അങ്ങിങ്ങായി കിടക്കുന്ന വഴികളുടെ ഒത്ത നടുവിൽ ചെന്ന് നിൽക്കുമ്പോൾ, ഭൂത-വർത്തമാന കാലങ്ങളിലെ നിങ്ങളെ നിങ്ങൾക്ക് നഷ്ടമാകും.
വഴികൾക്കിരുവശത്തും കാണുന്ന കരിയിലകൾ നിങ്ങൾ കാലു കൊണ്ട് നീക്കി, കളഞ്ഞു പോയ നിങ്ങളെത്തേടും.
ഇനിയതെങ്ങും കിട്ടാനൊന്നും പോകുന്നില്ലെന്നു മനസ് നിങ്ങളെ നോക്കി കളിയാക്കും,
സത്യമതാണെന്നറിയാമെങ്കിലും നിങ്ങളതുൾക്കൊള്ളാതെ തല വെട്ടിച്ചു നടക്കും.
എവിടെയോ മറന്നു വെച്ചെന്നു കരുതി വഴിയിൽക്കണ്ട സകലരോടും നിങ്ങളന്വേഷിക്കും,
മലർത്തിയ കൈകൾ കണ്ടു നിങ്ങൾ മടുക്കും.
ഒടുവിൽ നിങ്ങൾ ചിരിക്കും, കരയും, അട്ടഹസിക്കും, തനിയെ സംസാരിക്കും.
നിങ്ങളെ ശൂന്യതയിലേക്ക് തള്ളിയവർ തന്നെ നിങ്ങൾക്ക്
ഭ്രാന്തെന്ന് മുദ്രയിടും!
-ട്വിങ്കിൾ സുഗതൻ-
