മടുത്തു!
ഒരേ ദിനചര്യകൾ.
കയറിൽ കെട്ടിയിട്ട പശു ഒരേ സ്ഥലത്ത് വട്ടം കറങ്ങുന്നത് പോലെ ഇനി വയ്യ.
“എല്ലാവരും ഇനി ജോലികളൊക്കെ തനിയെ ചെയ്തു കൊള്ളണം. എനിക്ക് ഒരിടം വരെ പോകാനുണ്ട്”.
കയറ് പൊട്ടിച്ച പശു സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
ആവോളം ശുദ്ധവായു നുകർന്ന് മുന്നോട്ടോടിയ പശു പക്ഷെ പകുതിയിൽ നിന്നു.
‘കുഞ്ഞിന് കുറുക്ക് കൊടുത്തു കാണുമോ?’
‘മൂത്ത കുഞ്ഞിന് ഏത്തപ്പഴം കൊടുത്തപ്പോൾ നാര് നീക്കിക്കാണുമോ?’
‘അദ്ദേഹം എന്തെങ്കിലും കഴിച്ചു കാണുമോ?’
‘അമ്മയ്ക്കും അച്ഛനുമുള്ള ഭക്ഷണം ഉപ്പ് കുറച്ച് എടുത്തു കാണുമോ?’
ചിന്തകൾ ശ്വാസം മുട്ടിച്ച പശു കയറിൻ്റെ അറ്റം തിരക്കി തിരികെ ഓടി.