ഒന്നിച്ചിരുന്ന് പ്രാതൽ കഴിക്കുമ്പോൾ ആര്യൻ്റെ കണ്ണുകൾ പ്രണവിലായിരുന്നു.ഒരിക്കൽ സുന്ദരനായിരുന്ന യുവാവിന്റെ വെറുമൊരു പേക്കോലമായിരുന്നു അത്.ആര്യൻ്റെ ശ്രദ്ധ മുഴുവൻ പ്രണവിന്റെ കണ്ണുകളിൽ ആയിരുന്നു.ചത്ത് മലച്ച മീനിന്റെ കണ്ണുകൾ പോലെ, ദൃഷ്ടി ഉറപ്പിക്കാൻ അയാൾ പാടുപ്പെട്ടു.
ആര്യന് വേണ്ടി വീട്ടിലെ ഏറ്റവും വലിപ്പമുള്ള മുറി തന്നെ അനുപമ ഒരുക്കി നൽകി.പ്രാതൽ കഴിഞ്ഞ് ആര്യൻ വിശ്രമിക്കുമെന്നാണ് കരുതിയതെങ്കിലും അയാൾ ഫ്രഷ് ആയതിന് ശേഷം പൂന്തോട്ടത്തിലേക്ക് വന്നു.അവിടെ ദേവിയും അനുപമയും കുട്ടികളുമായി പന്ത് കൊണ്ട് കളിക്കുകയായിരുന്നു.
കുട്ടികളുടെ കളികൾ ആര്യൻ ആസ്വദിച്ച് കണ്ട് കൊണ്ടിരുന്നു.കുട്ടികൾക്ക് ഭക്ഷണ സമയമായപ്പോൾ ആയ വന്ന് ഇളയ കുട്ടിയെ വീട്ടിലേക്ക് കൂട്ടി കൊണ്ട് പോയി.അവരെ സഹായിക്കാൻ മൂത്ത കുട്ടിയേയും കയ്യിൽ എടുത്തു കൊണ്ട് അനുപമ ആയയുടെ പിറകെ പോയി.ആ സമയത്ത് ദേവി ആര്യനൊപ്പം തനിച്ചായി.പരസ്പരം സംസാരിക്കാൻ വിഷയമൊന്നും കിട്ടാതെയിരുന്നപ്പോൾ ദേവി ചോദിച്ചു.
“അപ്പോൾ എങ്ങനെയാണ് കാര്യങ്ങൾ? പ്രണവിന്റെ സ്പിരിച്ച്യൽ ട്രീറ്റ്മെന്റ് എപ്പോൾ തുടങ്ങാനാണ് ആര്യൻ്റെ തീരുമാനം.”
ആര്യനൊന്നു ചിരിച്ചു.
“എത്രയും പെട്ടെന്ന് തന്നെ തുടങ്ങണം,ചിലപ്പോൾ ഇന്ന് തന്നെ ,ഇവിടെ വന്ന നിമിഷം മുതൽ ഞാനും കുടുങ്ങിയ അവസ്ഥയിലാണ്.എനിക്ക് പ്രപഞ്ചത്തിൽ നിന്നും സിഗ്നൽസ് ഒന്നും തിരികെ ലഭിക്കുന്നില്ല.ഞാൻ ഗുരു ബാബയ്ക്ക് ടെലിപ്പതിക് മെസേജ് അയച്ചിട്ടുണ്ട്.മനസ്സിൽ കാർമേഘം മൂടി കെട്ടിയ അവസ്ഥയാണ്.ഇവിടം ,ഈ പൂന്തോട്ടം ഹീലിംഗിന് വളരെ നല്ലതാണ്,നല്ല സൂര്യ പ്രകാശം,ഇളം കാറ്റ് ,ഞാൻ ഈ പുൽപ്പരപ്പിൽ ഒന്നിരുന്നു ധ്യാനിച്ച് നോക്കട്ടെ.”
