ഞങ്ങൾ
പ്രണയമെന്നെഴുതിപ്പോൾ
തുടുത്തു പോയതാണ്
ഭൂമി പാതാളങ്ങൾ..
നിലച്ചു പോയതാണ്
ചുറ്റിലും
ഒച്ചയനക്കങ്ങൾ…
എന്നിട്ടും
ഉടലോളം നീളത്തിൽ
ഉമ്മ വെക്കാതെ,
മുറുകിയ
കെട്ടിപ്പിടുത്തങ്ങളാൽ
പ്രണയത്തിന്റെ
അതിർത്തികൾ
മാറ്റിയെഴുതാതെ,
നിശ്വാസങ്ങളോളം
അരികത്ത് നിന്ന്
വൻകരകളോളം
അകലങ്ങളിലേക്ക്
ഞങ്ങളെ ഞങ്ങൾ
മാറ്റി നട്ടു…!
പ്രണയരഥങ്ങൾക്ക്
വഴിതെറ്റാതെ,
വിരഹിച്ച രണ്ട്
രാജ്യങ്ങളായി
ഞങ്ങൾ
പരിവർത്തനം ചെയ്തു…!
പ്രണയം കൊണ്ട്
സ്നാനപ്പെടാതതിൻ
വിത്തുപാത്രങ്ങളെ
പകുത്ത്,
ഞങ്ങൾക്കായ്
എഴുതേണ്ടും
കവിതയാൽ
സന്ധിചെയ്ത്,
തീരാസ്നേഹ-
ക്കൊതിയുമായ്
വറുതികളിലേക്ക്
ഞങ്ങൾ
മടങ്ങിപ്പോയി…
