കല്ലു മല തോടിൻ്റെ മേലെ കമുക് മുറിച്ചിട്ട പാലത്തിലൂടെ അക്കരയ്ക്ക് ധൃതിയിൽ കടക്കുമ്പോൾ കാർത്തു കണ്ടു താഴെ തോട്ടിൽ ലില്ലി ചേച്ചി തുണിയലക്കുന്നുണ്ട് കൂടെ ഒത്ത ഒരു പെൺകുട്ടി നിന്ന് അലക്കിയ തുണികൾ വെള്ളത്തിലിട്ട് ഒലുമ്പുന്നു. ലില്ലി ചേച്ചിക്ക് പ്ലാന്റേഷനിൽ ആണ് ജോലി, ചപ്പു നുള്ളി കഴിഞ്ഞ് വീട്ടിലെത്തി തുണി എല്ലാം വാരിയിട്ടു കല്ലുമല തോട്ടിൽ എത്തും. ആകെ മൂന്നുപേർ മാത്രമുള്ള ആ വീട്ടിൽ ഇതിനു മാത്രം തുണി എവിടുന്നാണെന്ന് കാർത്തു പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.
“യ്യ് എങ്ങടാ മണ്ടണത് കാർത്തോ ?” ചോദ്യം കേട്ട് കാർത്തു നിന്നു. ലില്ലി ചേച്ചി അലക്ക് നിർത്തി കൈ എളിക്ക് കുത്തി നിവർന്നുനിന്നു, പൊക്കി കുത്തിയ മുണ്ടിൽ നിന്നും വെള്ളമിറ്റു വീഴുന്നു.
“ഞാൻ മരുന്ന് വാങ്ങാനെ തൂറ്റലാന്ന് മീനാക്ഷിയടത്തീൻ്റെ കയ്യിന്ന് ”
കാർത്തു കിതച്ചു.
” ആർക്കാ അനക്കാ ” ലില്ലി അവളെ അടിമുടി നോക്കി
“അല്ല പൈക്കാ സുഖല്ല്യ അയിന് ” കാർത്തു ജാള്യതയോടെ പറഞ്ഞു.
” യ്യ് ഓടണ കണ്ടപ്പോ ഞാം വിചാരിച്ചു അനക്കാണ് വയ്യായ്കന്ന് ” ലില്ലി തമാശ പറഞ്ഞപ്പോലെ ചിരിച്ചു.
കാർത്തുവിന് ചിരി വന്നില്ല പകരം ലില്ലിയുടെ കൂടെയുള്ള പെൺകുട്ടിക്ക് നേരെ കണ്ണെറിഞ്ഞ് ചോദിച്ചു “അല്ലാ ഇതാരാ “
” ഇതോ ഇത് ചേട്ടൻ്റെ പെങ്ങൾടെ മോളാ ത്രേസ്യ ” തന്നെ പരിചയപ്പെടുത്തുന്ന കേട്ട് ത്രേസ്യ ഒലുമ്പൽ നിർത്തി നിവർന്ന് ചിരിച്ചു, ചിരിച്ചപ്പോൾ ത്രേസ്യയുടെ പലക പല്ലുകളും മോണയും വാ നിറഞ്ഞുനിന്നു. ” ഇവളിപ്പോ ഇവിടെയാ നിന്ന് പഠിക്കണെ “ലില്ലി കൂട്ടി ചേർത്തു.
” കാർത്തു പഠിക്കാണോ?” ത്രേസ്യയുടെ ചിലമ്പിച്ച സ്വരം വന്നു
കാർത്തുവിന് അതിഷ്ടപ്പെട്ടില്ല, ‘തന്നെക്കാൾ ചെറിയ പെണ്ണാണ് എന്നിട്ട് ആദ്യമായി കാണണ ആളിനെ പേര് വിളിക്കാ’ ഇതെന്ത് ജാതി എന്നമട്ടിൽ നോക്കി എങ്കിലും ദേഷ്യം പുറത്ത് കാണിച്ചില്ല ചിരിച്ചു കൊണ്ട് തന്നെ മറുപടി പറഞ്ഞു ” ൻ്റെ പഠിപ്പ് കഴിഞ്ഞ് 4-5 കൊല്ലായി”
“തോറ്റിട്ട് നിർത്തിയതാ?” ചിലമ്പൽ പിന്നെയും വന്നു.
