പിന്നീട്, എൻ്റെ ദിനങ്ങൾ തുടങ്ങിയതൊക്കെയും നിൻ്റെ മുഖം കണ്ടു കൊണ്ടായിരുന്നു. അവസാനിക്കുന്നതാകട്ടെ നിൻ്റെ മുറിയിലെ അവസാന തരി വെട്ടവും അണയുമ്പോൾ. സൂര്യനൊപ്പം ജനലരികൽ ഉദിച്ചുയരുന്ന ആ മുഖം പകൽനേരങ്ങളിൽ കണ്ടതേയില്ല. വീട്ടിലെ തിരക്ക് അത്രയ്ക്കുണ്ടാവുമെന്ന് ഞാൻ ഊഹിച്ചു. ഒരു പക്ഷേ നിൻ്റെ വീട് ഒരു കൂട്ടുകുടുംബവുമാകാം.ആളുകൾ വന്നും പോയുമിരിക്കുന്നത് ഞാൻ കാണാറുണ്ടായിരുന്നു. ഒരിക്കൽ പോലും ഞാൻ നിന്നെ വീടിനു പുറത്ത് കണ്ടില്ല.എൻ്റെ ജീവിതം പൂർണമായും നിന്നെ ചുറ്റിയായി. ചുരുണ്ട് നീണ്ട മുടി മാടിയൊതുക്കുമ്പോൾ നിൻ്റെ ചുണ്ടിൽ മൂളിപ്പാട്ട് വിടരുന്നത് ഞാൻ കണ്ടു. അലസമായി ചുറ്റിയ സാരിയിൽ നിൻ്റെ സൗന്ദര്യം പതിൻമടങ്ങായി.വെളുത്തു മെലിഞ്ഞ ആ കൈവിരലുകളിൽ ചുംബിക്കാൻ ഞാൻ കാത്തിരുന്നു. അങ്ങനെയിരിക്കെയാണ് ഒരിക്കൽ ഗംഗുറാം എന്നോട് പറഞ്ഞത്.
” ദേവ് ബാബൂ.. ആ ഹവേലിയെ ചുറ്റിപ്പറ്റി നടക്കാതെ കുറച്ചു കാശ് ഉണ്ടാക്കൂ. ഞാൻ കൊണ്ടു പോകാം അവിടേക്ക്. നിങ്ങൾക്ക് ഇഷ്ടമുള്ള ആളെ തിരഞ്ഞെടുക്കാം. എല്ലാവരും ഒന്നിനൊന്ന് മെച്ചം .നല്ലൊരു തുക കരുതി വെച്ചോളൂ”. പരിഹാസച്ചിരിയോടെ പറഞ്ഞു തീർത്ത ഗംഗുറാം എൻ്റെ പകലിനെ ഇരുളിൽ മുക്കി തെരുവിലെ തിരക്കിൽ അലിഞ്ഞു ചേർന്നു…