ആഘോഷങ്ങൾ ഏതായാലും അതിന്റെ തലേന്നുള്ള ഒരുക്കവും തയ്യാറെടുപ്പുമാണ് അതിന്റെ മാറ്റുകൂട്ടുന്നത്.
പണ്ടുകാലത്ത് കല്യാണത്തലേന്നുകളായിരുന്നു കല്യാണ ദിനത്തേക്കാൾ ആഘോഷിക്കപ്പെട്ടിരുന്നത്. ഇന്നത്തെപ്പോലെ ഇവന്റ്മാനേജ്മെന്റും കാറ്ററിങ് സർവീസുകളും ഇല്ലാത്തകാലം. മുളയും മുടഞ്ഞെടുത്ത ഓലയുംകൊണ്ട് പണിതപന്തൽ വാഴക്കുലയും കുരുത്തോലയും വർണക്കടലാസുകൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ടാകും, അയൽവാസി ചേച്ചിമാരുടെ സാരികൾകൊണ്ടാണ് പന്തൽചുറ്റും മറക്കുന്നത്. പന്തൽകെട്ടൽതന്നെ ഒരുത്സവമായിരുന്നു നാട്ടുകാരും അയൽവാസികളും ചേർന്നു നടത്തുന്ന ഉത്സവം.
അടുത്തരസം പണ്ടാരിപ്പണിയിലാണ്. നാട്ടിലുള്ള അമ്മിയും ചിരവയും മുഴുവൻ കല്യാണത്തലേന്ന് കല്യാണവീട്ടിലുണ്ടാകും. നിരനിരയായിരുന്ന് തേങ്ങചിരവിയെടുക്കുന്ന ആണുങ്ങളും പെണ്ണുങ്ങളും. ശേഷം തേങ്ങ നീട്ടിയരക്കുന്ന പെണ്ണുങ്ങളുടെ കലാവിരുത് എത്രവർണ്ണിച്ചാലും തീരുന്നതല്ല അത്രയും ഐക്യമായാണവർ ആ അരക്കല് കർമ്മം നിർവഹിക്കുന്നത്. പായസത്തിനുള്ള തേങ്ങാപ്പാൽ പിഴിഞ്ഞെടുക്കുന്നമുതൽ സദ്യവിളമ്പാനുള്ള ഇലവരേ മുറിച്ചുതുടച്ചു വെക്കുന്നത് അയൽവാസികളൊന്നിച്ചു കല്യാണത്തലേന്നു തന്നെ.
അക്കാലത്ത് പന്തൽപണിമുതൽ താലികെട്ടുവരേയുള്ള ചടങ്ങുകളുടെ നടത്തിപ്പിന്റെ ഉത്തരവാദിത്തവും അവകാശവും അയൽവാസികൾ തങ്ങളുടെ കടമകളാണെന്ന് കരുതി ആകോഷിക്കുമായിരുന്നു. പരസ്പരമുള്ള സ്നേഹബന്ധങ്ങൾ ഊട്ടിയുറപ്പിക്കാൻ ഇത്തരം ആഘോഷങ്ങളുടെ തലേന്നുള്ള ഒത്തുചേരൽ ഏറെ സഹായകമായിരുന്നു.
റംസീന നാസർ