പാഞ്ചജന്യം മുഴക്കുക മാധവാ
ഗാണ്ഡീവം വീണ്ടുമണിയുനീ അർജുനാ
കുരുക്ഷേത്രം വീണ്ടും വിളിക്കുകയായിതാ
കൗരവപ്പട കുതിച്ചിങ്ങു വരികയായ്
കണ്ണു കാണാത്ത ദൃതരാഷ്ട്ര ഭരണവും
കണ്ണുകെട്ടിയ നീതിപീഡങ്ങളും
കൗശലത്താൽ കവരുന്നു സർവ്വവും
ശകുനികൾ കള്ളച്ചൂതിൽ ജയിക്കുന്നു
പഞ്ചപുച്ഛമടക്കിനിൽപ്പാണല്ലോ
സർവ്വശക്തരാം പാണ്ഡവ പുത്രന്മാർ
കൗരവപക്ഷം കാട്ടുന്ന ക്രൂരത
കണ്ടില്ലെന്നു നടിക്കുന്നു ഭീഷ്മരും
അംഗ രാജ്യത്തിൻ രാജാവായ് വാഴിച്ച
നന്ദി കാട്ടുന്നു കർണ്ണനും കൂട്ടരും
നീതികേടിനെ കാണാതെ പോകുന്നു
ജ്ഞാനിയായൊരു ആചാര്യ ദ്രോണരും
സന്ധി ചെയ്തതു മതിയിനി മാധവാ
വില്ലെടുത്തു തൊടുക്കു നീ അർജുനാ
മുന്നിൽ ശത്രുക്കൾ മാത്രമാണോർക്കുക
യുദ്ധഭൂമിയിൽ ബന്ധം മറക്കുക
പത്മവ്യൂഹത്തിനുള്ളിലകപ്പെട്ട്
വീരമൃത്യു വരിച്ചു നിൻ പുത്രനും
ദുഃഖമെല്ലാം വെടുഞ്ഞെഴുന്നേൽക്കുക
പത്മവ്യൂഹം തകർക്കാൻ സമയമായ്
സുദർശനചക്രധാരിയാം മാധവാ
തന്ത്രമെല്ലാം നീ ചൊല്ലിക്കൊടുക്കുക
ലക്ഷ്യമൊന്നും പിഴക്കാതെ നീ നിൻെറ
ആയുധങ്ങൾ പ്രയോഗിക്ക അർജുനാ
ഒരു നിമിഷം വൈകിയാൽ പിന്നെ നിൻ
ജീവനില്ലെന്ന സത്യം അറിയുക
ഇനിയും ദ്രൗപതി കേഴാതിരിക്കണം
അവളുടെ ചേല അഴിയാതിരിക്കണം
അതിനു തടസ്സമായ് മുന്നിൽ വരുന്നവർ
ബന്ധുവെങ്കിലും വെട്ടി വീഴ്ത്തീടണം
ചോര വീണുചുവന്നിടാം പാരിടം
എങ്കിലും വീണ്ടും പോരാടാതൊക്കുമോ?
✍️ ഷീജിത്ത് പിണറായി
