ഇരുളിൽ നിന്നും വന്ന്
ഇരുട്ടിൽ മറയുന്നോന്
ഇരുൾ വന്ന് മൂടുമ്പോൾ
ഇരുളിനെ പേടിയെന്തേ ?
വെളിച്ചത്തിൽ നടന്നെന്നും
വെളുക്കെ ചിരിക്കുന്നോന്
രാത്രിയിൽ പരക്കുന്ന
വെളിച്ചത്തെ പേടിയെന്തേ ?
ഇരുളും വെളിച്ചവും
തീർക്കുന്ന ചിത്രങ്ങൾ
പറയുന്ന സത്യത്തിൻ
പൊരുളിനെ
പേടിയെന്തേ?
ഇരുട്ടി വെളുക്കുമ്പോൾ
വില്ലൻ നായകനും
നായകൻ വില്ലനുമായി
മാറുമ്പോൾ ശങ്കയെന്തേ ?
ഇരുളിൻ്റെ ഇടയിലും
വെളിച്ചത്തിൽ നിഴലിലും
സത്യം മറനീക്കി
വരാനായ് മടിയെന്തേ ?
ഇരുളും വെളിച്ചവും
നിറഞ്ഞ കളങ്ങളിൽ
കരുക്കൾ നീക്കി നീക്കി
കളിച്ചാൽ മടുക്കില്ലേ?
ഇരുളും വെളിച്ചവും
ഒരുമിച്ചൊരു നാളിൽ
ചോദ്യങ്ങൾക്കെല്ലാമുള്ള
ഉത്തരം തരുകില്ലേ?

1 Comment
പുതിയ സമീപനം, നന്നായിട്ടുണ്ട്