“എത്രനേരമായി ഞാൻ കാക്കുന്നു, ഇനിയും തീർന്നില്ലേ ഒരുക്കം? ഞാൻ ഇറങ്ങുന്നു! നീ വല്ല ഓട്ടോയും പിടിച്ചു വാ.”
രാജേഷ് കാറെടുത്ത് പോവുന്ന ശബ്ദം കേട്ടാണ് നീലിമ ഓടിയെത്തിയത്. സാരി തേച്ചു വന്നപ്പോൾ വൈകിപ്പോയി. ഇനിയെന്തു ചെയ്യും?
“ഓട്ടോയും പിടിച്ചു പോവാനാണെങ്കിൽ അങ്ങു തനിച്ചു പോയാൽ പോരായിരുന്നോ. ഇത്രയും ബുദ്ധിമുട്ടി ഒരുങ്ങേണ്ട കാര്യമില്ലായിരുന്നല്ലോ.”
ഇത്രയും പറഞ്ഞു ബാഗുമെടുത്ത് പുറത്തിറങ്ങിയ നീലിമ അകന്നു പോവുന്ന കാർ കണ്ടു ഒരു നിമിഷം തരിച്ചു നിന്നു. ഫോണെടുത്തു വിളിക്കാനാഞ്ഞെങ്കിലും പിന്നീട് വേണ്ടെന്നു വെച്ചു. വരാന്തയിലെ സെറ്റിയിൽ ഒന്നു ചാഞ്ഞിരുന്നു ദീർഘശ്വാസമെടുത്തു. സമയം പത്തുമണിയോടടുക്കുന്നു. രാജേഷേട്ടന്റെ പെങ്ങളുടെ മകളുടെ ജന്മദിന ആഘോഷത്തിനാണീ പോക്ക്. അളിയന്മാർക്ക് ആഘോഷിക്കാനും അർമാദിക്കാനും പ്രത്യക്ഷത്തിൽ ഒരു കാരണം കിട്ടിയ സന്തോഷം.
എന്തായാലും വീണു കിട്ടിയ അവസരം ഉപയോഗപ്പെടുത്താൻ തന്നെ നീലിമ തീരുമാനിച്ചു. ബാഗിൽ പൈസ എടുത്തുവച്ചുവെന്ന് ഉറപ്പുവരുത്തി, നിരത്തിലൂടെ ബസ്സ്റ്റോപ്പിലേക്ക് നടന്നു. ടൗണിലേക്കുള്ള ബസ്സിൽ കയറി സൈഡ് സീറ്റിൽ ഇരുപ്പറപ്പിച്ചു. പിന്നിലേക്കു മറയുന്ന വഴിയോരക്കാഴ്ച്ചകളുടെയോളത്തിൽ ഓർമ്മ തൻ തുഞ്ചത്തൂയലാടി ആ യാത്ര മതിവരുവോളം ആസ്വദിച്ചു. ടൗണിലിറങ്ങി കൂൾബാറിൽ കയറി ഇഷ്ടഫ്ലേവർ ഐസ്ക്രീം കഴിച്ചു.
വെയിലിനു കട്ടിയേറുന്നുണ്ടെങ്കിലും നടപ്പാതയിലൂടെ അലസം നടന്ന് കടൽപ്പാലത്തിനരികിൽ തണൽവൃക്ഷച്ചുവട്ടിൽ കടലിനെ മാത്രം ശ്രവിച്ചു ഇത്തിരിനേരം ഇരുന്നു. ശല്യമായുയർന്ന ഫോൺറിംഗിനെ സൈലന്റ് മോഡിലാക്കി. പതിയെ എഴുന്നേറ്റ് കുറച്ചു പലഹാരങ്ങളും ഒരു സാരിയും വാങ്ങി തന്റെ വീട്ടിലേക്ക്, അമ്മയുടെ അടുത്തേക്ക് പോവാൻ ബസ്സ് കയറി. പഴയകാല സിനിമാഗാനങ്ങളുടെ അകമ്പടിയോടെ യാത്രയുടെ സുഖം ആസ്വദിച്ചു യാത്ര തുടർന്നു.
ബസ്സിറങ്ങി നടക്കുമ്പോൾ പരിചിത മുഖങ്ങളോട് ചിരിച്ചും കുശലം പറഞ്ഞും വീട്ടിലെത്തി അമ്മയെ കെട്ടിപ്പിടിച്ചു പലഹാരപ്പൊതികളും സാരിയും നൽകി, മൂർദ്ധാവിലെ കണ്ണീർ മുത്തത്തിലലിഞ്ഞ്, ഉരുളച്ചോറിന്റെ സ്നേഹരുചിയാസ്വദിച്ച് മടങ്ങുമ്പോൾ മനസ്സു നിറഞ്ഞ സംതൃപ്തിയുടെ നിറവിൽ നീലിമയുടെ മുഖം പ്രകാശിച്ചിരുന്നു. വരാൻ പോകുന്ന ഭൂകമ്പത്തെ പുഞ്ചിരിയോടെ നേരിടാൻ പ്രാപ്തയായിരുന്നവൾ.
★★★നിഷിബ എം നിഷി★★★
3 Comments
❤️❤️
അല്ല പിന്നെ.. 👍
സ്നേഹം 😍