ചില ചോദ്യങ്ങളുയരും മനസ്സിൽ,
ചോദിക്കാനുള്ള അർഹത ചോദ്യചിഹ്നമാവും,
നിസംഗതയുടെ പുതപ്പിലേക്ക് നൂണിറങ്ങുമ്പോഴും
അകതാരിൽ പ്രതിദ്ധ്വനിക്കും ആയിരം ചോദ്യമുനകൾ..
അകലുന്ന ബന്ധത്തിന്റെ കണ്ണികൾ വിളക്കിച്ചേർക്കാനാവാതെ,
നിസ്സഹായതയുടെ നീരൊഴുക്കിൽ
ന്യായങ്ങളുടെ ചുവടുപിടിക്കും..
കഴിഞ്ഞുപോയനാളുകൾ ഓർമ്മയുടെ താളുകളിലെ സുവർണ്ണാക്ഷരങ്ങളാവുമ്പോൾ,
മറവിയിലും മാറ്റുകുറയാതെ മനതാരിൽ തെളിയുമ്പോൾ,
അശ്രുകണങ്ങളുടെ പെയ്തൊഴിയലുകളിൽ
നെടുവീർപ്പിന്റെ ചുടുകാറ്റ് വീശുന്നു..
തെറ്റും ശരിയും സമരമുഖം തേടുമ്പോൾ,
സ്മൃതി-വിസ്മൃതികളിൽ ക്ഷമിച്ചും പൊറുത്തും
പുഞ്ചിരിയുടെ വിദൂഷകവേഷമണിയുമ്പോൾ
അശാന്തിയുടെ വിത്തുകൾ ഉള്ളിന്റെയുള്ളിൽ കൊടുങ്കാറ്റ് വിതയ്ക്കുന്നു..
രഹസ്യങ്ങൾ ചൂണ്ടുവിരലാവുമ്പോൾ
തോൽവിയുടെ മാളങ്ങളിലേക്ക് പതുങ്ങുന്നു,
കണ്ണടയ്ക്കുമ്പോൾ നിറയുന്ന ഇരുളിനെ
നിജമെന്ന ചിന്തയിൽ സ്വായത്തമാക്കുന്നു..
അടവുകൾ മറന്നടർക്കളത്തിൽ
ആയുധം താഴെ വയ്ക്കുമ്പോൾ
ചിന്തിയചോരയിൽ പിടയുന്നതാത്മബന്ധങ്ങളാണെന്നതു
ധർമ്മയുദ്ധത്തിന്റെ അധർമ്മപര്യവസായിയാകുന്നു..
****നിഷിബ എം നിഷി ****