കാർത്തു ഒന്നും മിണ്ടിയില്ല അവളുടെ മുഖം വലിഞ്ഞ് മുറുകി ” ലില്ലി ചേച്ചി ഞാമ്പോണ് പൈക്ക് മരുന്ന് കൊടുക്കണം” അവൾ പാവാട പൊക്കി പിടിച്ച് പാലം കടന്ന് മുന്നോട്ട് നടന്നു.
ലില്ലി അവൾ പോകുന്നത് നോക്കി തിരിത്ത്
” യ്യ്ന്തിനാടി ഓള് തോറ്റതാണോന്ന് ചോയ്ച്ചെ?”
“അപ്പോ തോറ്റിട്ട് നിർത്തിയതല്ലെ?” ത്രേസ്യ താനെന്ത് അപരാധം ചെയ്തെന്ന മട്ടിൽ നിന്നു.
“പിന്നെ ഒലക്ക! നെന്നെ പോലെ എല്ലാ ക്ളാസിലും 2-3 കൊല്ലം തോറ്റ് സ്കൂളും മാറി മാറി പഠിച്ചതല്ല ഓള്, എല്ലാ ക്ളാസിലും നല്ല മാർക്ക് വാങ്ങി 10 ഉം ജയിച്ചിരിക്കണ് “
ത്രേസ്യ “നേരോ ” എന്ന മട്ടിൽ കാർത്തു പോയ വഴിയെ നോക്കി
കയ്യിലിരുന്ന മഞ്ഞ പൂക്കളുള്ള ജമ്പർ വെള്ളത്തിൽ മുക്കി പിഴിഞ്ഞ് ബക്കറ്റിലേക്കിട്ട് ലില്ലി തുടർന്നു. ” 10 കഴിഞ്ഞും അതിന് പഠിക്കണെന്ന് ഇണ്ടായിയിരുന്നു അതിൻ്റെ അച്ഛന് ദീനം വന്നപ്പോ പോവാണ്ടായതാ”
“ഓ.. ” ത്രേസ്യ അതിപ്പോ ഇത്ര വലിയ കാര്യമാണോ എന്ന മട്ടിൽ കാർത്തു പോയ വഴിയെ ഒന്ന് കണ്ണ് മിഴിച്ച് നോക്കി പിന്നെ തൻ്റെ ജോലി തുടർന്നു.
പൂമരത്തിൻ്റെ കുറ്റി മുറിച്ചുണ്ടാക്കിയ ഒതുക്കുകൾ ചവുട്ടി മേലേ തൊടിയിലിൻ്റെ മുറ്റത്തേക്ക് കയറുമ്പോൾ കാർത്തു കണ്ടു ഉമ്മറത്തിരുന്ന് ചെല്ലപ്പെട്ടിയിലേക്ക് മഞ്ചാടിക്കുരു എണ്ണി നിറക്കുന്ന രാധാമണിയെ,
” ഹായ് കാർത്തു ചേച്ചി ” രാധാമണി കാർത്തുവിനെ കണ്ട് എണീറ്റപ്പോൾ അവളുടെ മടിയിൽ നിന്ന് വളപ്പൊട്ടുകളും മഞ്ചാടിയും കുതിച്ചു ചാടി കോലായിയുടെ മുക്കും മൂലയും അന്വേഷിച്ച് പോയി
“ശ്ശോ മുഴുവൻ പോയല്ലോ” കാർത്തു മുറ്റത്തേക്ക് തെറിച്ച് വീണ മഞ്ചാടികൾ പെറുക്കിയെടുക്കാൻ തുടങ്ങി.
” ഓ അതവിടെ കിടക്കട്ടെ ചേച്ചി വാ ” നാലുപാടും ചിതറിയ മഞ്ചാടികളെയും വളപ്പൊട്ടുകളെയും അതിൻ്റെ പാട്ടിന് വിട്ട് രാധ വന്ന് കാർത്തുവിൻ്റെ കയ്യിൽ പിടിച്ചു.
കാലിലെ ഹവായ് ചെരുപ്പ് കോലായിയുടെ താഴെ അഴിച്ചു വച്ച് കാർത്തു രാധാമണിക്കൊപ്പം കോലായിലേക്ക് കേറി
“എവിടെ നോക്കട്ടെ നിൻ്റെ ചെല്ലം നിറഞ്ഞോ കാണട്ടെ?”കാർത്തു രാധയുടെ കൊത്തുപണി നിറഞ്ഞ ചെല്ലം കയ്യിലെടുത്ത് തുറന്നു.
