തിരക്കുകൂട്ടും മനുഷ്യരെ
പുച്ഛമാണെനിക്കെപ്പൊഴും
തിരക്കിനെക്കുറിച്ചെഴുതുവാൻ
ഉള്ളിൽ മോഹമുണ്ടിപ്പൊഴും
തിരക്കൊഴിഞ്ഞൊരു
നേരം നോക്കി ഞാൻ
ഇരിക്കുകയാണിപ്പൊഴും
തിരക്കൊഴിഞ്ഞാൽ ഉടനെ ഞാൻ
തിരക്കിനെക്കുറിച്ചെഴുതിടാം
തിരക്കൊഴിഞ്ഞൊരു നേരമുണ്ടേൽ
വായിക്കേണം നിങ്ങളും
കളിചിരികളും കുസൃതിയും
ബാല്യമങ്ങ് കഴിഞ്ഞുപോയ്
പഠനഭാരം, പരീക്ഷ അങ്ങനെ
കൌമാരവും കടന്നുപോയ്
ജോലി തേടി നടന്നിട്ടങ്ങനെ
വിടപറഞ്ഞൂ യൌവനം
ജോലി നേടി തിരക്കു കൂടി
കാലമങ്ങനെ കഴിഞ്ഞുപോയ്
മനസ്സിനൊത്ത് ശരീരം നിൽക്കാ-
താശുപത്രിയിലെത്തി ഞാൻ
തിരക്കു കൂട്ടി ചെന്നു കേറി
ഡോക്ടറോടു തിരക്കി ഞാൻ
വിശ്രമിക്കാൻ നേരമായെന്നോതി
അപ്പോൾ ഡോക്ടറും
ഫാനും നോക്കി കിടപ്പിലായ്
തിരക്കൊഴിഞ്ഞൊരു നേരമായ്
തിരക്കി വരുവാനാളൊഴിഞ്ഞു
തിരക്കിലാണെൻ മക്കളും
തിരിച്ചു പോകാൻ മോഹമേറെ
തിരക്കിലല്ലോ കാലനും!
തിരക്കുകൂട്ടുകയാണ് മക്കൾ
സ്വത്ത് ഭാഗം വെയ്ക്കുവാൻ
പൾസ് നോക്കി മടുത്തു ചുറ്റിലും
കറങ്ങി നിൽപ്പുണ്ടിപ്പൊഴും
തിരക്കു കൂട്ടുകയാണവർ, അത്
തിരിച്ചറിയുന്നുണ്ടു ഞാൻ
