വീണ്ടും ഒരു പുതു വർഷം കൂടി. എല്ലാ പുതുവർഷത്തിനും ഉത്സവങ്ങൾക്കും മുൻപ് വർഷത്തിൽ ഒരിക്കലോ രണ്ടു തവണയോ നമ്മളെല്ലാം ചേട്ടയെ പുറത്താക്കൽ അഥവാ വീട് വൃത്തിയാക്കൽ അഥവാ ഒതുക്കി പെറുക്കൽ ചെയ്യാറുണ്ട്. എന്നാൽ അതിന്റെ ശാസ്ത്രമൊന്നും നോക്കാൻ മിനകെടാറില്ല.
ഈയിടെ ലോകശ്രദ്ധ ആകർഷിച്ച ഒരു പുസ്തകമുണ്ട്. Mary Kondo എന്ന ജാപ്പനീസ് യുവതി എഴുതിയ ” The life changing method of tidying up”. ഈ പുസ്തകം ഇതിനോടകം തന്നെ 30 ഭാഷകളിലേക്ക് വിവർത്തനം ചെയ്തു കഴിഞ്ഞു. എന്തായിരുന്നു ഈ പുസ്തകത്തിന്റെ പ്രത്യേകത? അതിലുടനീളം പ്രതിപാദിച്ചിരിക്കുന്ന അടുക്കിപെറുക്കൽ ഒരു വലിയ ഫിലോസഫി ഉൾകൊള്ളുന്നതായിരുന്നു എന്നതാണ് ആ പ്രത്യേകത. The konmari method ഒരു സാധാരണ അടുക്കിപെറുക്കൽ അല്ല മറിച്ചു നമ്മുടെ ജീവിതം തന്നെ മാറ്റി മറിക്കുന്ന ഒരു ജീവിത ക്രമീകരണമാണ്. നമുക്ക് സന്തോഷം തരുന്നവരുടെ കൂടെ സമയം ചിലവഴിക്കാൻ നമുക്ക് ഇഷ്ടമല്ലേ? അത്തരം സന്ദർഭങ്ങളിൽ നമ്മൾ വളരെ ഊർജ്ജസ്വലരും, ക്രിയാത്മകരും ആയി മാറാറില്ലെ. അതാണ് ഈ ഫിലോസഫിയുടെയും അടിസ്ഥാന തത്വം. സന്തോഷം സ്ഫുരിക്കുന്ന സാധനങ്ങൾ മാത്രം സൂക്ഷിച്ചു അല്ലാത്തവ ഒഴിവാക്കുക. ഇതാണ് ഇതിന്റെ അടിസ്ഥാന രീതി.
ഈ രീതിയിൽ സാധനങ്ങളുടെ സ്ഥലം അനുസരിച്ചല്ല മറിച്ചു കാറ്റഗറി അനുസരിച്ചാണ് അടുക്കി വെക്കുന്നത്. ” നിങ്ങളുടെ ഹൃദയത്തോട് സംസാരിക്കുന്ന വസ്തുക്കൾ മാത്രം നിലനിർത്തുക “. എന്തൊക്കെ കളയണം എന്നല്ല എന്തൊക്കെ നിലനിർത്തണം എന്നാണ് നമ്മൾ ചിന്തിക്കേണ്ടത്.
കാറ്റഗറി തിരിച്ചു അടുക്കുക എന്ന് പറഞ്ഞല്ലോ. അതിനും ഒരു രീതി ഉണ്ട്. അതിൽ ആദ്യം വരുന്നത് തുണികളാണ്. പിന്നെ പുസ്തകങ്ങൾ, പിന്നെ കടലാസ്സുകൾ. പിന്നെയാണ് കോമോണോ എന്ന് ജാപ്പനീസ്ക്കാർ പറയുന്ന പലവക ( miscellaneous) സാധനങ്ങൾ വരുന്നത്. ഏറ്റവും അവസാനം സെന്റിമെന്റൽ സാധനങ്ങൾ അതായതു വൈകാരികമായി നമ്മളോട് ചേർന്ന് നിൽക്കുന്ന സാധനങ്ങൾ. ഇത്തരത്തിൽ തരം തിരിച്ചാകണം അടുക്കേണ്ടത്.