“ശ്ശോ അതിലൊന്നുമില്ല ചേച്ചി ” രാധ കാർത്തുവിനെ നിരുൽസാഹപ്പെടുത്താൻ ശ്രമിച്ചു പരാജയപ്പെട്ടു.
കാർത്തു ചെല്ലപ്പെട്ടി തുറന്നു മുകളിലും താഴെയുമായി നിറച്ചുവച്ചിരിക്കുന്ന വസ്തുക്കൾ കണ്ട് അത്ഭുതപ്പെട്ടു. നടുവിലെ അറ നിറയെ മഞ്ചാടി, അരുകിലായി കള്ളികളിലായി പല നിറത്തിലുള്ള വള പൊട്ടുകൾ, കുന്നിക്കുരു, വേറെ ഒന്നിൽ ഭംഗിയുള്ള ചിപ്പികൾ, ഒരു കള്ളി നിറയെ പല നിറത്തിലുള്ള മുത്തുകൾ. ” ഇത് കൊള്ളാലോ ടി ” കാർത്തു രാധയുടെ മുഖത്തേക്ക് നോക്കി. രാധയാകട്ടെ കാർത്തുവിൻ്റെ കയ്യിൽ നിന്ന് അത് വാങ്ങാൻ വെമ്പി നിന്നു. അവളുടെ മുഖത്ത് കണ്ട നിഗൂഡ ഭാവത്തിൽ നിന്ന് സംശയം തോന്നി” എന്താ നിനക്കൊരു കള്ളലക്ഷണം ? വേറെ എന്തെങ്കിലും ഉണ്ടോ ഇതിൽ?” “ഒന്നൂല്ല ചേച്ചി ” രാധ ചെല്ലപ്പെട്ടി കാർത്തുവിന്റെ കയ്യിൽ നിന്ന് ക വാങ്ങാൻ ശ്രമിച്ചു കാർത്തു കൊടുത്തില്ല പകരം അതിൻറെ മുകളിലെ അടച്ചു വച്ചിരിക്കുന്ന കുറ്റി നീക്കി അറ തുറന്നു, മലർക്കെ തുറന്ന അറക്കുള്ളിൽ നിന്നും ഒരു മയിൽപീലിയും ഒരു കഷണം കടലാസും താഴെ വീണു രാധ വേഗം തന്നെ വളരെ ശ്രദ്ധയോടെ അത് കൈക്കലാക്കി “എന്താടി അത് നോക്കട്ടെ ” ചെല്ലപ്പെട്ടി അടച്ചുവെച്ച് കാർത്തു കൈ നീട്ടി “വേണ്ട ചേച്ചി ഒന്നുമില്ല” കാർത്തു മയിൽപീലിയും കടലാസുകഷണവും പിന്നിലേക്ക് ഒതുക്കി പിടിച്ചു “കാണട്ടെടി ലൗ ലെറ്റർ ആണോ ഞാൻ ആരോടും പറയില്ല”
“അല്ല ചേച്ചി ഞാൻ പറഞ്ഞില്ലേ ഒന്നുമില്ല”
“എന്നാലും നോക്കട്ടെ എവിടെ “
രാധാമണി മടിയോടെ കയ്യിലിരുന്ന കടലാസ് കഷ്ണം നീട്ടി കാർത്തു ശ്രദ്ധയോടെ ആ മടക്കിവെച്ച കടലാസ് തുറന്നു ഒരു ഹൃദയത്തിൻറെ ചിത്രവും അതിനുള്ളിൽ R+S എന്നും എഴുതിയിരിക്കുന്നു ചുറ്റിലും ചുവന്നപൂക്കൾ വരച്ച് ഭംഗിയാക്കിയിരിക്കുന്നു. കാർത്തു സംശയത്തോടെ രാധയെ നോക്കി “ആരാടീ ഇത് ” “അത് പിന്നെ ചേച്ചി ഞാൻ “രാധ വിക്കി പറയാൻ മടിച്ചു നിന്നു.
“നീ പറയടി ആരാണ് നിൻറെ ഹൃദയം കവർന്നത് ഞാനും അറിയട്ടെ “
“ഏയ് അങ്ങനെയൊന്നുമില്ല ചേച്ചി ഇത് എനിക്ക് എൻറെ പുസ്തകത്തിൽ നിന്ന് കിട്ടിയതാ ആരാന്ന് എനിക്കറിയില്ല ഡ്രില്ല് പിരീഡ് കഴിഞ്ഞപ്പോൾ എൻറെ മലയാളം ബുക്കിനുള്ളിൽ നിന്ന് “
“പിന്നെന്തിനാ നീ ഇത് സൂക്ഷിച്ചു വെച്ചത് ” കാർത്തു രാധയുടെ മുഖത്തേക്ക് നോക്കി.
