ഇന്നിനി പെയ്യരുതേയെന്ന്….
ഞാനെത്രമേൽ നേർന്നതാണ്.
ഇന്നിതെത്രാമത്തെ തവണയാണ്
ജനലിനും വാതിലിനും ഞാൻ കൊളുത്തിടുന്നത്…
ഇന്നലെയുംകൂടെ തട്ടിൻപുറത്തേക്കെറിഞ്ഞ വിചാരങ്ങളാണ് ഇന്നും പാൽപ്പാത്രത്തിൽ പറ്റിക്കിടന്നു കരിഞ്ഞത്….
പുകച്ചുരുളിലേക്ക് ഞാനെത്തി നോക്കി
അവനവിടെ നിന്നുപരുങ്ങുന്നുണ്ട്.
ഇനിയൊരിക്കലും വരില്ലെന്ന്…
കഴിഞ്ഞ മീനച്ചൂടിലെന്നെ ഇട്ടേച്ചുപോയവനാണ്. കിനാവിൽമാത്രം രാവിനു കൂട്ടിരുന്നാൽമതിയെന്ന്
പലവട്ടം ഓർമ്മപ്പെടുത്തിയതാണ്…
ഇനിയവനെ ഇപ്പടി കയറ്റരുതെന്ന് അനലിൽവെന്ത മിഴികളെ
രണ്ടും ഞാൻ വിലക്കിയതാണ്.
തുറന്നിട്ട ടാപ്പിനടിയിൽ ഏറെനേരം
ഞാനവനെ ഞെക്കിപ്പിഴിഞ്ഞെറിഞ്ഞു.
ഓർമ്മകളെ വലിച്ചെറിയുകയെന്നാൽ….
പിന്നെയും ചുളിവു നിവർത്തി മിനുക്കിയെടുക്കുകയെന്നാണ്…!
മറക്കുകയെന്നാൽ പകലിലും
കിനാക്കളിൽ മുങ്ങുകയെന്നാണ്….
°°°°°°°°°°°°°°°°°°°°°°°°°°°°°°°
©Hafsath KT
