്ങളെ ചലിപ്പിച്ചു. അവളുടെ പുരികക്കൊടികളെ തഴുകിക്കൊണ്ടിരുന്ന ആ കറുത്തിരുണ്ട ചുരുണ്ട മുടി കാറ്റിൽ പാറിപ്പറന്നു. അവളുടെ തുടുത്ത കവിൾത്തടങ്ങളിൽ നിലാവിൻ്റെ കരങ്ങൾ തഴുകി.
നേരം പാതിരാ കഴിഞ്ഞപ്പോൾ അവൾ കിടക്കാനായി തയ്യാറെടുത്തു. രേണു അപ്പുറത്തെ മുറിയിലാണ്. ലൈറ്റ് അണച്ച് അവൾ കിടന്നു. രാത്രി പന്ത്രണ്ട് മണി കഴിഞ്ഞപ്പോൾ നിസാമിൻ്റെ വീട്ടിൽ വാഹനങ്ങൾ വന്ന് നിൽക്കുന്നതും, നേരിയ തോതിലുള്ള തട്ടലും മുട്ടലും ശബ്ദവും കേട്ടു. പൗർണ്ണമി മെല്ലെ എഴുന്നേറ്റ് ജനാലയിലൂടെ അപ്പുറത്തെ വീട്ടിലേക്ക് നോക്കി. നിസാമിൻ്റെ വീട്ടുമുറ്റത്ത് സാമാന്യം വലുപ്പമുള്ള നാലോ അഞ്ചോ ലോറികൾ കിടക്കുന്നു.
ആരൊക്കെയോ സ്പിരിറ്റ് നിറച്ച ക്യാനുകൾ വണ്ടിയിലേക്ക് കയറ്റുകയും, ഒഴിഞ്ഞ ക്യാനുകൾ അതിൽ നിന്ന് ഇറക്കുകയും ചെയ്യുന്നു. ചാക്കിൽ പൊതിഞ്ഞ ഏതാനും കെട്ടുകളും അതിനിടയിൽ തിരുകിക്കയറ്റുന്നു. അവൾ ഈ രംഗങ്ങൾ മുഴുവൻ അവളുടെ മൊബൈൽ ക്യാമറയിൽ പകർത്തി.
ഉടൻ തന്നെ ആകാശിനെയും സുഹൃത്തായ ഡിറ്റക്റ്റീവ് രാജശേഖരനുണ്ണിയെയും ഫോണിൽ വിളിച്ച് വിവരങ്ങൾ ധരിപ്പിച്ചു. പിറ്റേന്ന് നെൽസന്റെ മെഴ്‌സിഡസ് ബെൻസ് കാർ പൗർണ്ണമിയുടെ വീട്ടു മുറ്റത്ത് വന്നു നിന്നു. അവർ പരസ്പരം വിവരങ്ങൾ കൈമാറി. നെൽസൺ രണ്ട് ദിവസം നിസാമിൻ്റെ ചലനങ്ങൾ ശ്രദ്ധിക്കാനായി അവിടെ താമസിക്കാൻ തീരുമാനിച്ചു.
പിറ്റേന്ന് വലിയ പ്രതിബന്ധങ്ങളൊന്നുമില്ലാതെ കടന്നുപോയി. രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഇതേ സംഭവം വീണ്ടും ആവർത്തിച്ചു. പൗർണ്ണമി നെൽസനെയും രേണുവിനെയും വിളിച്ച് ഈ രംഗം കാണിച്ചുകൊടുത്തു.
നെൽസൺ തത്സമയ വിവരങ്ങൾ ആകാശിനെയും, പോലീസ് ഡിപ്പാർട്ട്‌മെന്റിലേക്കും അറിയിച്ചു. പൗർണ്ണമിയും എല്ലായിടത്തേക്കും വയർലെസ് സന്ദേശം കൈമാറി. ഉടൻ തന്നെ വൻ പോലീസ് സംഘം നിസാമിൻ്റെ വീട് വളഞ്ഞു. അപ്രതീക്ഷിതമായ ഈ നീക്കം കാരണം അവൻ്റെ രക്ഷപ്പെടാനുള്ള എല്ലാ വഴികളും അടഞ്ഞു. ഉഗ്രപോരാട്ടം തന്നെ നടന്നു. തോക്കെടുക്കാനായി ഉള്ളിലേക്കോടിയ അവനെ നെൽസൺ തൻ്റെ ബലമുള്ള കൈകൾ കൊണ്ട് പ്രഹരിച്ച് വീഴ്ത്തി. അങ്ങനെ അവൻ്റെ കൈകൾ ബന്ധിച്ച്, വീടും സ്വത്തുക്കളും സീൽ ചെയ്ത് പൂട്ടി, അവനെ പോലീസ് വാഹനത്തിൽ കയറ്റി സ്റ്റേഷനിലേക്ക് പറന്നു.നിരവധി കളവും കൊലപാതകങ്ങളും നടത്തിയിട്ടുള്ള നിസാമിനെയും അവൻ്റെ കൂട്ടാളികളെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
വർഷങ്ങളായി തെളിവുകിട്ടാതെ കിടന്നിരുന്ന കേസുകൾ, പൗർണ്ണമിയുടെ കൂർമ്മബുദ്ധികൊണ്ട് നിഷ്പ്രയാസം തെളിയിച്ചു. മേലാധികാരികൾ അവളെ പ്രശംസിച്ചു. അവിടെ വീടെടുക്കുവാനുളള തീരുമാനം ഉചിതമായിരുന്നെന്ന് ആകാശും അഭിപ്രായപ്പെട്ടു.
പോലീസ് ഡിപ്പാർട്ട്‌മെന്റിന് തന്നെ അഭിമാനമായി തിളങ്ങുന്ന ഒരു നക്ഷത്രമായി മാറിയ പൗർണ്ണമിയെ, വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സ്വീകരണവും ആദരവും നൽകി. ഭാര്യയ്ക്ക് പിന്തുണയുമായി ആകാശും അവർക്കൊപ്പം നിന്നു.
തെളിയിക്കപ്പെടാതെ കിടന്ന പല കേസുകൾക്കും , തുമ്പ് ഉണ്ടായി. പലരും തടവിലായി. അവിനാശിൻ്റെ കേസ് കോടതിയിൽ വിചാരണയ്ക്കായി എത്തി. പലപ്പോഴും , പൗർണ്ണമിക്ക് കോടതിയിലേക്ക് പോകേണ്ടിയതായി വന്നു. പൗർണ്ണമിയേയും, ആകാശിനേയും വകവരുത്തുവാൻ ശത്രുക്കൾ പല പദ്ധതികളും തയാറാക്കി.
പൗർണ്ണമി ഒരു ദിവസം കോടതിയിലേക്ക് പോകുന്ന വഴിയാണ് ആ അത്യാഹിതം സംഭവിച്ചത്.
തുടരും.


5 Comments
👍👍
Thank you so much
ചേച്ചി.. അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ്..
നല്ല രചന 👌
രണ്ടു ദിവസത്തിനുള്ളിൽ ഇടാം
Pingback: മനസ്സിനുള്ളിലെ പറുദീസ അദ്ധ്യായം 5 - ആ യാത്രയുടെ ലഹരി - By Syamala Haridas - കൂട്ടക്ഷരങ്ങൾ