” അത് പിന്നെ മയിൽപീലി ഉണ്ടായ കൊണ്ട് കളയാൻ തോന്നിയില്ല ” രാധയുടെ മുഖത്ത് ചെറിയ നാണം വന്നു.
“എന്നാപ്പിന്നെ മയിൽപീലി മാത്രം വച്ചാൽ പോരെ എന്തിനാ കത്തെടുത്ത് വെച്ചെ?”കാർത്തുവിന് ചിരി വന്നു.
“ഇത് അതിന് കത്തൊന്നുമല്ലല്ലോ”
രാധ ദുർബലമായ് പ്രതിരോധിച്ചു.
” പിന്നല്ലാണ്ട് ദാ നോക്കിയെ ലൗവുമുണ്ട് ലെറ്ററും ഉണ്ട് കണ്ടില്ലേ? ” കാർത്തു കടലാസ് ഉയർത്തി കാണിച്ചു.
“അതിനിപ്പോ ആരാ തന്നേ ന്നു പോലും എനിക്കറിയില്ലല്ലോ?” രാധ കൈ മലർത്തി കാണിച്ചു.
“അറിഞ്ഞിട്ട്? ഉം…… എന്തിനാ ? ” കാർത്തു കുസൃതിയോടെ രാധയെ നോക്കി.
രാധ തെല്ലു നാണിച്ച് തല താഴ്ത്തി.
“ആട്ടെ ഇതിലെ R രാധ തന്നെ S ആരാന്ന് കണ്ടുപിടിച്ചാ പോരെ?”
“S ല് പേര് തുടങ്ങണ 4-5 പേരുണ്ട് ക്ളാസില് ആരാന്ന് ഒരു പിടിയുമില്ല” രാധക്ക് ആളെ പിടികിട്ടാത്തതിൽ അൽപ്പം നിരാശയുണ്ട്.
“ഇനി വേറെ ക്ളാസിലെ ആരെങ്കിലുമാണോ? “
കാർത്തു രാധയുടെ മുഖത്തേക്ക് നോക്കി
“ആവോ! ഞാനത് കീറി കളയാൻ പോവാ ” രാധ കൈ നീട്ടി
“ഇരിക്കട്ടെ പെണ്ണെ, ഇനി പ്പോ ആരാന്ന് അറിഞ്ഞില്ലങ്കിലും ഇതൊക്കൊ ഒരു രസല്ലെ?” കാർത്തു കടലാസു കഷ്ണം രാധയുടെ കൈയ്യിൽ വച്ച് കൊടുത്തു
“മ്മളെ ആരേലുമൊക്കൊ സ്നേഹിക്കണണ്ടന്ന് അറിയണതും ഒരു സുഖാടി ” താഴ്ന്ന് പോയ രാധയുടെ മുഖം പിടിച്ചുയർത്തി കാർത്തു കൂട്ടി ചേർത്തു.
” ങും…. ” രാധയുടെ മുഖം നാണം കൊണ്ട് ചുവന്നു.
“അയ്യടാ പെണ്ണിൻ്റെ ഒരു നാണം കണ്ടില്ലെ? ആട്ടെ മീനാക്ഷിയേടത്തി ഏട്ത്തു ?”
കാർത്തു രാധയെ വേദനിപ്പിക്കാതെ നുള്ളി കൊണ്ട് ചോദിച്ചു!
രാധ അകത്തേക്ക് വിരൽചൂണ്ടി മറുപടി പറയാൻ ഭാവിക്കവെ
“ന്താ ഇബടെ ഒരു കിത്താരം?” ചവുട്ടി കുലുക്കി ഒരു കുട്ടിയാനയെ പോലെ രമ വാതിൽ പടിക്കൽ വന്ന് നിറഞ്ഞ് നിക്കണ കണ്ട് കാർത്തുവിൻ്റെ പിന്നിലൊളിച്ചു. “യ്യോ ചെറ്യമ്മ ” അവൾ കൈയ്യിലിരുന്ന ചെല്ലവും കടലാസു കഷ്ണവും പിന്നിലൊളിപ്പിച്ചു.