വെളുത്ത കുർത്തയും പൈജാമയും ധരിച്ച ആര്യൻ തന്റെ പാദരക്ഷകൾ ഊരി മാറ്റിയിട്ട്, മുന്നിലെ പുൽത്തകിടിയിൽ ഇരുന്നു.തടിച്ച ശരീര പ്രകൃതമുള്ള ആര്യൻ വളരെ അനായേസേന പത്മാസനത്തിലിരുന്നു ,അയാളുടെ ചെറുതും എന്നാൽ മനോഹരവും തിളക്കമുള്ളതുമായ കണ്ണുകൾ മെല്ലെ അടച്ചു.ചുറ്റുമുള്ള ഭൂമി നിശബ്ദമായത് പോലെ ,ദേവി ആര്യൻ നോക്കി മുന്നിലെ കസേരയിലിരുന്നു.
പത്തു പതിനഞ്ചു നിമിഷത്തിനു ശേഷം ആര്യൻ കണ്ണ് തുറന്നു,അയാളുടെ ദൃഷ്ടികൾ ദേവിയിൽ തറച്ചു നിന്നു.അയാൾ മെല്ലെ പുഞ്ചിരിച്ചു.പിന്നീട് അയാൾ വളരെ കഷ്ടപ്പെട്ട് പുൽത്തകിടിയിൽ നിന്നും എഴുന്നേറ്റു , ചെരിപ്പുകൾ ഇട്ടിട്ട് ദേവിയുടെ അടുത്ത് വന്നിരുന്നു.
“ഒടുവിൽ എനിക്കൊരു ഉത്തരം കിട്ടി.ദേവിയുടെ ചെരുപ്പുകൾ ഊരി മാറ്റി ,ഈ പുൽത്തകിടിയിൽ അമർത്തി ചവിട്ടി നടന്ന് നോക്കൂ.നല്ല ഊർജ്ജം പ്രകൃതിയിൽ നിന്നും നമുക്ക് കിട്ടും.”
ആര്യൻ പറഞ്ഞ പോലെ ദേവി തന്റെ കാലുകൾ പുല്ലിൽ ചവിട്ടി നിന്നു.ഇളം പുല്ലുകൾ അവളുടെ ചുവന്ന പാദങ്ങളെ ഇക്കിളിപെടുത്തി.അവൾ പുഞ്ചിരിച്ചു കൊണ്ട് ആര്യനെ നോക്കി.അവൾ പരിസരം മറന്ന് , ഉപ്പൂറ്റി പൊക്കി ,കൈകൾ വീശി സ്വയം ഒന്നും വട്ടം കറങ്ങി.അതിഷ്ടമായത് പോലെ അവൾ ചിരിച്ചു,പിന്നെ നാലഞ്ച് തവണ കൂടി അവൾ കറങ്ങി.പിന്നീട് ആര്യൻ്റെ അടുത്ത് ദേവി വന്നിരുന്നു.
“ഇപ്പോൾ എന്ത് തോന്നുന്നു.”
“നല്ല ഫീൽ,നല്ല എനർജി.”
ആര്യൻ കുർത്തയുടെ പോക്കറ്റിൽ നിന്നും ഒരു സെറ്റ് ടാരോ കാർഡുകൾ പുറത്തെടുത്തു, പലപ്രാവശ്യം അയാൾ കാർഡുകൾ മാറ്റി മറിച്ചു.അതിൽ നിന്നും ഒരു കാർഡ് പ്രാർത്ഥിച്ച് കൊണ്ട് തെരഞ്ഞ് എടുക്കാൻ ആര്യൻ ദേവിയോട് പറഞ്ഞു.
“ഏറ്റവുംഇഷ്ടമുള്ള വ്യക്തിയെ മനസ്സിൽ വിചാരിച്ചു കൊണ്ട് , പ്രാർത്ഥിച്ച് കൊണ്ട് ഒരു ടാരോ കാർഡ് എടുക്കൂ.”
ദേവി ഒരു കാർഡ് തെരെഞ്ഞെടുത്തു.അത് അവൾ ആര്യനെ ഏൽപ്പിച്ചു.
“എർത്ത് അഥവാ ഭൂമി.ഭൂമി എന്നാൽ പഞ്ച തന്മാത്രകളാൽ നിർമ്മിതം.”
“എന്ന് വച്ചാൽ.”
“പറയാം.ഒരു കാർഡ് കൂടി എടുക്കൂ.”
ദേവി മറ്റൊരു കാർഡ് കൂടി തെരെഞ്ഞെടുത്ത് ആര്യൻ്റെ കയ്യിൽ കൊടുത്തു.