ഇത്തരം അടുക്കിപെറുക്കലിൽ പ്രധാനമായും ചെയ്യേണ്ടത് കൂമ്പാരം കൂട്ടിയിടുക (piling up)എന്നതാണ്. ആദ്യം വീട്ടിലെ എല്ലാ തുണികളും ഒരിടത്തു കൂമ്പാരമായി കൂട്ടിയിടുക. ഇത്തരത്തിൽ ഇട്ടാലെ നമ്മുടെ കയ്യിൽ എത്രത്തോളം തുണികൾ ഉണ്ടെന്നു അറിയൂ. അതിൽ ടാഗ് പോലും പൊട്ടിക്കാത്ത, ഒരിക്കൽ പോലും ഉപയോഗിക്കാത്ത വസ്തുക്കൾ നമുക്ക് കാണാം. ഇത്തരം വസ്തുക്കൾ നമ്മുടെ ഭാവി വാങ്ങലുകളെ ബോധപൂർവമാക്കും. ആവശ്യമില്ലാതെ സാധനങ്ങൾ വാങ്ങി കൂട്ടുന്നത് കുറയ്ക്കും. അതായതു purchasing ൽ mindfullness വരുത്തും എന്ന് സാരം.ഇത്തരം തുണികളുടെ അടുക്കിപെറുക്കലിൽ വീട്ടുകാരെയും ഉൾപ്പെടുത്തണം. അവർക്കും സന്തോഷം നൽകുന്ന വസ്ത്രങ്ങൾ അവർ തിരഞ്ഞെടുക്കണമല്ലോ. കോൺമാരി method ൽ തുണികൾ മടക്കുന്നതിനും ഒരു രീതി പറയുന്നുണ്ട്. ലംബമായി വേണം തുണികൾ മടക്കാൻ ( vertical ) അത് സ്ഥലം ലാഭിക്കൽ മാത്രമല്ല ഏതു തുണിയാണ് എന്ന് കാണാൻ കൂടി നമ്മളെ സഹായിക്കുന്നു
മേരി കൊണ്ടോ യുടെ ഈ method netflix ൽ ഒരു സീരീസ് ആയി ഇറങ്ങിയിരുന്നു. സുതാര്യമായ സ്റ്റോറേജ് പെട്ടികളിൽ സാധനങ്ങൾ സൂക്ഷിക്കാനാണ് മേരി കൊണ്ടോ പറയുന്നത് കാരണം ഓരോ പെട്ടിയും തുറന്നു നോക്കാതെ തന്നെ നമുക്ക് അതിലെ സാധനങ്ങൾ മനസിലാക്കാം പ്രത്യേകിച്ച് വർഷത്തിൽ ഒരിക്കൽ മാത്രം ഉപയോഗിക്കുന്ന ക്രിസ്തുമസ് ഡെക്കറേഷൻ സാധനങ്ങൾ പോലുള്ളവ. എടുത്തു സൂക്ഷിക്കേണ്ട സാധനങ്ങൾ ഓരോന്നായി കയ്യിലെടുത്തു ഇത് എന്റെ ഹൃദയത്തോട് ഇപ്പോഴും സംസാരിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക. ഇതെനിക്ക് സന്തോഷം തരുന്നുണ്ടോ എന്നും ശ്രദ്ധിക്കുക. പണ്ട് സന്തോഷം തന്നിരുന്നു എന്നുള്ളത് ഒരു സാധനങ്ങൾ സൂക്ഷിച്ചു വക്കാനുള്ള ഒരു മാനദണ്ഡമേ അല്ല. ഇപ്പോൾ, ഈ നിമിഷത്തിൽ അത് നിങ്ങൾക്ക് സന്തോഷം തരുന്നുണ്ടോ എന്ന് മാത്രം നോക്കുക. അത് സൂക്ഷിക്കുക അല്ലാത്തവയെ അതുവരെ ചെയ്ത സേവനങ്ങൾക്ക് പെരുത്തു നന്ദി പറഞ്ഞ് ഒഴിവാക്കുക എന്നതാണ് രീതി.