രമ നിലത്ത് ചിതറി കിടക്കണ വസ്തുക്കൾ നോക്കി അലറി
“നിനക്ക് പഠിക്കാനൊന്നുമില്ലെ പെണ്ണെ പോത്തു പോലെ വലിപ്പം വച്ചു ഇപ്പോഴും ഇള്ള കുട്ടിയാണന്നാ വിചാരം”
കാർത്തുവിനെ കണ്ട് “ഇയ്യ് മഞ്ചാടി കളിക്കാൻ വന്നതാ ?”
കാർത്തു അവരെ പകച്ചു നോക്കി പിന്നെ പതുക്കെ പറഞ്ഞു
” ഞാൻ മീനാക്ഷിയേടത്തിയെ കാണാൻ വന്നതാ “
” അയിന് മീനാക്ഷി ഇവിടെയാ ഇരിക്കണെ പിന്നാമ്പുറത്തെങ്ങാനും കാണും, ന്താ കാര്യം “
” പൈക്ക് മരുന്ന് വാങ്ങിക്കാനെ കൊണ്ട് ” അവരുടെ മട്ടും ഭാവവും കണ്ട് കാർത്തു വിരണ്ടു.
” ഓ ഓരിവിടെ ആശൂത്രി തുറന്ന് വച്ചേക്കുവല്ലെ ” രമയുടെ മുഖത്ത് പുച്ഛം നിറഞ്ഞു പിന്നെ രാധയോടായി
“ടീ പെണ്ണെ നീ വരണോരോടും പോണോരോടും കിന്നരിക്കാൻ നിക്കാതെ പുസ്തകമെടുത്തിരുന്ന് നാലക്ഷരം പഠിക്കാൻ നോക്ക് “പിന്നെ നിലത്ത് കിടക്കണ മഞ്ചാടി നോക്കി “അൻ്റെ ചെല്ലം ഞാനാരീസം വലിച്ച് തോട്ടിലെറിയണണ്ട് “
പിന്നെ തിരിഞ്ഞ്
“വന്ന് വന്ന് എല്ലായ്റ്റങ്ങളും പൊരയിൽ കേറി നിരങ്ങായി “എന്ന് പിറുപിറുത്ത് ചവുട്ടി കുലുക്കി അകത്തേക്ക് പോയി.
“എങ്ങനെ സഹിക്കണടീ” കാർത്തു തിരിഞ്ഞ് രാധയെ നോക്കി അടക്കം പറഞ്ഞു
രാധ ഒരു വിളറിയ ചിരി ചിരിച്ചു അത് നിസ്സഹായതയുടെ ആയിരുന്നു.
പൈക്കുള്ള മരുന്നും കൊണ്ട് വീടിൻ്റെ ഒതുക്ക് കേറുമ്പോൾ കാർത്തു താഴെ വയലിൽ നിന്ന് വേലായുധൻ്റെ ഉച്ചത്തിലുള്ള പ്രഭാഷണം കേട്ട് തിരിഞ്ഞു നിന്നു
” കരുണാകരനെ തോപ്പിക്കാൻ ആണായി പിറന്ന ആരുണ്ടറാ ? ആൻ്റണീ ഒക്കെ ചെറിയ ചെക്കനല്ലെ കോഗ്രസിൻ്റെ എബിസിഡി അറിയോ ഓന് ? യ്യ് പറ “
അച്ഛൻ ആരോടാണ് ചോദിക്കണത് എന്നറിയാൻ കാർത്തു ഒതുക്ക് തിരിച്ചിറങ്ങി. പാട വരമ്പില് ആടി ആടി നിക്കണ വേലായുധനെ കൈയ്യിൽ പിടിച്ച് നടത്താൻ ശ്രമിക്കണ ആളുടെ മുഖം കാണാൻ വയ്യ കാർത്തു വിളിച്ചു “അച്ഛാ”
ശബ്ദം കേട്ട ആൾ തിരിഞ്ഞു കാർത്തുവിൻ്റെ മുഖം വലിഞ്ഞു മുറുകി “സതീശൻ !” അവൾ ഞെട്ടലോടെ ഉരുവിട്ടു.