“ഫൈവ് ഓഫ് വാൻഡ്‌സ്, സ്നേഹം ,അതാണ് ഉത്തരം.ആരെയാണോ നിങ്ങൾ നിനച്ചത്,അയാൾക്ക് അഞ്ചു തരത്തിലുള്ള ഇഷ്ടങ്ങൾ നിങ്ങളോടുണ്ട്.”
“അഞ്ചുതരത്തിലെ ഇഷ്ടങ്ങളോ?”
“അതെ ,അഞ്ചിഷ്ടങ്ങൾ അയാൾക്ക് നിങ്ങളോടുണ്ട്.”
“അതെന്താണ്?”
“നിങ്ങളെ അയാൾ മനസ്സുകൊണ്ടും ശരീരം കൊണ്ടും ആത്മാവുകൊണ്ടും ഇഷ്ടപ്പെടുന്നു.നിങ്ങളെ കാണാനും ,നിങ്ങളുടെ സ്വരം കേൾക്കാനും അയാൾക്ക് വലിയ ഇഷ്ടമാണ്.അയാളുടെ സാന്നിധ്യം നിങ്ങളെയും വളരെയധികം സന്തോഷിപ്പിക്കുന്നു.”
ദേവിയുടെ കണ്ണുകൾ നിറയുന്നത് ശ്രദ്ധിച്ച ആര്യൻ വിഷയം മാറ്റാൻ ശ്രമിച്ചു.
“നമ്മുടെ അടുക്കളയിൽ സാധാരണ കാണാറുള്ള ഒരു മാന്ത്രിക വസ്തുവുണ്ട്.അതിനു നമ്മുടെ മോശം മാനസികാവസ്ഥയെ മാറ്റാനുള്ള കഴുവുണ്ട്.അതെന്താണെന്നു ദേവിയ്ക്കറിയാമോ?”
ഇല്ലായെന്ന് ദേവി തലകുലുക്കി.
“നമ്മുടെ കടലുപ്പ് ,അതാണ് ആ മാന്ത്രിക വസ്തു ,ഞാനെന്തിനാ ദേവിയോട് ഇതൊക്കെ പറയുന്നത് എന്നറിയാമോ, എന്റെ ധ്യാനാവസ്ഥയിൽ ,സൂക്ഷ്മ നയനങ്ങളാൽ ഞാൻ ദേവിയെ നോക്കിയപ്പോൾ ദേവിയുടെ ഓറ നല്ല ചാര നിറത്തിലാണ് കണ്ടത്.സാധാരണ ദേവിയെ പോലെ വളരെ സുന്ദരിയായ ,ഓജസുള്ള, ദേവതയെ പോലൊരു ,സ്ത്രീയുടെ ഓറ വെള്ള നിറത്തിലോ ,പർപ്പിൾ നിറത്തിലോ ആയിരുന്നു കാണേണ്ടിയിരുന്നത്.”
“അതെന്താ അങ്ങനെ?”
“ഞാനും അത് തന്നെയാണ് ആലോചിക്കുന്നത്.അന്ന് ദേവി പ്രണവിന് വേണ്ടി റീഡിങ് ബുക്ക് ചെയ്ത ദിവസം ,ദേവി ഫോണിൽ പറഞ്ഞ പ്രശ്നങ്ങൾ സൊനാലി എന്നോട് ഫോണിലൂടെ അറിയിച്ചിരുന്നു.ഞങ്ങൾ അത് അന്ന് തന്നെ ചർച്ച ചെയ്തിരുന്നു.ആദ്യം അത് ദേവിയുടെ സ്വന്തം കുടുംബ പ്രശ്നമാണെന്നാണ് ഞാൻ കരുതിയത്.ഞാൻ സൊനാലിയോട് ഈ പ്രശ്നം പഠിക്കാനായി ക്ലൈന്റിന്റെ പ്രൊഫൈൽ ഡീറ്റെയിൽസ് എനിക്ക് ഒന്ന് അയച്ചു തരാൻ പറഞ്ഞിരുന്നു.ഞാൻ ദേവിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ചെക്ക് ചെയ്തു.ദേവിയുടെ വിവിധചിത്രങ്ങളിൽ എനിക്ക് ഒരു ദേവതാ രൂപമാണ് കാണാൻ സാധിച്ചത്.ദുഷ്ടാത്മാക്കളാൽ ചുറ്റപ്പെട്ട ഒരു ദേവതയുടെ രൂപം.”
