2023 വർഷം പടിയിറങ്ങാൻ ഏതാനും ദിവസങ്ങൾ മാത്രമാണല്ലോ ബാക്കിയുള്ളത്. തിരിഞ്ഞൊന്നു നോക്കുമ്പോൾ വ്യക്തിപരമായി ഞാനേറെ കാതം താണ്ടിയ ഒരു വർഷമാണിത്. ഉണർന്നിരുന്ന് കണ്ടിരുന്ന നൂറായിരം സ്വപ്നങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട കിനാവുകൾ സാക്ഷാത്കരിച്ച വർഷം !
ഒരു പാട് പുസ്തകങ്ങൾ വായിക്കാൻ ഇഷ്ടപ്പെട്ട എന്റെ സ്വന്തം പേരിലും ഒരു പുസ്തകം അച്ചടിച്ചു വന്ന വർഷം. എഴുത്തുകാരി എന്ന ലേബൽ ഔദ്യോഗികമായി പതിച്ചു കിട്ടിയ കൊല്ലം !
എന്റെ ഏറ്റവും വലിയ കനവുകളിൽ ഒന്നായ മക്കാ തീർത്ഥാടനം യാഥാർത്ഥ്യമായ വർഷം. അള്ളാഹുവിന്റെ പുണ്യ ഗേഹത്തിൽ കഅബാലയത്തിനു മുന്നിൽ നിന്ന് പ്രാർത്ഥിക്കാൻ സാധ്യമായത്, ആ കിസ്വയിൽ തൊടാനായത് വിശ്വാസിയായ എനിക്ക് ഒരിക്കലും മറക്കാനാവാത്ത ഒരനുഭവം തന്നെയാണ്.
ഏറെ കാലമായി കൊതിച്ചിരുന്ന ദൽഹി – കാശ്മീർ യാത്രയും ബക്കറ്റ് ലിസ്റ്റിൽ നിന്നും കുതിച്ചുയർന്ന് ഏറെയേറെ മനോഹരമായ ഒരു അനുഭവമായി ഹൃദയത്തിനകത്ത് കുടിയേറി.
ഇന്നുവരെ ലഭിച്ച എല്ലാ സൗഭാഗ്യങ്ങൾക്കും സർവ്വശക്തനായ നാഥന് നന്ദി പറയുന്നു. വരും വർഷങ്ങളിൽ ഒരു നല്ല മനുഷ്യത്തിയായി ജീവിക്കാൻ കഴിയണേന്നുള്ളതാണ് ഏറ്റവും വലിയ പ്രാർത്ഥന.