മോഹങ്ങൾ തരളമായി മയങ്ങും നിൻ കണ്ണിൽ
ഒരു സ്നേഹചുംബനം നൽകാൻ കൊതിപ്പൂ ഞാൻ
ഇന്ന് ഏറ്റവും മൃദുവാം ഒരു തൂവൽസ്പർശമായി
എൻ്റെ ജീവൻ്റ അന്ത്യാഭിലാഷമായി
ജീവിതയാത്ര ഇനിയെത്ര ദൂരം താണ്ടണം
ഈ ഊന്നുവടിയുടെ വാർദ്ധക്യയാത്ര
അറിയില്ല ഒന്നുമാത്രമറിയാം
സ്നേഹിച്ചിരുന്നില്ല നിന്നെ ഞാൻ ഇതുവരെ
കാമത്തിരകൾ ഉയർന്നു പൊങ്ങും
നേരങ്ങളിൽ എത്രയോ ഉമ്മവെച്ചു നിന്നെ
എങ്കിലും അതൊട്ടുമേ സ്നേഹം
പൂത്ത മലരികൾ അല്ലായിരുന്നുവല്ലോ
അല്ലെങ്കിൽ എന്തെ ഒരുവട്ടമെങ്കിലും
വാടി തളർന്നു നീ ഋതുക്കൾ താണ്ടുമ്പോൾ
ഒരു കൈത്താങ്ങായി ഒരു സ്നേഹ ചുംബനമായി
ഞാൻ അരികെയണഞ്ഞില്ല
പരിഭവങ്ങൾ ഒന്നുമൊത്താതെയീ
വീടിൻ്റെ വിളക്കായി തെളിഞ്ഞു കത്തവേ
അതിൽ സ്നേഹമാം നറുനെയ്യൊഴിക്കാൻ
എന്തെ ഞാൻ ഓർത്തതില്ല
ഒടുവട്ടമെങ്കിലും കൊതിക്കാതിരിക്കുമോ പ്രേയസി നീ
എന്നിൽ നിന്നുമൊരു സ്നേഹചുംബനം
ഒരുമിച്ചിരുന്ന് ഒരു പൗർണ്ണമി രാവിൽ
നിലാവിൽ കുളിക്കാൻ കൊതിക്കാതിരിക്കുമോ?
കൊതിച്ചിരിക്കാം..
അവൾ പലതും മോഹിച്ചിരിക്കാം…
ഒന്നും അറിയാത്ത മൂഢനായി ഞാൻ
സ്വന്തം സുഖം തേടും സ്വാർത്ഥനായി ..
ഇന്നു ഞാൻ നൽകാം എന്നോമലെ
അന്ന് നൽകാൻ മറന്നൊരാ ചുടുചുംബനം
സ്നേഹാർദ്രമായി നിൻ തിരുനെറ്റിയിൽ
കവിളിൽ അന്ന് നൽകാൻ മറന്നൊരാ പ്രേമചുംബനം..
“നീ അറിയുമോ ചൂടറ്റ നിൻ മുഖത്ത്
എൻ്റെ ചുണ്ടുകൾ മെല്ലെ തൊടുന്നത്”
- ജൂല വി ഗോപാൽ

1 Comment
👌👍💯❤️🙏🙏