ഫെബ്രുവരി 13 നാണ് എൻ്റെ ജന്മദിനം. അതിൻ്റെ പിറ്റേന്നാണീ വാലൻ്റൈൻസ് ഡേ. പണ്ട് അതിനിത്ര പ്രാധാന്യമൊന്നുമില്ലായിരുന്നു. എന്നാലിപ്പോൾ റോസ് ഡേ, പ്രൊപ്പോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡ്ഡി ഡേ, പ്രോമിസ് ഡേ, കിസ് ഡേ, ഹഗ് ഡേ എന്നിങ്ങനെയാണ് ആഘോഷദിനങ്ങളുടെ ക്രമം. നീയും ഞാനും മാത്രമെന്ന ക്രമത്തിൽ നിന്നും നിങ്ങളും ഞങ്ങളും നമ്മളുമെന്ന അതിക്രമത്തിലെത്തിയിരിക്കുന്നു. സദാചാര ധ്വംസനവും, ലോകത്തിൻ്റെ കാഴ്ചപ്പാടിനെ വെല്ലുവിളിക്കലും, പൊതുവിടത്തിൽ അവിഹിതവും അശ്ലീലവും ആഭാസവും നിർവ്വഹിക്കാമെന്ന ധാർഷ്ട്യവും നിറഞ്ഞ ന്യൂജെൻ വ്യൂസുകൾ.
ചാറ്റ് ഡേ, ഷോ ഡേ, സെക്സ് ഡേ, അബോർഷൻ ഡേ, അവിഹിതം ഡേ, പീഡനം ഡേ, ജയിൽ ഡേ, പിന്നെ റീൽസ് ഡേ എന്നിടത്ത് റിയലിസത്തിന് സ്ഥാനമില്ലാതായി. പേപ്പേഴ്സ് ഡേ, മീഡിയ ആക്ടിവിസം ഡേ, പൊളിറ്റിക്കൽ കറക്റ്റ്നസ്സ് ഡേ, സ്ക്രൂട്ടിനി ഡേ, ആൾക്കൂട്ട വിചാരണ ഡേ, ആവിഷ്കാര വിദൂഷക ഡേ, പി.ആർ. വർക്ക് ഡേ, എന്നിങ്ങനെ നമ്മുടെ വിചാരങ്ങളും വീണ്ടുവിചാരങ്ങളും കാഴ്ചകളും കാഴ്ചപ്പാടുകളും കെട്ടുപിണയുന്നു. സെവൻ സിനിസിസം സിസ്റ്റം ഡേയ്സ്.
രണ്ടുപേർ പരസ്പരം ചുംബിക്കുമ്പോൾ ലോകം തീരെ ചെറുതാവുന്നു എന്നു പറയും പ്രണയത്തിൻ്റെ തിസീസ്. രണ്ടു പെണ്ണുങ്ങൾ ചുംബിക്കുമ്പോഴോ ലോകത്തിൻ്റെ മുഖം വക്രിക്കുന്നു. രണ്ടു പുരുഷന്മാർ ചുംബിക്കുമ്പോൾ ലോകം പുച്ഛിക്കുന്നു. ട്രാൻസ് ജൻ്ററുകൾ ചുംബിക്കുമ്പോൾ ലോകം കണ്ണു പൊത്തുന്നു. അപ്പോൾ ഉമ്മകൾക്കല്ല കുഴപ്പം, ഉൺമകൾക്കും ഉലകവീക്ഷണത്തിനും ഉദാസീന കാഴ്ചകൾക്കുമാണ്. ലോകം ഉല്ലസിക്കട്ടെ എന്നുകൂടി പറയുന്നുണ്ട് വാലൻ്റൈൻസ് ഡേ.
പഴയൊരോട്ടോഗ്രാഫിൻ്റെ താളിലെ കാണായ്കയിലുണ്ടാവും ഞങ്ങളുടെയൊക്കെ പ്രണയദിനങ്ങൾ.
കാണാതായകത്തിരിപ്പുണ്ട്
കണ്ണുകുത്തിപ്പൊട്ടിച്ച കവിതകൾ.
കാലത്തിൻ്റെ വലിയ തേപ്പുകൊണ്ടൊട്ടിച്ച
പ്രണയത്തിൻ്റെ പറക്കമുറ്റാത്ത പഴകിയ അക്ഷരങ്ങൾ.
വാക്കു വിരിയാതെ കൊഴിഞ്ഞൊരു മയിൽപ്പീലിത്തുണ്ട്.
പ്രസവം നിർത്തിപ്പോയൊരു മഞ്ചാടിക്കുടുക്ക.
ആർത്തവച്ചോര പടർന്ന വളപ്പൊട്ടുകൾ.
കൗമാരമെന്ന കാണായ്മ
കണ്ണടച്ചുകളഞ്ഞ കള്ളക്കാലം.
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.
