നേരം, ഇത്തിരിനേരം ഒന്നായിരിക്കുവാൻ നിനയ്ക്കുന്നേവരും,
ഒത്തിരിക്കാലമൊന്നായിരിക്കിലും ഇത്തിരിനേരം പോലും ഉള്ളറിഞ്ഞിരിക്കില്ല,
പറയാതെയറിയാതെയേവരും ഒറ്റത്തുരുത്തിലൊതുങ്ങുന്നു…
മറ്റുള്ളവർക്കായി അനുനിമിഷം ചിന്തിച്ചുപ്രവർത്തിച്ചൊടുങ്ങുന്നിതു ചിലർ,
ഇത്തിരിനേരമെങ്കിലുമവനവനായി ചിന്തിച്ചില്ലെങ്കിലൊരുനാൾ
അസ്തിത്വമില്ലാതാവുമതു സുനിശ്ചിതം..
ഇത്തിരിനേരം കൺതുറന്നുകാണാമീ ലോകം,
എത്രനാളീ കാഴ്ചകളെന്നതറിയില്ലല്ലോ,
ആസ്വദിക്കാമാവോളം, ഇത്തിരിനേരമെല്ലാം മറക്കാം…
കണ്ണാൽ കാണുന്നതിനെ കണ്ണടച്ചു വിശ്വസിക്കാതിരിക്കാം,
ഇത്തിരിനേരം മനനംചെയ്യാം
ഉൾക്കണ്ണുതുറക്കുകിലറിയാം മൂഢവിശ്വാസങ്ങളുടെ പൊള്ളത്തരങ്ങൾ…
കോപത്താലെരിക്കാതിരിക്കാം ബന്ധങ്ങൾ,
നാക്കിൻശരങ്ങൾ തൊടുക്കും മുൻപേ, ഇത്തിരിനേരം നിശബ്ദരാവാം,
ആറിത്തണുക്കട്ടെ ഉള്ളിലെവേവുകൾ, ചിന്തകളിൽ വെളിച്ചം നിറയട്ടെ..
ഇത്തിരിനേരം, ഒത്തിരി കാര്യങ്ങൽ,
ഉള്ളാലറിയണം, ഉൾക്കൊള്ളണം…
★★★നിഷിബ എം നിഷി★★★
