നീയെനിക്ക് അത്രയും
പാകമായ ഒരാളാണ്..!
ഏച്ചുകെട്ടലിന്റെ
മുഴുപ്പുകളില്ലാതെ,
അളവെടുത്തു തുന്നിയ
ഉടുപ്പ് പോലെ പാകം..
എന്റെ പരിഭവങ്ങൾ,
വേവലാതികൾ,
ആശകൾ,
നിരാശകൾ,
ആഹ്ലാദങ്ങൾ,
എന്തിനേറെ,
കാമനകൾ പോലും
നൂലിഴ അളവ്
തെറ്റാതെ പാകമാകുന്നു
നിന്നിലും..!
പരകായ പ്രവേശം പോലെ
ഉടലിണങ്ങി,
നിന്നെ ഞാൻ
അദൃശ്യമായ്
അണിഞ്ഞിരിയ്ക്കുന്നു
ഉടലിലും ഉയിരിലും..
എത്ര മുഷിഞ്ഞാലും,
നരച്ചു പിഞ്ഞിയാലും,
ഉപേക്ഷിച്ചു കളയാനും മാത്രം
നിന്നെയെനിക്ക്
മടുക്കുന്നേയില്ലല്ലോ…!
✍️Splkollam

1 Comment
മനോഹരം ഷീബ❤️❤️