മഴയുതിർത്ത നിനവിൽ
തിരിതെളിഞ്ഞ കനവിൽ
വെറുതെയുള്ളിലോരോ
വരി കോർത്തിടുന്നതാരോ…
നീ മറന്നു വച്ച ഞാനോ
ഞാനോർത്തിടുന്ന നീയോ
ആ വരികളൊന്നായ് ചേർന്നു
പാടുമേതു രാഗമോ..
മഴ നനഞ്ഞൊരിതളിൻ
കുളിരിലലസമൊഴുകി
മൃദുലമരിയ ചിറകുമായ്
നോക്കി നിന്നതാരോ….
നീ തേടി വന്ന ഞാനോ
ഞാൻ കാത്തിരുന്ന നീയോ
നനയുമിതളാൽ ചിറകു
തുന്നും ചിത്രശലഭമോ
മഴ കഴിഞ്ഞൊരിരുളിൽ
നിഴൽ വിരിഞ്ഞവഴിയിൽ
അഴലൊഴിഞ്ഞമനവുമായ്
മിഴിതുറന്നതാരോ…
ഞാൻ മെനഞ്ഞ കനവോ
അതിൽ നീ പകർന്ന നിറമോ
ആ നിറമണിഞ്ഞൊരുങ്ങി
വന്ന രാഗ സന്ധ്യയോ…

2 Comments
മനോഹരം .ഈണത്തിൽ കേൾക്കാൻ തോന്നുന്നു …
എനിക്കും 😊….. Niija ഒന്ന് പാടി നോക്കു….