അസൂയ തോന്നാറുണ്ടെനിക്ക്,
എന്റെ മോട്ടോ ജി പൂവൻകോഴി
വെളുപ്പിന് 5 മണി മുതൽ ഇടതടവില്ലാതെ
തൊണ്ട കാറി കൂകി വിളിച്ചിട്ടും
കുലുക്കമില്ലാതെ ഉറങ്ങണ ഏട്ടനെ കാണുമ്പോ
എന്റെ അന്നത്തെ ദിവസത്തെ ആദ്യത്തെ
അസൂയ പുറത്തേയ്ക്ക് ഇറങ്ങി വരും.
കാറിക്കൂകുന്ന കോഴിയുടെ കൊരക്കിന്
ഒരമർത്തു കൊടുത്ത് ചാടിപ്പിടഞ്ഞ് എണീറ്റ്
അടുക്കളയിലേയ്ക്ക് പോണ വഴി
ഇരുട്ടത്ത് കാല് തട്ടി നക്ഷത്രം എണ്ണുന്ന നേരത്ത്
എനിക്ക് രണ്ടാമത്തെ അസൂയ വരും.
ഓഫീസിൽ പോകുന്നതിന് തൊട്ടു മുൻപായി മാത്രം എണീറ്റ്
ദിനചര്യകൾ നടത്തി ഭക്ഷണവും കഴിച്ച്
ഓഫീസിൽ പോകുന്ന ഏട്ടനെ കാണുമ്പോ
പിന്നെയും വരാറുണ്ട് അടുത്ത അസൂയ.
എവിടെയെങ്കിലും പോകാൻ ഇറങ്ങും നേരത്ത്
കുളിക്കാനും ഒരുങ്ങാനും
അവസാനകഥാപാത്രമായി എന്നെ
തെരെഞ്ഞെടുക്കപ്പെടുമ്പോൾ
ആദ്യം ഒരുങ്ങി മുറ്റത്തിറങ്ങി
അയൽക്കാരോട് ലാത്തിയടിച്ച്
നിൽക്കണ എട്ടനെ കാണുമ്പോ ശരിക്കും തോന്നാറ്ണ്ട് അസൂയ.
ഓഫീസിൽ നിന്ന് വന്നിട്ട് ഏട്ടൻ
ഭക്ഷണവും കഴിച്ച് മൊബൈലും നോക്കി
ടി വി യും കണ്ടോണ്ട് ചാരി കിടന്ന്
അങ്ങനെ മയങ്ങണത് കാണുമ്പോ
ഭക്ഷണവും കഴിക്കാതെ
നടു നിവർത്താതെ അടുക്കളയിൽ
പാത്രങ്ങളോട് ചന്നം പിന്നം കഥകൾ പറഞ്ഞ്
എണ്ണിപ്പെറുക്കുമ്പോ എനിക്ക്
സത്യായിട്ടും തോന്നാറ്ണ്ട് അസ്സല് അസൂയ.
ഞാൻ ഏട്ടനും ഏട്ടൻ ഞാനും ആയി മാറണ
ദിവസങ്ങൾ പോലും സ്വപ്നം കാണാറുള്ള എനിക്ക്
സത്യത്തിൽ ഏട്ടനോട് അസൂയയാ,
നല്ല മുഴുത്ത അസൂയ.
പാവം ഏട്ടൻ ഇത് വല്ലതും
അറിയണ് ണ്ടോ ആവോ..! 😂
