പിറന്നാൾ ദിനം ഓർക്കാൻ മറന്നു പോയെന്ന് പറയുന്ന
പ്രിയപ്പെട്ടവർ ഉണ്ടാകുന്നിടത്ത്
രാപ്പകലുകളുടെ തിരക്കുകളെ നെഞ്ചിലേറ്റിടുമ്പോൾ
കാത്തിരിക്കാൻ ആളില്ലാതാകുന്നിടത്ത്
നെഞ്ചിലെ പിടച്ചിലുകൾ മനസ്സിലാക്കി
ആശ്വസിപ്പിക്കാൻ മറന്നു പോകുന്നിടത്ത്
പൊട്ടിക്കരച്ചിലുകൾക്ക് തടയായി
സാന്ത്വനത്തിൻ്റെ മടിത്തട്ട് ഇല്ലാതാകുന്നിടത്ത്
വെച്ചു വിളമ്പലുക്കൾക്കിടയിൽ
കഴിക്കാൻ മറന്നു പോകല്ലേയെന്ന്
ഓർമ്മിപ്പിക്കാൻ ആളില്ലാത്തിടത്ത്
ഇഷ്ടഭക്ഷണം ഒരുക്കി കാത്തിരിക്കാൻ
ആരുമില്ലെന്ന തിരിച്ചറിവുണ്ടാകുന്നിടത്ത്
കടിച്ചമർത്തപ്പെടുന്ന വേദനകളെ
മറ്റാരും കാണാത്തിടത്ത്
ഉറങ്ങാൻ പറ്റാത്ത രാത്രികളിലെ
ഉറക്കമിളക്കലുകളുടെ ദൈർഘ്യം അളക്കാത്തിടത്ത്
മാത്രമേ അമ്മയെ ഓർക്കാറുള്ളൂ എന്നതല്ല
അപ്പോഴെല്ലാം അമ്മയെ മാത്രമേ ഓർക്കാറുള്ളൂ
എന്നതാണ് പകരം വയ്ക്കാനില്ലാത്ത അമ്മസ്നേഹം…
