നിൻ്റെ പേരെന്തെന്നറിയേണ്ട കുഞ്ഞേ
നിൻ്റെ ഭാഷയും ദേശവും അറിയേണ്ട
നിൻ്റെ കണ്ണിൽ നിന്നുതിരുന്നൊരശ്രുക്കൾ
പൊള്ളിക്കുന്നുണ്ടെൻ
ഹൃദയവും കരളും
ആകാശ മാർഗ്ഗം തീമഴ പെയ്യിച്ച്
മനുഷ്യരൂപം പൂണ്ട കാട്ടാള വർഗ്ഗം
കൊന്നു തള്ളുന്നു പാവം മനുഷ്യരെ
പാപമെന്തെന്നു പോലുമറിയാത്ത
പിഞ്ചുമക്കളെ കൊന്നുതള്ളുന്നിതാ
നിർത്തു, നിർത്തിടൂ കാട്ടാള വർഗ്ഗമേ
ജീവൻ കൊയ്യുന്നൊരായുധ മൽസരം
എത്ര കാലമായ് തുടരുന്നു നിങ്ങളീ
ഭൂമി വെട്ടിപ്പിടിക്കുന്ന മൽസരം
കുന്നുകൂടും ശവങ്ങളും, കണ്ണീരും
ചോര വീണു ചുവന്നൊരു ഭൂമിയും
അംഗഭംഗംവന്ന ശരീരത്തിനപ്പുറം
അറ്റുപോകുന്ന ബന്ധവുമല്ലാതെ
എന്തു നേട്ടമീ യുദ്ധത്തിനൊടുവിലായ്
ആയുധങ്ങൾ കുന്നു കൂട്ടുന്നവർ
വിറ്റു തീർക്കുവാൻ,
ലാഭങ്ങൾ കൊയ്യുവാൻ
മനുഷ്യജീവൻ്റെ മുകളിൽ വിതയ്ക്കുന്നു
വിദ്വേഷത്തിൻ വിഷം ചേർത്ത വിത്തുകൾ
കൊയ്തെടുക്കുന്നു മാനവ ജീവിതം
ഒപ്പം ജീവനും, ജീവിത മാർഗ്ഗവും
കഴുകൻ കണ്ണുമായ് റാഞ്ചിയെടുക്കുന്നു
ലോകത്തിൻ്റെ സമാധാന ജീവിതം
ഭേദ ചിന്തകൾ എല്ലാം വെടിഞ്ഞിട്ട്
ഏറെ ഉച്ചത്തിൽ ഒറ്റ ശബ്ദത്തോടെ
യുദ്ധം വേണ്ടെന്ന് പറയുവാനാവണം
യുദ്ധവെറിയരെ അകറ്റുവാനാവണം