“ദുഷ്ടാത്മാക്കളോ?”
“ദുഷ്ടാത്മാക്കൾ എന്നാൽ മരിച്ച ആത്മാക്കൾ എന്നല്ല അർത്ഥം , ജീവനുള്ളവരുടെ കരാള ഹസ്തങ്ങളിൽ അകപ്പെട്ട പാവം ദേവതാ രൂപം.”
“എനിക്ക് പരിഹാരം എന്ത് ചെയ്യാൻ കഴിയുമോ.”
“കടലുപ്പിനു ചുറ്റുമുള്ള നെഗറ്റീവ് എനർജിയെ ആഗിരണം ചെയ്യാനുള്ള കഴിവുണ്ട്.ഉപ്പുവെള്ളം കൊണ്ട് വീട് തുടച്ചാൽ ,വീടും പരിസരവും ശുദ്ധീകരിക്കാൻ കഴിയും.ഞാൻ എല്ലാവരോടും കടലിൽ പോയി മുങ്ങികുളിക്കാൻ നിർദ്ദേശിക്കാറുണ്ട്.അല്ലെങ്കിൽ ഒരു ബക്കറ്റ് വെള്ളത്തിൽ ഒരു പിടി കല്ലുപ്പിട്ട് ,അതിൽ കുളിക്കാൻ പറയും.ദേവിയും അങ്ങനെ ഒന്ന് ചെയ്തു നോക്കൂ.”
“ഇങ്ങനെയുള്ള വിശ്വാസങ്ങളൊക്കെ ഇക്കാലത്തുമുണ്ടോ?”
“ദേവിക്ക് പല്ലുവേദന ഉണ്ടായിട്ടുണ്ടോ.പല്ലുവേദനയും മോണയിൽ പഴുപ്പും ഒക്കെ വരുമ്പോൾ വീട്ടിൽ ഉപ്പുവെള്ളം വായിൽ കൊള്ളാൻ പറയാറില്ലേ.ഉപ്പുവെള്ളം പഴുപ്പിനെ വലിച്ചെടുത്തു വേദനയ്ക്ക് ആശ്വാസം നൽകാറുണ്ട്.ശാരീരിക വേദനയും തളർച്ചയും ഉള്ളപ്പോൾ ഉപ്പുവെള്ളത്തിൽ കുളിക്കുന്നതെന്തിനാണ്.വളരെ ക്ഷീണിച്ചു തളർന്ന സായാഹ്നത്തിൽ നിങ്ങളുടെ കാലുകൾ ഇളം ചൂടുള്ള ഉപ്പുവെള്ളത്തിൽ കുറച്ച് നേരം മുക്കി വയ്ക്കുക.ആൻഡ് യു ക്യാൻ സീ ദ മാജിക് എന്നാ പറയാറ്.ശരീരത്തിനും മനസിനുംനല്ല സുഖം ലഭിക്കും.സ്ഥിരം ഉണ്ടാകുന്ന ദുസ്വപ്നങ്ങളിൽ നിന്നും രക്ഷപെടാൻ തലയിണ കീഴിൽ ഉപ്പ് കിഴികെട്ടി തുണിയിൽ പൊതിഞ്ഞു വയ്ക്കുക.ഞാനിപ്പോൾ ഇതൊക്കെ പറഞ്ഞത് ദേവിയുടെ നെഗറ്റീവ് ഓറ ഒന്ന് ക്ലീൻ ചെയ്യാനാണ്.ഞാൻ പോകുന്നതിനു മുൻപ് എനിക്ക് ദേവിയെ പഴയ പോലെ പ്രസന്നവതിയാക്കണം.”
അപ്പോഴേക്കും അനുപമ അവരുടെ അടുത്തെത്തി.
“എന്താണ് ദേവി നീ കരയുകയായിരുന്നോ ?എന്താണ് നിന്റെ മുഖം വല്ലാതെയിരിക്കുന്നത്.”
ദേവി മുഖം തുടച്ചു.
