നടന്നു നടന്ന്, ഞായറാഴ്ചച്ചന്തയിലെത്തിയപ്പോൾ
അവിടെയെങ്ങും വിൽക്കാൻ നിരത്തിവെച്ചിരിക്കുന്നത്
തലച്ചോറുകളായിരുന്നു. മനുഷ്യത്തലച്ചോറുകൾ..!
പല തരത്തിൽപെട്ടവ,
പല രൂപത്തിൽപ്പെട്ടവ,
പല വലിപ്പത്തിൽപ്പെട്ടവ.
പല വിലയിട്ടവ, പല പേരിട്ടവ.
അമ്പലമെന്നും, പള്ളിയെന്നും..
പിന്നെ, പല പല ദേവാലയങ്ങളെന്നും
ബോർഡ് വെച്ചു വേർതിരിച്ചവ.
ഓരോന്നിനു മുന്നിലുമുണ്ട്
ഓരോ കൂമ്പാരങ്ങൾ.
എണ്ണിയാലൊടുങ്ങാത്തത്ര
തലച്ചോർ കൂമ്പാരങ്ങൾ.
തലച്ചോർ, വെളിയിൽ ഊരി വെച്ചാലത്രേ, അതിനുള്ളിലേക്ക് പ്രവേശനമുള്ളൂ..
ഉടമസ്ഥർക്ക് ആവശ്യമില്ലാത്തത്,
നല്ല വില കൊടുത്ത് വേണമെങ്കിൽ ആവശ്യക്കാർക്ക് സ്വന്തമാക്കാം!!
പക്ഷെ, ആവശ്യക്കാരേതുമില്ലാതെ,
വിറങ്ങലിച്ച മനുഷ്യ മസ്തിഷ്കങ്ങൾ..
ഹാ.. മുഴുവനായും പുഴുവരിച്ചു!!
നിമ.