നിന്റെ മണങ്ങളെ
തൊട്ടെടുത്ത
വിരൽത്തുമ്പുകളിൽ,
ഞാനമർത്തി
ചുംബിക്കാറുണ്ട്.
ഏകാന്തതകളിൽ
നീയുമ്മ വെച്ച കവിളിൽ
നിന്റെ ചുണ്ടിൻ
പാടുകൾ തിരയുമ്പോൾ,
എന്നിലൊട്ടുമേ
ഇല്ലാതെ പോയ്
നീയെന്ന്
തിണർപ്പ് വറ്റിയ
പാടുകൾ വിതുമ്പുന്നു..
വിഷാദകാലങ്ങളിൽ
പട്ടുപോയ
വാക്കിൻ ചോട്ടിൽ
തളിര് തേടുമ്പോൾ,
വേര് പിടിച്ചില്ലെന്ന്
ഹൃദയം കനക്കുന്നു..
വേവും ഉള്ള്
തോർത്തിയുണക്കുവാൻ
കാറ്റ് തേടുമ്പോൾ
പ്രണയമുറിവുകൾ
ഉണങ്ങാ പൊറ്റകൾ
തുറന്നു വെക്കുന്നു…
പ്രണയാനന്തരം
നീ കൊഴിച്ചിട്ട് പോയ
ശൂന്യതയിൽ നിന്ന്
നിന്റെയോർമ്മകളുടെ
കൈ പിടിച്ചു ഞാൻ
ഭൂതകാലത്തിലേക്ക്
നടക്കാനിറങ്ങുന്നു…