“ഞാൻ ആര്യന്റെ മുന്നിൽ എന്റെ മനസൊന്നു തുറന്നു പിടിയ്ക്കാൻ ശ്രമിച്ചതാണ് ,പക്ഷെ ഞാൻ പരാജയപെട്ടു പോയി.എനിക്ക് ആര്യനോട് ഒന്നും പറയാൻ കഴിഞ്ഞില്ല.”
“സാരമില്ല,ഇനിയും സമയമുണ്ടല്ലോ.വാ ആര്യന് വിശ്രമിക്കാൻ സമയമായി.വരൂ നമുക്ക് അകത്തേയ്ക്കു പോകാം.”
ആര്യനെ വിശ്രമിക്കാനുള്ള മുറിയിലാക്കി,ദേവി അനുപമയെ സഹായിക്കാൻ അടുക്കളയിൽ കൂടി. അനുപമ ജോലിക്കാരിയോടൊപ്പം ആര്യന് വേണ്ടി വിഭവ സമൃദ്ധമായ സദ്യ ഒരുക്കി.ദേവി അമ്മയെ വിളിച്ചു വൈകുമെന്ന് പറഞ്ഞു.സാധാരണ പറയാതെ പോകുമ്പോൾ ദേഷ്യപെടുന്ന പ്രൊഫസർ മാലതി പതിവിനു വിപരീതമായി സ്നേഹത്തോടെ പെരുമാറിയത് കണ്ട് അവൾക്കു അത്ഭുതമായി.
രാവിലെ വളരെ നേരത്തെ ഉണർന്ന ക്ഷീണം കൊണ്ട് ദേവി കസേരയിലിരുന്നു ഉറങ്ങി പോയി.ചുറ്റും കളിചിരി ശബ്ദം കേട്ടവൾ ഉണർന്നു.അവിടെ ഭക്ഷണം വിളമ്പുന്ന തിരക്കിലായിരുന്നു അനുപമ.കുട്ടികളെ കയ്യിലെടുത്ത് മാനേജർ അടുത്ത് തന്നെയുണ്ട്.ഒരു ടീ ഷർട്ടും ഷോർട്ട്സും അണിഞ്ഞ ആര്യൻ ദേവിയുടെ അടുത്ത് പുഞ്ചിരി തൂകി നില്ക്കുന്നു.
ദേവി എഴുന്നേറ്റു ഭക്ഷണം വിളമ്പാൻ അനുപമയ്‌ക്കൊപ്പം കൂടി.കഴിക്കാൻ ഇരുന്നപ്പോൾ ആര്യന്റെ അടുത്തായിരുന്നു ദേവിയുടെ ഇരിപ്പിടം.ആര്യനാകട്ടെ ദേവിയെ തന്നെ നോക്കി പുഞ്ചിരി തൂകി ഇരിക്കുകയാണ്.ആ നോട്ടം സുഖകരമായി ദേവിയ്ക്ക് തോന്നി.ഭക്ഷണം കഴിഞ്ഞു ദേവിയോടൊപ്പം ബാൽക്കണിയിൽ അനുപമയും ആര്യനും വന്നിരുന്നു.
“ഞാൻ നല്ലൊരു മുഹൂർത്തത്തിനും ബാബയുടെ നിർദ്ദേശത്തിനും കാത്തിരിക്കുകയായിരുന്നു.ഇന്ന് സന്ധ്യാ സമയത്ത്,അതായത് അസ്തമയ സമയത്ത് ഞാൻ ആ മുറിയിൽ പ്രവേശിക്കാൻ തീരുമാനിച്ചു.എന്റെ കൂടെ രണ്ടു പേര് സഹായികളായി വേണം.അത് പ്രണവിന്റെ അഭ്യുദയകാംക്ഷികളായ നിങ്ങൾ രണ്ടുപേരുമാണെങ്കിൽ നല്ലതായിരുന്നു.”
“ഞാൻ തയാറാണ് ”
ദേവി ആത്മവിശ്വാസത്തോടെ പറഞ്ഞു.
“ഞാൻ അത് കഴിഞ്ഞേ വീട്ടിലേയ്ക്കു മടങ്ങുന്നുള്ളൂ.”
