തിരകളെല്ലാം തീരത്തിന്നരികിലല്ലേ
ആഴക്കടലോ അതു ശാന്തമല്ലേ.
പ്രകൃതി പ്രക്ഷുബ്ധമായ് മാറുമ്പോൾ മാത്രം
തിരമാലയലയടിച്ചങ്ങുയർന്നീടും.
ആഴക്കടലിന്നുമാഴത്തിലായങ്ങു
ചുട്ടുപൊള്ളിച്ചീടും ലാവയോ
പേറുന്ന അഗ്നിപർവതത്തിൻ സമാനമായുള്ളൊരു
ഭീതിദമാം ദുരന്തമുണ്ടറിയുമോ.
സുനാമിത്തിരയെന്നോരോമനപ്പേരും
പേറിക്കൊണ്ടവനെത്ര ജീവനെടുത്തെന്നോ.
ശാന്തമായ് കാണുന്നൊരുൾക്കടലു പോലെ
ശാന്തത പേറുന്ന മനുഷ്യരുടെയുള്ളിലും
അലയടിക്കുന്നുണ്ടാകുമോരോ സുനാമിത്തിരകൾ.
