രോഗം വന്നതുമുതൽ മനുഷ്യന്റെ ജീവിതത്തിലെ ഒരു സ്ഥിരം കൂട്ടുകാരനാണ് മരുന്ന്. ചിലർ അലോപ്പതിയെയും, ചിലർ ആയുർവേദം, ഹോമിയോപ്പതി, പ്രകൃതിചികിത്സ തുടങ്ങിയ രീതികളെയും ആശ്രയിക്കുന്നു. ചികിത്സാരീതികൾ പലതാണെങ്കിലും ലക്ഷ്യം ഒന്ന് — രോഗം മാറ്റി ആരോഗ്യത്തോടെ ജീവിക്കുക.
ശരിയായ രോഗത്തിന് ശരിയായ മരുന്ന്, ശരിയായ അളവിൽ ഉപയോഗിച്ചാൽ അത് വലിയ സഹായമാണ്. എന്നാൽ പാർശ്വഫലങ്ങൾ ഉണ്ടാകാം. അതിനാൽ ഡോക്ടറുടെ നിർദേശമില്ലാതെ സ്വയം മരുന്ന് കഴിക്കുന്നത് അപകടകരമാണ്.
ഇന്ന് ചെറിയൊരു തലവേദന വന്നാലും ഡോക്ടറെ കാണുന്നതിന് മുമ്പ് മൊബൈലിൽ സോഷ്യൽ മീഡിയ പരിശോധിക്കും. ആരോ പറഞ്ഞ മരുന്ന് നമുക്കും പറ്റുമെന്ന് കരുതി വാങ്ങുകയും ചെയ്യും! മറ്റൊരാൾക്ക് ഫലം ചെയ്ത മരുന്ന് നമുക്കും ഫലം ചെയ്യണമെന്നില്ല. ഗൂഗിൾ അറിവ് ഡോക്ടറുടെ യോഗ്യതയ്ക്ക് പകരമല്ല; ഒരു റീൽ കണ്ടതുകൊണ്ട് നമ്മൾ രോഗവിദഗ്ധരുമാകില്ല!
ഗുളികകൾ കൂടുമ്പോൾ രോഗത്തേക്കാൾ വലിയ പ്രശ്നം “ഏത് ഗുളിക എപ്പോൾ?” എന്നതാകും. അതുകൊണ്ട് മരുന്ന് ശത്രുവുമല്ല, കളിപ്പാട്ടവുമല്ല. ആവശ്യമുള്ളപ്പോൾ ഒരു ആരോഗ്യപ്രവർത്തകന്റെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക.
ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്. ജീവിക്കാനായി ഭക്ഷിക്കുക; ഭക്ഷിക്കാനായി ജീവിക്കാതിരിക്കുക. ആരോഗ്യം കാത്തുസൂക്ഷിച്ചാൽ മരുന്നിനെയും ചികിത്സയെയും പരമാവധി ഒഴിവാക്കാം.