“ഒരു ദിവസത്തെ കാര്യമല്ല ഞാൻ പറഞ്ഞത്,നാളെയും മറ്റന്നാളും എനിക്ക് നിങ്ങളുടെ സഹായം വേണം.”
ആര്യൻ സുഗന്ധമുള്ള മെഴുകുതിരികൾ പ്രണവിനെ മുറിയുടെ നാലുമൂലയിലും കത്തിച്ചു വച്ചു .അയാൾ എന്തൊക്കെയോ മന്ത്രണത്തോടെ പ്രണവിന്റെ കട്ടിലിനു ഏഴു പ്രാവശ്യം വലം വച്ചു.ആ സമയത്തൊക്കെ പ്രണവ് വയറിൽ വേദന കൊണ്ട് അമർത്തുന്നത് ദേവി കണ്ടിരുന്നു.വായ തുറന്ന് ശബ്ദമില്ലാതെ അയാൾ കരഞ്ഞു.
പ്രണവ് മന്ത്രങ്ങളുച്ചരിച്ചു കൊണ്ട് പ്രണവിന്റെ നെറ്റിയിൽ തലോടി.
“പ്രണവ് ഇപ്പോൾ എങ്ങനെയുണ്ട്.”
“ചെറിയ ആശ്വാസമുണ്ട്.ഇടയ്ക്കിടക്ക് വരുന്ന ഈ വയറുവേദന സഹിയ്ക്കാൻ കഴിയുന്നില്ല.”
“ഇത്രയും നാൾ എല്ലാം സഹിച്ചില്ലേ.കുറെ മരുന്നുകൾ കഴിച്ചില്ലേ,ഇനി കുറച്ചു ദിവസം കൂടി,അത്ര മാത്രം. പ്രണവിനെ ജീവിതത്തിലേയ്ക്ക് ഞാൻ തിരികെ കൊണ്ട് വരും.ഞാൻ അങ്ങനെയൊരു വാക്ക് ദേവിയ്ക്ക് കൊടുത്തിട്ടുണ്ട്.അല്ലേ ദേവി.”
പ്രണവ് ദേവിയുടെ മുഖത്ത് നോക്കി പുഞ്ചിരിച്ചു.
“അപ്പോൾ ഞാൻ വീട്ടിലേയ്ക്കു പോകുകയാണ്.നാളെ എപ്പോഴാണ് ഞാൻ വരേണ്ടത് ,ആര്യൻ സമയം പറഞ്ഞാൽ മതി.”
ദേവി വീട്ടിലേയ്ക്കു മടങ്ങാൻ തിടുക്കം കാട്ടി.
പ്രണവിന്റെ മാനേജർ അവളുടെ വീട്ടിൽ കൊണ്ട് പോയി വിടാൻ കാർ സ്റ്റാർട്ട് ചെയ്തു.കാറിനടുത്തേയ്ക്കു ആര്യൻ ധൃതിയിൽ നടന്നു വരുന്നത് കണ്ടു ദേവി അയാളോട് കാർ നിർത്താൻ പറഞ്ഞു.
“നാളെ വരുമ്പോൾ ദേവിയുടെ കുണ്ഡലി കൂടി കൊണ്ട് വന്നോളൂ.അല്ലെങ്കിൽ ദേവി ജനിച്ച തീയതിയും ദിവസവും കൃത്യമായി എനിക്ക് ടെക്സ്റ്റ് മെസേജ് ആയി അയക്കൂ.ഇന്ന് രാത്രിയിൽ ഞാൻ ദേവിയുടെ ജാതകം ഒന്ന് പഠിയ്ക്കട്ടെ.”
ആര്യനോട് യാത്ര പറഞ്ഞു ,കാർ ഗേറ്റ് കടക്കുമ്പോൾ ദേവി തിരിഞ്ഞു നോക്കി.ആര്യൻ അപ്പോഴും കാറിനെ നോക്കി അവിടെ തന്നെ നിൽക്കുകയാണ്.ഇയാൾക്കെന്താണ് തന്റെ കാര്യത്തിൽ ഇത്ര താല്പര്യം എന്നവൾക്കു മനസിലായില്ല.വീടെത്തും വരെ അവളുടെ ചിന്തകൾ ആര്യനെ കുറിച്ചായിരുന്നു.
(തുടരും….)
✍️✍️നിഷ പിള്ള