സതീശൻ കാർത്തുവിനെ അടിമുടി നോക്കി വഷളൻ ചിരി ചിരിച്ചു
” വേലായുധേട്ടൻ ഇത്തിരി ഓവറാ ഞാൻ കൊണ്ടന്ന് ആക്കാന്ന് വിചാരിച്ചു “
തന്നോട് ഇനി കുടിക്കില്ലന്ന് സത്യം ചെയ്ത് പോയ അച്ഛനെ കാർത്തു വെറുപ്പോടെ നോക്കി. വേലായുധനാകട്ടെ ആടി ആടി അഴിഞ്ഞു വീഴാൻ തുടങ്ങിയ മുണ്ടിൻ്റെ തലപ്പ് അന്വേഷിച്ചു കാർത്തുവിനെ അപരിചിത ഭാവത്തിൽ നോക്കി.
വേലായുധൻ്റെ കൈവിട്ട് സതീശൻ കാർത്തുവിൻ്റെ അടുത്തേക്ക് ബീഡി മണമുള്ള വാ തുറന്ന്
” കാർത്തോ ” ശൃംഖാര ഭാവത്തിൽ വിളിച്ചു. കാർത്തു കൈ എടുത്ത് വിലക്കി സതീശൻ ഒന്ന് ചുമച്ചപ്പോൾ റാക്കിൻ്റെ മണം കൂടി പുറത്തേക്ക് വന്നു കാർത്തു വെറുപ്പോടെ മുഖം തിരിച്ചു.
“ഞാനൊന്ന് പറയട്ടെ “തിരിഞ്ഞ് നിക്കണ കാർത്തു വിൻ്റെ തോളിൽ സതീശൻ തൊട്ടു.
പൊള്ളലേറ്റ പോലെ കാർത്തു വരമ്പിൽ നിന്ന് പിടഞ്ഞു മാറി. പിന്നെ തിരിഞ്ഞ്
” സതീശാ എനിക്ക് നിന്നോട് ഒന്നും പറയാനില്ലു ന്നോട് ഒന്നും വിസ്തരിക്കാനും നിക്കണ്ട, ൻ്റെ അച്ഛനെ കൊണ്ടോയി കുടിപ്പിച്ച് ഒരരുക്കാക്കിയാലും നിൻ്റെ ഉദ്ദേശം ന്തായാലും നടക്കാൻ പോണില്ല. പിന്നെ എൻ്റെ ദേഹത്ത് തൊട്ടതിൻ്റെ ചൂട് നീ ഒരിക്കല് അറിഞ്ഞതാണല്ലോ? ഞാനത് പറയുണ്ടോരോട് പറഞ്ഞിട്ടില്ല നിനക്ക് ഈ കൈയ്യ് മതീന്ന് വിചാരിച്ചിട്ടാ “
സതീശൻ കാർത്തു സമ്മാനിച്ച അടിയുടെ ഓർമയിൽ അറിയാതെ കവിൾ തടവി !
“ടീ” സതീശൻ അലറി
” നീ പോടാ ” കാർത്തു വെട്ടി തിരിഞ്ഞ് നടന്നു.
കാർത്തുവിൻ്റെ പിന്നാലെ ചുവടുവയ്ക്കാനൊരുങ്ങിയ സതീശൻ ഒന്നാലോചിച്ച് അവിടെ തന്നെ നിന്നു. പിന്നെ പോക്കറ്റിൽ നിന്ന് ഒരു ബീഡിയെടുത്ത് ചുണ്ടിൽ വച്ച് കത്തിച്ച് ആഞ്ഞു വലിച്ചു ! അന്തിമാനത്തിൻ്റെ ചുവപ്പ് ഭൂമിയിൽ പടർന്ന് തുടങ്ങിയിരുന്നു ചുണ്ടിലെ ബീഡിയുടെ ചുവപ്പ് വെട്ടം സതീശൻ്റെ കണ്ണുകളെയും കനലാക്കി ജ്വലിപ്പിച്ചു. പുറകിൽ സ്വന്തം മുണ്ടു തപ്പി താഴേക്ക് ഇരുന്നു പോയ വേലായുധനെ നോക്കി സതീശൻ പുഞ്ചിരിച്ചു ബീഡി പുകചുരുളുകൾക്കിടയിൽ നിന്ന് കാർത്തു പോയ വഴിയെ നോക്കി അവൻ പിറുപിറുത്തു “നിനക്ക് ഞാൻ വച്ചിട്ടുണ്ടടി “.
തുടരും…
ജീസ് കൈതാരം.


2 Comments
ремонт бойлера https://remont-boyler-na-domu.ru/
കാർത്തു മിടുക്കി തന്നെ.
നല്ല കഥ❤️🌹
ആദ്യഭാഗങ്ങളൊക്കെ കുറെക്കാലം മുമ്പു വായിച്ചതാണ്.