വെയിലത്ത് മിന്നിനീങ്ങുന്ന ആ കൊച്ചുജീവിയെ ചൂണ്ടി പണ്ട് അമ്മൂമ്മ പറഞ്ഞു,”അരണ കടിച്ചാൽ ഉടനെ മരണം” നിരുപദ്രവി പരിവേഷമുള്ള അരണ ഒരു മരണകാരണം ആകുകയോ? എന്റെ സംശയം ”ഒരു പാവമല്ലേ അത് കടിക്കുമോ?അമ്മൂമ്മയുടെ സാന്ത്വനം, “പേടിക്കേണ്ട,അത് കടിക്കാൻ വന്നാലും അരികിൽ എത്തുമ്പോഴേക്കും കടിക്കാൻ മറക്കുമത്രേ.പണ്ടുള്ളവർ പറയുന്നതാണ്. പരമാർത്ഥം അറിഞ്ഞുകൂടാ..”മരണത്തിന്റെയും മറവിയുടെയും ചാർത്തുകൾ ഒന്നിച്ച് മനുഷ്യരാൽ എഴുതി തന്നിൽ ചേർക്കപ്പെട്ടിട്ടുള്ളത് അറിയാതെ അതിഴഞ്ഞ് നീങ്ങുന്നത് അകലം പാലിച്ച് കൊണ്ട് ഞാൻ സാകൂതം നോക്കി നിന്നു. ഒരുനാൾ എന്റെ വികസിച്ച ബുദ്ധി എന്നോട് തന്നെ ചോദിച്ചു, “ബുദ്ധിശൂന്യനും, മറവിക്കാരനുമായ വിഷജീവിയെന്ന് പൊതുവേ അറിയപ്പെടുന്ന അരണയ്ക്ക്, ജീവൻ നിലനിർത്താനുള്ള ഭക്ഷണം കഴിക്കാനും വംശം നിലനിർത്താനുള്ള പ്രക്രിയകൾക്കും മറവി ഇല്ലേ?” ആ ചോദ്യം ഞാൻ കേട്ടില്ലെന്ന് നടിച്ചു. ഈ അടുത്ത ഇടയ്ക്ക് വീട്ടുമുറ്റത്ത് അരണയെ കണ്ടപ്പോൾ ആ ചോദ്യം മനസ്സിൽ വീണ്ടും ഊറിക്കൂടി. എന്തിനും ഏതിനും ഉത്തരമായി ഗൂഗിൾ വിരൽത്തുമ്പിൽ ഉള്ളപ്പോൾ പിന്നെയെന്ത് വേണം? ഉത്തരം ഉടനെ..’അരണ ഒരു വിഷജീവിയല്ല, മറവിയുമില്ല’. ഞാൻ മനസ്സിൽ പറഞ്ഞു, “വിഷജീവിയല്ല, മറവിയുമില്ല, മാനഹാനിക്ക് കേസും കൊടുക്കില്ല. ബുദ്ധിയുള്ള അഹങ്കാരികളുടെ മഹാഭാഗ്യം!”മനുഷ്യകുലത്തിൽ പണ്ട് തൊട്ടേ നടന്നുകൊണ്ടിരിക്കുന്ന ഈ വക സംഭവവികാസങ്ങൾ ഒന്നും തന്നെ അറിയാതെ ആ അരണ വേലിപ്പൊത്തിലൂടെ അങ്ങേ വളപ്പിലേക്ക് ഇഴഞ്ഞ് നീങ്ങുന്നതും നോക്കി ഞാൻ നിന്നു.
ആ അരണയെപ്പോലെ ചിലതെല്ലാം നാം അറിയാതെ പോകുന്നത് ജീവിതത്തിൽ ഒരു അനുഗ്രഹം ആണെന്നപ്പോൾ മനസ്സ് പറഞ്ഞു.
(>സുജാത നായർ<)