നീ എനിക്ക് എന്നിലെ ആരും കാണാത്ത പുസ്‌തകമാണ്
അതിന്റെ ആദ്യതാളിൽ ഞാൻ വരച്ചത് നിന്റെ മുഖചിത്രമാണ്
നിന്നെ കാണാൻ തോന്നുമ്പോഴൊക്കെ കാണാൻ വേണ്ടി
ഇടയ്ക്കിടെ ഞാൻ തുറന്നു നോക്കാറുണ്ട്,
നിന്നെ നോക്കി ചിരിക്കാറുണ്ട്,
കുറുമ്പ് തോന്നുമ്പോ നിന്റെ കവിളിൽ പയ്യെ നുള്ളാറുണ്ട്
അടുത്ത താളുകളിലൊക്കെയും
നിന്നോടെനിക്ക് പറയാനുള്ള സന്ദേശങ്ങളായിരിക്കും
വെട്ടിയും മായ്ച്ചും എത്രയെത്ര താളുകൾ മങ്ങിയിട്ടുണ്ട്
നിനക്കായ് അതിൽ എത്ര പ്രണയകവിതകൾ രചിച്ചിട്ടുണ്ട്
എന്റെ പ്രണയം മുഴുവൻ ഞാൻ പറഞ്ഞത് ഈ താളുകളിലൂടെയല്ലേ
പ്രണയസൗഗന്ധിക പനിനീർപ്പൂക്കളും
അതിലോലമാം മയിൽപ്പീലിത്തണ്ടും
നിനക്കായ് സൂക്ഷിച്ചു വച്ചതും ഈ താളുകളിലല്ലേ
നിന്നെ കണ്ടതും പ്രണയം പറഞ്ഞതും
നമ്മുടെ പ്രണയം മുഴുവനുമെല്ലാം
എന്റെ മാത്രം നീയാം പുസ്തകത്താളുകളിലല്ലേ!
എന്റെ മനസ്സിന്റെ കോണിലെ ആരും കാണാത്തോരറയിൽ
നീയെന്ന പുസ്തകം ഒളിപ്പിച്ചു വച്ചിട്ടുണ്ട് ഞാൻ
എപ്പോഴും തുറന്നും അടച്ചും
പിന്നെയും തുറന്നും അങ്ങനെയങ്ങനെയങ്ങനെ…!
