പ്രിയപ്പെട്ട വിമർശകാ താങ്കളോട് രണ്ടു വാക്ക്. താങ്കളെപ്പറ്റിത്തന്നെയാകുമ്പോൾ അതിഭാവുകത്വം വേണ്ട. താങ്കൾക്ക് അറിവുണ്ട് നിർഭാഗ്യകരമെന്നു പറയട്ടെ ആ അറിവിനെ അധികരിയ്ക്കുന്ന അഹങ്കാരവുമുണ്ട്. മഹാനുഭാവാ അറിവ് പകർന്നു നൽകുവാനുള്ളതാണ്. അങ്ങനെയല്ലെങ്കിൽ അതുകൊണ്ട് എന്താണുപയോഗം. കുടത്തിനുള്ളിലെ ദീപം പോലെ. താങ്കളെ സമീപിക്കുന്നവർ താങ്കളുടെ വിമർശനമേറ്റ് താങ്കളെ വിട്ടുപോയ ചരിത്രമാണെന്ന് വീരസ്യം വിളമ്പുമ്പോൾ അവിടുന്ന് ഓർത്തുനോക്കിയിട്ടുണ്ടോ അതെന്തുകൊണ്ടാണെന്ന്. താങ്കളവരെ വിമർശിക്കുകയല്ല അവരെ പരീക്ഷിക്കുകയാണ് ചെയ്യുന്നത്. പരിഹാസമാകുന്ന വാക്കുകളുടെ കൂർത്ത മുനയാൽ അവരുടെ ഹൃദയം കുത്തിമുറിയ്ക്കുന്നു. മുറിവേറ്റുവാങ്ങാനൊരുക്കമല്ലാത്തവർ വിട്ടുപോകുന്നു.ഇനിയൊരുപക്ഷം തുടരുന്നുവെങ്കിൽ താങ്കളഹങ്കരിയ്ക്കേണ്ട അതു ബഹുമാനം കൊണ്ടല്ല നിങ്ങളിൽ നിന്നുള്ള വിമർശനങ്ങളെ അവർ സ്വീകരിക്കുന്നുണ്ടാകാം. അടുത്ത സൃഷ്ടിയിലെ അപാകതകൾ പരിഹരിക്കപ്പെടാൻ ആഗ്രഹിക്കുന്നുണ്ടാകും. ഒരമ്മയോട് തന്റെ കുഞ്ഞിന്റെ കുറവുകളെപ്പറ്റി പറയുമ്പോൾ അതിൽ പരിഹാസശരങ്ങളില്ലാതിരിക്കട്ടെ പരിഹാരവചനങ്ങളാകട്ടെ ഉള്ളത്.
- ഓരോ സൃഷ്ടികർത്താവിനും തന്റെ സൃഷ്ടി ത്വൽ സന്താനം തന്നെ.
