ആമുഖങ്ങൾ ഒന്നും ആവശ്യമില്ല എന്നു തോന്നുന്ന ഒരു കൃതിയിലേയ്ക്കാണ് എന്റെ വായനയുടെ ഇന്നത്തെ എഴുത്ത്.
ഇ. സന്തോഷ് കുമാറിന്റെ “തപോമയിയുടെ അച്ഛൻ ” അടുത്താണ് വായിക്കാൻ സാധിച്ചത്. അദ്ദേഹത്തിന്റെ കഥകൾ മുൻപ് വായിച്ചിട്ടുണ്ട്. എഴുത്തിന്റെ ശൈലി ആഖ്യാനരീതി ഒക്കെ വ്യത്യസ്തമായി തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട ” ജ്ഞാനഭാരം “എന്ന നോവലിന്റെ വായന അനുഭവം ഞാൻ എഴുതിയിരുന്നു. അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒന്നായിരുന്നു ഈ നോവൽ. ഇത് തപോമയിയുടെയും അച്ഛന്റെയും മാത്രം കഥയല്ല ഗുപ്തമായ സംസ്‍കാരങ്ങളുടെ, ലിപികളുടെ, ഇഷ്ടങ്ങളുടെ, നഷ്ടങ്ങളുടെ കഥയാണ്. അതിലുപരി അഭയാർഥി സമൂഹത്തിന്റെ കഥയാണ്. യുദ്ധങ്ങൾ, കലാപങ്ങൾ, മതങ്ങൾ അങ്ങിനെ ഒരു നൂറു കാരണങ്ങളുടെ പേരിൽ ജനിച്ച നാടുകളിലെയോ, പലായാന വഴികളിലെ നാടുകളിലോ, എത്തിച്ചേരുന്ന നാടുകളിലെയോ രേഖകളിൽ പേരില്ലാത്തവർ, ജീവിച്ചിരിക്കുമ്പോൾ ഭൂമിയിൽ നിന്നും തുടച്ചു മാറ്റപ്പെട്ടവർ… ഒരു മനുഷ്യനിലൂടെ പലരുടെ കഥകൾ പറയുന്ന കൃതി.
പലായനവും പ്രണയവും സൗഹൃദവും അതിനുമപ്പുറമുള്ള മനുഷ്യ ബന്ധങ്ങളും മനസ്സിന്റെ പ്രഹേളികകളും പ്രമേയമാകുന്ന നോവൽ. തപോമയിലൂടെ പല കാലങ്ങളിൽ പല കഥകളിലേയ്ക്ക് പോകുമ്പോഴും ഓരോ താളിലും വായിക്കാൻ പ്രേരിപ്പിക്കുന്ന എന്തിനെയോ ഒളിപ്പിച്ചു നിർത്തുന്ന രീതികൾ. വന്നുപോകുന്ന ഓരോ കഥാപാത്രങ്ങളും കഥയുടെ ഗതിയും കൈകാര്യം ചെയ്യുന്ന ശൈലിയും നോക്കിയാൽ മലയാള സാഹിത്യത്തിലെ മികച്ച സൃഷ്ടികളിൽ ഒന്നാണ് “തപോമയിയുടെ അച്ഛൻ “.
സ്വന്തമല്ലാത്ത ബന്ധങ്ങളെ പോലും അതിലേറെ ചേർത്തു നിർത്താമെന്നും സ്വന്തത്തെക്കാൾ സ്നേഹിക്കാമെന്നും മനുഷ്യനു മനോഹരമായി കാണിച്ചു കൊടുക്കുന്ന നോവൽ. അർഹമായ അംഗീകാരങ്ങളും പരിഗണനയും ഈ കൃതിയ്ക്കു കിട്ടിയിട്ടില്ല എന്നു നിസ്സംശയം പറയാൻ കഴിയുന്നു. എന്തിനെയും പ്രശസ്തമാക്കുന്ന സോഷ്യൽ മീഡിയ പോലും അർഹമായ സ്ഥാനം കൊടുക്കാതെ പോയി.
കഥകൾ ഓരോ കഥാപാത്രങ്ങളിലും വരികളിൽ പോലും നിറഞ്ഞു നിൽക്കുന്നതിനാൽ കഥസാരം എഴുതുന്ന സാഹസം ഒഴിവാക്കുന്നു. വായനയിൽ ഓരോരുത്തർക്കും അഭിരുചികൾ പലതാണെങ്കിലും ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട കൃതി വായന കഴിഞ്ഞാലും മനസ്സിനെ പിന്തുടരുന്ന കഥാപാത്രങ്ങൾ. പുസ്തകപ്രേമികൾക്ക് ഈ പുസ്തകം സ്വന്തമാക്കുന്നത് വായനയിൽ മുതൽക്കൂട്ടു തന്നെയാകും കാരണം തീർച്ചയായും മികച്ച വായന അനുഭവം നൽകുന്ന കൃതി തന്നെയാണ്.
(ജ്ഞാനഭാരം കൃതിയുടെ വായനാഅനുഭവം എഴുതിയത് എന്റെ പ്രൊഫൈലിൽ ഉണ്ട്)
(ചിത്രം -ഗൂഗിൾ )


2 Comments
അഞ്ജുന്റെ കഥ നന്നായിട്ടുണ്ട്. ഇനിയും ഒരുപാടെഴുതൂ. അഭിനന്ദനങ്ങൾ.
ഭാനുമോഹൻ
വായിക്കണം♥️