ചില കണ്ണുകൾ അങ്ങനെയാണ്
ആൾക്കൂട്ടത്തിൽ പോലും ചുറ്റി വലിഞ്ഞു
പ്രണയത്തിന്റെ അതിരു ഭേദിക്കും
അവരെ പിന്നീട് പലതവണ ആ കണ്ണുകൾ കൊണ്ടു ഓർക്കും.
ധൃതി പിടിച്ചു പായുന്ന നമ്മളുടെ
ഉൾതുടുപ്പിൽ മഞ്ഞുരുകുംപോലെ
അവൾ കണ്ണുകൾ കൊണ്ടു ദിശ തെറ്റിക്കും
അവരാരും അല്ലായിരിക്കും ജീവിതത്തിൽ
എങ്കിലും പെട്ടന്ന് ആരോ ആകുന്ന പോലെ തോന്നും,
ഉത്സവം കഴിഞ്ഞു ആളുകൾ പിരിയുമ്പോലെ
ഓർമ്മകൾ കൊണ്ടു വലിഞ്ഞു മുറുക്കി
എങ്ങോ കൊണ്ടു പോകുന്ന ചിലർ
ഒരിക്കലും പെട്ടു പോകരുതെന്ന് ബലം പിടിച്ചു
നോക്കാമെങ്കിലും ഉഗ്രമായ നോട്ടത്തിൽ
ആ കണ്ണുകൾ വല്ലാതെ പിടിച്ചു കയറും
നീ എന്റെ ആരുമല്ലെന്നു അറിയാമെങ്കിലും
ചോദിക്കാൻ ഭാവിക്കുന്ന ഒരു വാക്ക് പോലെ
കുസൃതിയുടെ മിന്നായ സ്പർശം വന്നുകൊണ്ടിരിക്കും
ഞാൻ ഒരു വിധം ആ കണ്ണുകളിൽ നിന്നു പുറത്തു കടക്കുമ്പോഴേക്കും
വല്ലാത്ത നൊമ്പരം പെയ്ത്
ഭൂമിയിൽ ഒറ്റപ്പെട്ടവന്റെ സംഗീതം നിറഞ്ഞു
കഴിഞ്ഞിരിക്കും
ചില കണ്ണുകൾ അങ്ങനെയാണ്
മാന്ത്രികമായ ഒരു നോട്ടത്തിൽ പോലും
നമ്മളെ എങ്ങോ കൊണ്ടു പോയിരിക്കും
അനൂപ്
