പറന്നുയരണമിനിയുമിനിയും
അകലങ്ങൾ തൻ ഉയരങ്ങളിലേയ്ക്ക്
ചിറകറ്റു വീണിടത്തു നിന്നൊരു
ഫീനിക്സ് പക്ഷിയെപ്പോൽ
പറന്നകലണം ഇനിയുമിനിയും
എങ്ങോട്ടെന്നില്ലാതെ ദൂരെദൂരേ
മടുപ്പില്ലാതെ കണ്ടുതീർക്കാൻ
കൊതിയുള്ളിടങ്ങളിലേയ്ക്ക്
എന്നിട്ടൊടുവിൽ
കാണാക്കാഴ്ചകൾ കണ്ടുമറന്നിടത്തു
നിന്നിറങ്ങി വന്നു
ചുരുങ്ങിയൊതുങ്ങണമിനിയുമൊരു
കുഞ്ഞുകുഞ്ഞാറ്റപ്പക്ഷിയെപ്പോൽ
അവിടെ ഒരു മരച്ചില്ലയിലായ്
തേടിപ്പറന്നെടുത്ത
ചുള്ളിക്കമ്പുകൾ കൊണ്ടൊരു
കുഞ്ഞു കൂടു കൂട്ടണം
അവിടെ തുണയായൊരിണക്കിളിയെ
തേടിപ്പിടിക്കണ൦
കൊക്കിലൊതുങ്ങും കുഞ്ഞു സ്വപ്നങ്ങൾ
കോർത്തിട്ടഞ്ചാറു കുഞ്ഞിക്കിളികളെ
പോറ്റി വളർത്തണമൊരമ്മക്കിളിയെ പോൽ
സ്വപ്നം കാണാൻ ഇനിയുമൊരുപാടുണ്ട്
ഈ കുഞ്ഞുപക്ഷിയ്ക്ക്
കണ്ടതിനേക്കാൾ കൂടുതൽ
കാണാത്തതായിട്ട്…!
