ബാറിലെ ഇരുണ്ട വെളിച്ചത്തിൽ കൂട്ടുകാരുമൊത്ത് നുരയുന്ന ലഹരി പതിയെ നുണയുമ്പോഴാണ് അയാളുടെ ഫോൺ അടിച്ചത്.
വൈഫ് കാളിങ്… കട്ട് ചെയ്ത് ഫോൺ പോക്കറ്റിലിട്ടു. വീണ്ടും ഫോൺ റിങ് ചെയ്യാൻ തുടങ്ങി.
നാശം രണ്ടെണ്ണം വീശാനും സമ്മതിക്കില്ല.
ഫോൺ എടുക്കടോ എന്തെങ്കിലും അത്യാവശ്യം കാണും.
ഫോൺ സ്വിച്ച് ഓഫ് ചെയ്തു കൊണ്ട് പോക്കറ്റിലേക്കിട്ടു.
ഒന്നുമില്ലടാ കുറെ പരിഭവങ്ങൾ ഉണ്ടാവും. മക്കളെ കുറിച്ചും അമ്മ അതു പറഞ്ഞു ഇതു പറഞ്ഞു. പിന്നെ ഞാൻ വൈകുന്നതിന്റെ വീട്ടിലെ പലചരക്ക്, പച്ചക്കറി, പാൽ അങ്ങനെ നീളും… എന്നും കേൾക്കുന്ന പരിഭവങ്ങൾ തന്നെ അതല്ലാതെ അവർക്കൊന്നും പറയാനില്ലല്ലോ.
അതും പറഞ്ഞയാൾ മുന്നിലെ കുപ്പിയിൽ നിന്നും ഗ്ലാസ്സിലേക്ക് മദ്യത്തെ സ്നേഹത്തോടെ ഒഴിച്ച് ഗ്ലാസ്സിൽ ഒരു ചുംബനം നൽകി കൊണ്ട് പതിയെ ആസ്വദിച്ച് കുടിച്ചു. നേരം ഒരുപാട് വൈകിയപ്പോഴാണ് വീട്ടിലെക്ക് മടങ്ങിയത്. വീടെത്തുമ്പോഴേ കണ്ടു കൂടി നിൽക്കുന്ന ആൾക്കൂട്ടം. തന്നെ കണ്ട് ഓടി വന്ന ബന്ധുവാണ് ഇനി പരിഭവങ്ങൾ പറയാൻ അവളില്ലെന്ന് പതിയെ പരിഭവത്തോടെ പറഞ്ഞത്.