ഉണ്ണി കാത്തിരിക്കുകയാണ് അമ്മ വരുന്നതും നോക്കി. ഉണ്ണിയെ എന്ന് വിളിച്ചു അമ്മാമ്മ പുറത്ത് വന്നപ്പോൾ അകലേക്ക് കണ്ണു നട്ടിരിക്കുന്നു മോൻ. ജാനു വന്നാലേ അവന് സമാധാനാവൂ. അടുത്തൊരു വീട്ടിൽ അവള് പണിക്ക് പോകുന്നത് കൊണ്ട് ഇവിടത്തെ കാര്യങ്ങൾ നടന്നു പോകുന്നു. സങ്കടം തോന്നും മോൻ്റെ ഭാര്യയുടെയും മോനെയും കാര്യമോർക്കുമ്പോൾ. അവൻ ഗൾഫിൽ കിടന്ന് കഷ്ടപ്പെട്ടുണ്ടാക്കിയ പണം കാരണം ആണ് ഈ വീട് രക്ഷപ്പെട്ടത്. അവൻ നാട്ടിൽ വരുമ്പോൾ പലഹാര പൊതികളുമായി പെങ്ങന്മാരും ചേടത്തിമാരും അവനിഷ്ടപ്പെട്ട പലഹാരങ്ങൾ ഉണ്ടാക്കി കൊടുക്കാൻ മത്സരമായിരുന്നു. ഒട്ടടയും, എള്ളുണ്ടയും, അച്ചപ്പവും, അങ്ങിനെ എണ്ണിയാൽ തീരാത്ത പലഹാരങ്ങൾ ഉണ്ടാക്കികൊണ്ട് വരും.അവൻ്റെ കല്യാണം കഴിഞ്ഞു ജാനു വന്നിട്ടും സഹോദരിമാർ മത്സരമായിരുന്നു. പെങ്ങന്മാർക്ക് നന്നായി പണം അയച്ചു കൊടുക്കുമായിരുന്നു.പാവം ഗൾഫിലെ കടക്കെണിയിൽ പെട്ടു നാട്ടിലേക്ക് വരാൻ പറ്റാതായിട്ട് നാളുകളേറെയായി. അവനയച്ചു കൊടുക്കാറുള്ള പണം കിട്ടാതായപ്പോൾ സഹോദരിമാരുടെ വരവും പലഹാരപ്പൊതിയും നിന്നു. ഇന്ന് ജീവിത ചെലവ് നടത്താനായി അവള് പാട് പെടുകയാണ്.
അടുത്ത് വീട്ടിലെ സീനത്ത് പലഹാരം പൊരിച്ചു കൊടുക്കുന്നുണ്ട്.
ജാനുവിനും അവിടെ പണി കിട്ടി. നല്ല പോലെ പണി തിരക്കുണ്ട്.എന്നും ജാനു വരുമ്പോൾ എന്തെങ്കിലും കുഞ്ഞിനും തനിക്കും കൊണ്ട് വരും.നെയ്യപ്പമോ ഉണ്ണിയപ്പമോ, ഹലുവ, അട, അങ്ങിനെ നാടൻ പലഹാരങ്ങളോ വേറെ എന്തെങ്കിലും സ്പെഷ്യൽ പലഹാരങ്ങളോ കൊണ്ട് വരും. . ചിലപ്പോൾ പത്തിരിയും കറിയും കൊണ്ട് വരും. പലഹാരം കിട്ടിക്കഴിഞ്ഞാൽ അവനോരോട്ടമാണ് അവൻ്റെ കൂട്ടുകാർക്ക് പങ്ക് വെക്കാൻ.
അവൻ്റെ അഛൻ തിരിച്ചു വരുമ്പോൾ എല്ലാ കഷ്ടപ്പാടും തീരും എന്നാലോചിച്ചു അവർ നെടുവീർപ്പിട്ടു.