ഇത്തരം രീതി പെട്ടെന്നൊരു വീട് വൃത്തിയാക്കൽ അഥവാ വിരുന്നുകാർ വരുമ്പോൾ ഉള്ള എമർജൻസി വൃത്തിയാക്കൽ അല്ല. ഇതൊരു ജീവിതം മാറ്റിമറിക്കുന്ന രീതിയാണ്. നമുക്ക് ഇഷ്ടപെട്ട വസ്തുക്കൾ മാത്രമായി നമ്മൾ ജീവിക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ വരുന്ന പോസിറ്റീവ് മാറ്റങ്ങൾ കണ്ടു തന്നെ അറിയണം. അതുകൊണ്ട് തന്നെ യാന്ത്രികമായ ഒരു പ്രവർത്തി അല്ല മറിച്ചു മനസാന്നിധ്യം അത്യാവശ്യമായി വേണ്ട ഒരു പ്രവർത്തിയാണ്. നമ്മുടെ ഉൾസ്വരം ശ്രവിക്കണം. ഇത് കൊള്ളണോ തള്ളണോ എന്നുള്ള ഉൾവിളി ( inner voice ) ശ്രവിച്ചേ നാം തീരുമാനം എടുക്കാവൂ. സാധാരണ ആവശ്യമില്ലാത്ത കൂമ്പാരം ( clutter) കളയുന്ന ഒരു പ്രവർത്തി മാത്രമല്ലിത് മറിച്ചു ജീവിത വിജയത്തിന്റെ ഒരു ആദ്യ പടി എന്ന് കൂടി പറയണം. നമുക്ക് സന്തോഷം തരുന്ന വസ്തുക്കൾ മാത്രം ചുറ്റിലും എന്ന് സങ്കൽപ്പിക്കുന്നതേ സ്വർഗീയമല്ലേ!
കോൺ മാരി method ൽ ഉപയോഗിക്കുന്ന 6 അടിസ്ഥാന തത്വങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
1. അടുക്കിവക്കലും പ്രതിബദ്ധതയും:
ഈ രീതിയെ കേവലം അടുക്കിവക്കൽ, വൃത്തിയാക്കൽ എന്ന് മാത്രം കരുതാതെ നമ്മുടെ അലങ്കോലപ്പെട്ടു കിടക്കുന്ന ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന ഒരു ശുചീകരണത്തിന് പ്രതിബദ്ധമായിരിക്കുക. മനസ്സ് കൊണ്ടു തയ്യാറാകുക. ഓരോ പ്രാർത്ഥനപോലെ ഓരോ വസ്തുവും എടുത്തു ഇതെനിക്ക് വർത്തമാന കാലത്തിൽ സന്തോഷം തരുന്നുണ്ടോ എന്ന് നോക്കി ഇപ്പോൾ തരുന്നുവെങ്കിൽ മാത്രം അത് എടുത്തു സൂക്ഷിക്കാം. പണ്ട് തന്നിരുന്നുവെന്നുള്ളത് കൊണ്ടു മാത്രം ഒന്നും സൂക്ഷിക്കരുത്
ഇതുവരെയുള്ള സേവനങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് ഒഴിവാക്കാം. ഇത് ചെയ്യുമ്പോൾ എന്റെ വീട് ഇന്ന് എന്നല്ല എപ്പോഴും ഈ ക്രമത്തിൽ കിടക്കണം എന്ന മനോഭാവത്തിൽ മാത്രം ഈ പ്രക്രിയ തുടരുക. ഈ വൃത്തിയാക്കൽ തീരുമാനം തന്നെയാണ് ജീവിത വിജയത്തിന്റെ ആദ്യപടിയും. എന്റെ ജീവിതം ക്രമീകരിക്കാൻ ഞാൻ എന്തും ചെയ്യും എന്ന മനോഭാവത്തോടെ ഇതിനെ സമീപിച്ചാൽ അത് ചെയ്യാനുള്ള എനെർജിയും,പ്രചോധനവും താനേ നമ്മളെ തേടിയെത്തും എന്നാണ് മേരി കൊണ്ടോ തന്റെ പുസ്തകത്തിൽ പറയുന്നത്. നമ്മുടെ ചിലവാകുന്ന ഊർജ്ജത്തിനും സമയത്തിനും ആത്യധികമായി ഒരു ഗുണ ഫലം നമ്മെ കാത്തിരിക്കുന്നു. നമുക്ക് ചുറ്റും സന്തോഷം നിറയുന്നവ മാത്രം! ജീവിതം മാറാൻ വേറെയെന്തു വേണം.
(തുടരും)
ചിത്രത്തിന് കടപ്പാട് : ഗൂഗിൾ


7 Comments
Pingback: കോൺമാരി ശുചീകരണത്തിന്റെ തുടർ തത്വങ്ങൾ - By Asha Rose - കൂട്ടക്ഷരങ്ങൾ
വളരെ informative ആയ ലേഖനം.👌
❤️🙏
നല്ല എഴുത്ത് 👌❤️🥰..
ആകാംഷയോടെ കാത്തിരിക്കുന്നു അടുത്ത ഭാഗം വായിക്കാൻ വേണ്ടി 🙂
🙏❤️
അടുക്കിപ്പെറുക്കലും ഒരു കലയാണ്.
ബാക്കിയ്ക്കായി കാത്തിരിക്കുന്നു❤️❤️
❤️🙏